എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

സ്മരണപര്‍വ്വം - വി മനോമോഹനന്‍ മാസ്റ്റര്‍

മലയാളത്തിലെ എഴുത്തുകാരേയും മറ്റ് പ്രഗത്ഭ വ്യക്തികളേയും കുറിച്ച് അവരുടെ സ്മൃതി ദിനത്തില്‍    ശ്രീ. വി മനോമോഹനന്‍ മാസ്റ്റര്‍ എഴുതുന്നു...

സ്മരണ പർവം: 26

മാധവിക്കുട്ടി. ഓർമദിനം മെയ് 31.

             മലയാള സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ എന്നു വിശേഷിപ്പിക്കുന്ന, ഇന്ത്യയിലും വിദേശത്തും ഒരു പോലെ ആദരിക്കപ്പെടുന്ന ,അപൂർവവും സ്നേഹ മധുരവുമായ വ്യക്തിത്വത്തിനുടമയുമായ മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ ചരമ ദിനം ഇന്നാണ്തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലാപ്പാട്ടു വീട്ടിൽ 1932 മാർച്ച്31-നാണു മാധവിക്കുട്ടി ജനിച്ചത്. അമ്മ അതിപ്രശസ്ത കവയിത്രിയായ എൻ ബാലാമണിയമ്മ. അച്ഛൻ മാതൃഭൂമി മാനേജിങ്ങ് ഡയരക്ടറായിരുന്ന വി. എം. നായർ. പ്രശസ്ത സാഹിത്യകാരനായ നാലാപ്പാട്ട് നാരായണ മേനോൻ മാധവിക്കുട്ടിയുടെ അമ്മാവനാണ്. സാഹിത്യ കുടുംബത്തിൽ ജനിച്ച മാധവിക്കുട്ടി എഴുത്തുകാരിയായി പരിണമിച്ചതു സ്വാഭാവികം മാത്രം. പുന്നയൂർക്കുളത്തും കൊൽക്കത്തയിലുമായിരുന്നു ബാല്യകാല ജീവിതം .കൊൽക്കത്ത സെന്റ് സി സിസിലിയാസ് യൂറോപ്യൻ സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. പുന്നയൂർക്കുളത്തെ പ്രൈമറി സ്കൂളിലും തൃശൂരിലെ സെൻറ് ജോസഫ് ലാറ്റിൻ കോൺവെൻറ്സ് സ്കൂളിലും തുടർപഠനം. കൊൽക്കത്തയിലെ സെന്റ് ജോസഫ്ഡയോസീസ്യൻ കോൺവെന്റിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കി. ബാല്യകാലം തൊട്ടെനൃത്ത- സംഗീത കലകളിൽ താല്പര്യം പ്രദർശിപ്പിച്ചിരുന്നു .സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യ ലോകത്തും പ്രവേശിച്ചിരുന്നു. മാധവിക്കുട്ടി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണു ആദ്യകഥ രചിച്ചത്. പതിനേഴാം വയസ്സിൽ വിവാഹിതയായി. ഭർത്താവ് മാധവദാസ്. മക്കൾ എം. ഡി. നാലപ്പാട്ട്, ചിന്നൻദാസ്, ജയസൂര്യമലയാളത്തിന്റെ അഭിമാനമായ ഈ പ്രശസ്ത എഴുത്തുകാരി 2009 മെയ് 31-ന് അന്തരിച്ചു. വിവാഹ ജീവിതമാരംഭിച്ചതോടെ മാധവിക്കുട്ടി തന്റെ സാഹിത്യ ജീവിതവും തുടങ്ങി. .ആദ്യ കഥാ സമഹാരമായ മതിലുകൾ 1955-ൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിൽ കമലാദാസ് എന്ന പേരിലാണു കവിതകൾ രചിച്ചത്. ഇല്ലസ്ട്രേറ്റ് വീക്കിലിയിൽ പോയട്രി എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. മലയാള ചെറുകഥാ മേഖലയിൽ ഒരു നവ്യാനുഭൂതി പകർന്നു കൊണ്ടാണു മാധവിക്കുട്ടി ചെറുകഥകളുമായി പ്രത്യക്ഷപ്പെട്ടത്. മലയാള