ജൂലൈ 10, ഉറൂബ് സ്മൃതിദിനം
തയ്യാറാക്കിയത്: വി മനോമോഹനന്‍ മാസ്റ്റര്‍
മലയാളത്തിനു
ലഭിച്ച വരദാനം എന്നു വിശേഷിപ്പിക്കാവുന്ന ഉറൂബിന്റെ ഓർമദിനമാണിന്ന്. 1915
ജൂൺ 8 ന് പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തിൽ ജനിച്ച
പി.സി.കുട്ടികൃഷ്ണർ എന്ന ഉറൂബ് ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം വിവിധ ജോലികൾ ചെയ്തു. ഏറ്റവുമൊടുവിൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പത്രാധിപരായി ചേർന്നു. 1979 ജൂലായ് 10 ന് അന്തരിച്ചു. ഉറൂബ് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനാവുന്നതു ഉമ്മാച്ചുവും സുന്ദരികളും സുന്ദരന്മാരും പ്രസിദ്ധീകരിച്ചുതു തുടങ്ങിയതോടെയാണ്. ഉമ്മാച്ചുവിലെ മായനേയും ബീരാനേയും ഉമ്മാച്ചുവിനേയും മറക്കാൻ വായനക്കാരനു സാധിക്കുകയില്ല. ധർമ്മസങ്കടങ്ങളുടെ കഥയാണ് ഉമ്മാച്ചു. ഭർത്താവിനെ കൊന്ന പൂർവകാമുകനെ വേൾക്കേണ്ടിവന്ന കഥാനായിക നമ്മിൽ സൃഷ്ടിക്കുന്നത് സമ്മിശ്ര വികാരങ്ങളാണ്. അഭിനവകുന്തി എന്നു പോലും ഈനായികയെ വിശേഷിപ്പിക്കാം. ഉറൂബിന്റെ ഏറ്റവും പ്രശസ്തമായ നോവൽ, മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നു, സംശയമില്ല സുന്ദരികളും സുന്ദരൻമാരും തന്നെ. പ്രസാദാത്മകമാണ് ഉറൂബിന്റെ കഥാലോകം. നല്ലവരുടെ ലോകം . സ്നേഹം എവിടെയുണ്ടോ അവിടെ സൗന്ദര്യവുമുണ്ട് എന്ന ദർശനം ഈ നോവൽ സാർഥകമാക്കുന്നു. അനുപമായ സ്നേഹസ്പർശനം കൊണ്ടു പ്രമേയത്തെയും ഭാഷയേയും പ്രസന്ന മധുരമാക്കിയിരിക്കുന്നു. ഈ നോവലിലെ കഥാപാത്രങ്ങൾ നന്മയുടെ പ്രകാശഗോപുരങ്ങളാണ്. മനുഷ്യവംശത്തിലെ എല്ലാ സുന്ദരൻമാർക്കും സുന്ദരികൾക്കുമാണു ഉറൂബ് നോവൽ സമർപ്പിക്കുന്നത്. ഇടശ്ശേരിയുടെ പ്രസിദ്ധ കവിതാശകലം നോവലിന്റെ തുടക്കത്തിൽ ചേർത്തിട്ടുണ്ട്.
" മർത്യൻ സുന്ദരനാണ് കാരണ, മുയിർ -
ക്കൊള്ളും വികാരങ്ങൾ തൻ
നൃത്യത്തിനു മുതിർക്കുവാൻ സ്വയമണി -
ഞ്ഞിട്ടോര ര ങ്ങാണവൻ,
അത്യന്തം കമനീയമേ മഹിതമാ-
യാലും മറിച്ചാകിലും
തത്ഭാ ങ്ങ ള പൂർണമാണളവുകോ-
ലെന്നുള്ള കാലം വരെ."
വി മനോമോഹനന്‍ മാസ്റ്റര്‍ |
ഇതിന്റെ ആശയം ഇങ്ങനെ വിശദമാക്കാമെന്നു തോന്നുന്നു. ലോകത്തിലെ ഏറ്റവും പൂർണ മനുഷ്യനെ അന്വേഷിച്ചു നടന്ന യാത്രയിലാണ് വാല്മീകി ശ്രീരാമനെ കാണുന്നത്. ആ ശ്രീരാമനിൽ പോലും അപൂർണതയുണ്ടെന്നു പലരും പിൽക്കാലത്തു നിരീക്ഷിച്ചിട്ടുണ്ട്. കുട്ടിക്കൃഷ്ണമാരാർ തന്റെ രാജാങ്കണം എന്ന കൃതിയിലെ വാല്മീകിയും രാമനും എന്ന ലേഖനത്തിൽ ഈ കാര്യം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഈ അപൂർണതയാണു ഉറൂബ് തന്റെ കൃതികളിലെല്ലാം പരിശോധനാ വിധേയമാക്കിയിരിക്കുന്നത്. അപൂർണത മാനദണ്ഡമാക്കുമ്പോൾ ഓരോ വ്യക്തിയിലും സൗന്ദര്യവും വൈരൂപ്യവും ഉണ്ടാവുക സാധാരണമാണ്. ആ നിലയിൽ ഉറൂബ് എല്ലാവരിലും സൗന്ദര്യം കാണുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മർത്യതയെ പ്രേമിക്കുന്ന ഈ എഴുത്തുകാരൻ കുറെ കൂടി വലിയ കേൻവാസിൽ വരയ്ക്കുന്ന ഇത്തരം സ്ത്രീ പുരുഷ ചിത്രങ്ങൾ ആസ്വാദക ഹൃദയങ്ങളിൽസൗമ്യ
പ്രകാശവും ആർദ്രതയുമുണ്ടാക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട ഈ കഥാകാരന് ശതകോടി പ്രണാമം
No comments:
Post a Comment