ഭാഷയുടെ സൗന്ദര്യവും ലാളിത്യവും ഈ കഥകളിലുട നീളം കാണാൻ സാധിക്കും. സങ്കല്പവും യാഥാർല്യവും തമ്മിലുള്ള പാരസ്പര്യമാണു ഇവരുടെ രചനാ രീതിയുടെ സവിശേഷത. മാത്യ സങ്കൽപം,പ്രേമം എന്നിവയൊക്കെ മാധവിക്കുട്ടിയുടെ കഥകളെ ആഹ്ലാദ മധുരമാക്കുന്നു. കമലാദാസിന്റെ കവിതകളെപ്പറ്റി കെ. അയ്യപ്പപ്പണിക്കർ ഇങ്ങനെ പറയുന്നു.'' വിങ്ങലിൽ, തിങ്ങലിൽ, തേങ്ങലിൽ, തോന്നലിൽ ആണു കവിത പിറക്കുന്നുതെങ്കിൽ വിങ്ങിയും തിങ്ങിയും തേങ്ങിയും തന്നെയാണു കമലാദാസ് എഴുതിയിരു ന്നത്". 1971-ൽ പ്രസിദ്ധീകരിച്ച എന്റെ കഥ എന്ന കൃതി ഒട്ടേറെ വിവാദങ്ങളും വിമർശനങ്ങളും വിളിച്ചു വരുത്തി. എന്റെ കഥ മാധവിക്കുട്ടിയുടെ ആത്മകഥയാണെന്നു വിശ്വസിക്കുന്നവരുണ്ട്. അല്ലെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഒരേ സമയം ആത്മകഥയും സ്വപ്ന സാഹിത്യവുമാണ് ഈ കൃതി. "സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ വ്യാഖ്യാനത്തിനു വേണ്ടിയുള്ള പരീക്ഷണം". എന്റെ കഥയെ ഇങ്ങനെ നിരീക്ഷിക്കാം. മാധവിക്കുട്ടി കമല സുരയ്യ എന്ന പേരു സ്വീകരിച്ചു മതം മാറിയതും ഒട്ടേറെ വിവാദങ്ങൾക്കു വഴിയൊരുക്കി. 1999 ഡിസംബർ 16- നായിരുന്നു ഈ മതം മാറ്റം. പിന്നീടു ജീവിതാന്ത്യംവരെ ഇവർ ഇസ്ലാം മതവിശ്വാസിയായി തുടരുകയും ചെയ്തു.250-ൽപ്പരം കഥകളും 150 ലേറെ കവിതകളും പതിനൊന്നു നോവലുകളും 150-ഓളം ലേഖനങ്ങളും രണ്ടു യാത്രാ വിവരണങ്ങളും നാടക - തിരക്കഥാ വിഭാഗത്തിൽപ്പെടുന്ന മൂന്നു കൃതികളും ആത്മകഥയും മാധവിക്കുട്ടി രചിച്ചിട്ടുണ്ട്.. മാധവിക്കുട്ടിയുടെ മുഴുവൻ രചനകളും രണ്ടു വാല്യമായി ഡി. സി .ബുക്സ്പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. രുഗ്മിണാക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി, മാനസി, ചന്ദന മരങ്ങൾ, ആട്ടുകട്ടിൽ, കെ.എൽ. മോഹനവർമയൊടൊപ്പമെഴുതിയ അമാവാസി തുടങ്ങിയവ പ്രധാന നോവലുകൾ . എന്റെ കഥ, വിഷാദം പൂക്കുന്ന മരങ്ങൾ, ബാല്യകാല സ്മരണകൾ, നീർമാതളം പൂത്ത കാലം, ഒറ്റയടിപ്പാത തുടങ്ങിയവയാണു മറ്റു പ്രധാന കൃതികൾ. കേന്ദ്ര- സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരം, ആശാൻ വേൾഡ് പ്രൈസ്, മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങി അനേകം ബഹുമതികൾ മാധവിക്കുട്ടിക്കു ലഭിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തു മാറിമാറി വരുന്ന ആസ്വാദന ശീലങ്ങളെയും അഭിരുചികളയും മറി കടന്നു മാധവിക്കുട്ടിയുടെ രചനകൾ നിത്യ നൂതനങ്ങളായിത്തന്നെ നിലനില്ക്കും. മലയാളത്തിന്റെ നിത്യവിസ്മയമായ മാധവിക്കുട്ടിയുടെ ഓർമകൾ നമ്മി എന്നെന്നും ജ്വലിച്ചു കൊണ്ടേയിരിക്കും..
 


സ്മരണ പർവം 25

പി. കുഞ്ഞിരാമൻ നായർ.ഓർമദിനം.

മെയ് 27

 
കേരളത്തിന്റെ സൗന്ദര്യം അപ്പാടെ കവിതകളിൽ ആവാഹിച്ചെടുത്ത, കേരളത്തിന്റെ പെരുമ വളർത്തിയ, പി എന്ന ഏകാക്ഷരത്തിൽ മലയാളമെങ്ങും കേൾവികേട്ട, മലയാളത്തിന്റെ നിത്യവിസ്മയമായ, പി കുഞ്ഞിരാമൻ നായരുടെ ചരമദിനം ഇന്നാണ്.

  കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള പനയന്തട്ട തറവാട്ടു വക പടിഞ്ഞാറ്റേ കരപുറവങ്കര അടിയോടി വീട്ടിൽ 1906 ഒക്ടോബർ 25 നു പി. ജനിച്ചു. അച്ഛൻ വെള്ളിക്കോത്ത് കുഞ്ഞമ്പു നായർ. അമ്മ കുഞ്ഞമ്മ അമ്മ. സംസ്കൃതപണ്ഡിതനായ അച്ഛനും കവിതാ താല്പര്യമുള്ള അമ്മയും പി.യിൽ സർഗാത്മകത വളർത്താൻ ഏറെ സഹായിച്ചു. വെള്ളിക്കോത്തു ഗ്രാൻറ്സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. സംസ്കൃതവും ഇദ്ദേഹം അഭ്യസിച്ചു. പട്ടാമ്പിയിലെ പുന്നശ്ശേരി ഗുരുകുലത്തിൽ നിന്നു സംസ്കൃതത്തിൽ കൂടുതൽ അറിവു നേടി. പഠിത്തത്തോടൊപ്പം തന്നെ കവിതകളും എഴുതാൻ ആരംഭിച്ചു. നിളാ നദിയുമായുള്ള ഒരാത്മബന്ധം ഇക്കാലത്തു തന്നെ കുഞ്ഞിരാമൻ നായരിൽ ഉടലെടുത്തിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷംപത്രപ്രവർത്തനത്തിലുംഅധ്യാപനത്തിലുംജീവിതമാരംഭിച്ച. കുഞ്ഞുലക്ഷ്മി, കാർത്ത്യായനി അമ്മ എന്ന രണ്ടു ഭാര്യമാർ. കുട്ടികളുടെ കവി മാഷും കവിതയുടെ കളിയച്ഛനും 'കാലത്തിന്റെ കാവ്യ പ്രവാചകനുമായ 'മഹാകവി പി കുഞ്ഞിരാമൻനായർ 1978 മെയ് 27നു നിര്യാതനായി. പി യുടെ എഴുത്തിന്റെ വഴിയിൽ കുറ്റിപ്പുറത്തു കേശവൻനായരും മഹാകവി വള്ളത്തോളും മാർഗദർശികളായിരുന്നു. തൃശൂർജില്ലയിലെ ഭാരതീയ വിലാസം പ്രസ്സിൽ കുറച്ചുകാലം ജോലി ചെയ്ത. പി പിന്നീടു കണ്ണൂരിലെത്തി നവജീവൻ പത്രം തുടങ്ങി.

  സ്വാതന്ത്ര്യ സമര കാലമായതുകൊണ്ടു ദേശീയബോധം ഉണർത്തുന്ന ധാരാളം ലേഖനനങ്ങളും ഇതിൽ ഇദ്ദേഹം എഴുതിയിരുന്നു.കുടുംബ ജീവിതത്തിൽ വളരെ വിമുഖത കാണിച്ചിരുന്ന കവി ദേശാടനപ്പക്ഷിയെപ്പോലെ പലസ്ഥലങ്ങളിലായിചുറ്റിത്തിരിഞ്ഞു. തൃശൂരിൽ ജീവിച്ച കാലത്ത് ഭക്തിരസപ്രധനങ്ങളായ ഒട്ടേറെ കവിതകൾ രചിക്കുകയുണ്ടായി.പാലക്കാടിലെ ശബരി ആശ്രമം സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പി. പിന്നീടു കൂടാളി ഹൈസ്കൂളിലാണ് എത്തിപ്പെട്ടത്. 12 വർഷം അദ്ദേഹം ഇവിടെ അധ്യാപകനായി ജോലി ചെയ്തു. കവിമാഷുമായി ബന്ധപ്പെട്ട അതിരസകരമായ അനുഭ ഇപ്പഴും ശിഷ്യന്മാർ പലവേദിയിൽവച്ചും പങ്കിടാറുണ്ട്. പിന്നീട് കൊല്ലങ്കോടു രാജാസ് ഹൈസ്കൂളിലാണു അധ്യാപകനായി ജോലി ചെയ്തത്. ഈ സ്കൂളിൽ നിന്നാണ് അദ്ദേഹം അധ്യാപക വൃത്തിയിൽ നിന്നു വിരമിച്ചതും

   പ്രകൃതിയെ ഇത്രമേൽ സ്നേഹിക്കുന്ന അദ്ദേഹം പ്രകൃതിയെ കളങ്കപ്പെടുത്തുന്നവർക്കു നേരെ ധാർമിക രോഷത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം മലനാടിന്റെ മുഗ്ന ലാവണ്യത്തിന്റെ ആവിഷ്കാരത്തിന് എന്നും മുൻഗണന നല്കായിരുന്നു. 51 കവിതകളാണു പ്രകൃതിയെക്കുറിച്ചു പി.രചിച്ചിട്ടുള്ളത്. ശരിക്കും പി ഒരു പ്രകൃതി ഉപാസകൻ തന്നെയായിരുന്നു.
    
  പി.യുടെ കുട്ടിക്കവിതകൾ അതിപ്രശസ്തമാണ്. ബാലമനസ്സുകളുടെ മനശ്ശാസ്ത്രം പഠിച്ച കവി തന്നെയായിരുന്നു പി. അമ്പതോളം ബാല കവിതകളാണു പി. രചിച്ചിട്ടുള്ളത്. പൂക്കളം എന്ന കവിത കുട്ടികൾ പലവട്ടം വായിച്ചാസ്വദിച്ചുകൊണ്ടിരിക്കുന്നു." വന്നൂ വന്നൂ പൊൻചിങ്ങം പുലരൊളി തിരളും പൊൻചിങ്ങം ,പുതു മലർ വിരിയും പൊൻചിങ്ങം, പുളകമുണർത്തും പൊൻചിങ്ങം!....ഓണപ്പൂവ് എന്ന കവിതയിലെ വരികളു അതീവഹൃദ്യംതന്നെ."മികവൊടുവിണ്ണണി മൈതാനത്തിൽ മുകിലുകൾ മേഞ്ഞു നടക്കുമ്പോൾ പൊൻമണിമലരിൻ കവിളിൽക്കാറ്റേ ഉമ്മ കൊടുക്കാൻ വന്നാലും...മൊഴിമുത്തുകൾ പോലെ ചിന്താ നിർഭരവും ഭാവനാത്മകവുമായ എത്രയോ കവിതാ ശകലങ്ങൾ പി. രചിച്ചിട്ടുണ്ട്.
"ലോകത്തെ നിന്റെതാക്കൊല്ല നീ ലോകത്തിന്റെയാവുക 
ആരോടുമൊന്നും വാങ്ങിക്കൊല്ലഏവർക്കും നീ കൊടുക്കുക "
"സ്നേഹിക്ക മർത്യനെ സ്നേഹിക്ക ശത്രുവെസ്നേഹിക്ക നമ്മൾ പിറന്ന ഭൂവേ ."

" തരിക്കില്ലമനം തെല്ലും പകയ്ക്കാരണഭൂമിയിൽ മരിക്കും ഞാൻ നിനക്കായി മംഗളാദർശദേവതേ ."
"കേരളമേ കേരളമേ കേരളമേകൂപ്പാം കേരളമേ ഭാരതത്തിൻ താരകമേകൂപ്പാം".പിയുടെ കൃതികൾ മലയാള സാഹിത്യത്തിന്ഒരുവരദാനംതന്നെയണ്

 51കവിതാസമാഹാരങ്ങൾ, 5ഖണ്ഡകാവ്യങ്ങൾ, 3പാട്ടുസമാഹാരങ്ങൾ, 5പ്രബന്ധസമാഹാരങ്ങൾ, 26 നാടകങ്ങൾ, 15 കഥകൾ, 6 ജീവചരിത്രങ്ങൾ, മൂന്നു ആത്മകഥകൾ. 113 കതികൾ പി.യുടെതായിട്ടുണ്ട്. കളിയച്ഛൻ, പൂക്കളം, ഓണസ്സദ്യ, താമരത്തോണി, സൗന്ദര്യ ദേവത, താമരത്തേൻ, രഥോത്സവം, വയൽക്കരയിൽ, ചിലമ്പൊലിതുടങ്ങിയവയാണു മുഖ്യ കാവ്യകൃതികൾ. പി.യുടെ ഗദ്യ കാവ്യ പരമ്പര മലയാളത്തിന്റെ വസന്തപ്പൂവനമാണെന്നു സഞ്ജയൻ പറഞ്ഞത് എത്ര വാസ്തവം.പി.യുടെ മൂന്നു ആത്മകഥ ളും നമ്മൾ പലവട്ടം വായിച്ചിരിക്കേണ്ടവതന്നെ. പി.യുടെ ഏറ്റവും പ്രശസ്ത കവിത, കളിയച്ഛൻ തന്നെ. ഇതു മലയാള കവിതയിലെ മഹാസംഭവമാണ്. ശക്തിസാന്ദര്യത്തിന്റെ മുഗ്ധ വസന്തവുമാണ്. 1959ൽകളിയച്ഛനു കേന്ദ്ര സാഹിത്യ അവാർ ഡും 1967-ൽ താമരത്തോണിക്കു കേരള
സാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ മറ്റനേകം പുരസ്കാരങ്ങളും പി.യെ തേടിയെത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യബോധത്തിന്റെ ഉണർത്തുപാട്ടുകാരനും, പ്രകൃതിയുടെ ആത്മവേദന അക്ഷരങ്ങളിലൂടെ ആവാഹിച്ചെടുത്ത നിത്യ ഗായകനും," മലയാള കവിതയെ കളഭച്ചാർത്തണിയിച്ച "കവി ശ്രേഷ്ഠനുമായ പി.കുഞ്ഞിരാമൻ നായരുടെ ചിരസ്മരണയക്കു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു.

 
സ്മരണ പർവം .. 24
ഡോ. ഹെർമൻ ഗുണ്ടർട്ട്.
സ്മൃതിദിനം... ഏപ്രിൽ 25.   
        മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും മഹത്തായ സംഭാവന നല്കിയ, ബഹുഭാഷാ പണ്ഡിതനായ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ചരമദിനം ഇന്ന് നാം ആചരിക്കുകയാണ്. ജർമനിയിലെ സ്റ്റ്യൂട്ട് ഗാർട്ട് എന്ന സ്ഥലത്തു 1814
ഫെബ്രവരി 4ന് ഗുണ്ടർട്ട് ജനിച്ചു. പിതാലുഡ്വിഗ് ഗുണ്ടർട്ട്. മാതാവ്ക്രിസ്റ്റ്യനെ എഡിലൻറ്. സ്റ്റ്യൂട്ട്ഗാർട്ടിലെ,ലത്തിൻ സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി.തുടർന്നു മൗൾഡ്രോണിലെ വിദ്യാലയത്തിലായിരുന്നു പഠനം.  ഇവിടുത്തെ വിദ്യാഭ്യാസാനന്തരം ന്യു ബിംഗൺ സർവകലാശാലയിൽ നിന്നു ബിരുദവും സ്വിറ്റ്സർലണ്ട് സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും സമ്പാദിച്ചു.1836 ജൂലായ് 8 ന് ഗുണ്ടർട്ട് മിഷനറി പ്രവർത്തനത്തിനായി കപ്പൽ മാർഗം ഇന്ത്യയിലെത്തി. കപ്പലിൽ വച്ചു തന്നെ ബംഗാളി, ഹിന്ദി, തെലുങ്കു ഭാഷകൾ ഗുണ്ടർട്ട് പഠിച്ചു. കുറച്ചു കാലം ചിറ്റൂരിലും പിന്നീട് തിരുനൽവേലിയിലും താമസിച്ചു.ഈ കാലയളവിൽ തമിഴും അഭ്യസിച്ചു. ക്രിസ്തുമത പ്രചരണത്തിനായി മംഗലാപുരത്തു സ്ഥാപിച്ച ബാസൽ മിഷനിൽ അംഗമായ ഗുണ്ടർട്ട് തലശ്ശേരിയിലെ ബാസൽ മിഷൻ ശാഖയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. തുടർന്നു തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ താമസമുറപ്പിക്കുകയും ചെയ്തു. തലശ്ശേരിയിലെ ഊരാച്ചേരി ഗുരുനാഥന്മാരുടെ കീഴിലാണു ഗുണ്ടർട്ട് മലയാളത്തിൽ പ്രാവീണ്യം നേടിയത്.ഇരുപതുവർഷത്തോളം ഇദ്ദേഹം ഇല്ലിക്കുന്നിൽ താമസിച്ചു. സ്വിറ്റ്സർലണ്ടുകാരിയായ ജൂലി ഡുബോയി സാണ് ഗുണ്ടർട്ടിന്റെ ഭാര്യ. സാഹിത്യ നോബൽ പുരസ്കാര ജേതാവ് ഹെർമൻ ഹെസ്സേഇദ്ദേഹത്തിന്റെ ചെറുമകനാണ്. 1893 ഏപ്രിൽ 25ന് ജർമനിയിലെ കാൽവ് നഗരത്തിൽ വച്ചു ഗുണ്ടർട്ട് നിര്യാതനായി. ഹെർമൻ ഗുണ്ടർട്ട് ഇല്ലിക്കുന്നിൽ താമസച്ച കാലത്താണ് മലയാള സാഹിത്യത്തിനു മുതൽകൂട്ടുന്ന ഒട്ടേറെ സംഭാവനകൾ നല്കിയ ത്. 1845-ൽ ഗുണ്ടർട്ട് ഒരു ലിത്തോ പ്രസ്[കല്ലച്ച് ] ഇല്ലിക്കുന്നിൽ സ്ഥാപിച്ചു. ക്രിസ്തുമത പ്രചരണത്തിനായി ധാരാളം ലഘുലേഖകൾ ഈ പ്രസ്സിൽ വച്ചാണ് അച്ചടിച്ചിരുന്നത്.സ്കൂൾ ഇൻസ്പക്ടറായും സേവനമനുഷ്ഠിച്ചിരുന്ന ഗുണ്ടർട്ട് വിദ്യാർഥികൾക്കു വേണി പാഠപുസ്തകങ്ങളും ഇവിടുന്നു തയ്യാറാക്കി. മലയാള പഞ്ചാംഗവും ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുണ്ടർട്ടിന്റെ ഏറ്റവും പ്രശസ്ത കൃതിയായ മലയാളം - ഇംഗ്ലിഷ് നിഘണ്ടു 1872-ലാണു പ്രസിദ്ധീകൃതമായത്.ഇതിൽ മലയാള വാക്കുകളുടെ അർഥം ഇംഗ്ലീഷിലും മലയാളത്തിലും കൊടുത്തിട്ടുണ്ട്. പദ നിഷ്പത്തിയും പ്രയോഗവും വിശദമാക്കുന്നുമുണ്ട്. 1849-ൽ ബഞ്ചബെയ്ലിയുടെ മലയാളം - ഇംഗ്ലീഷു നിഘണ്ടു പുറത്തു വന്നിരുന്നെങ്കിലും മലയാളത്തിൽ ശാസ്ത്രീയ രീതിയിൽ തയ്യാറാക്കിയ ആദ്യത്തെ നിഘണ്ടു ഗുണ്ടർട്ടിന്റെതു തന്നെയാണ്. കേരള ചരിത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ആദ്യ കൃതിയായ കേരളപ്പഴമയുടെ കർത്താവും ഗുണ്ടർട്ടു തന്നെ. 1860-ൽ തയ്യാറാക്കിയ മലയാള പാഠമാല മലയാളത്തിലെ ആദ്യത്തെ മാതൃകാ പാഠപുസ്തകങ്ങളാണ്. ക്രിസ്തു സഭാ ചരിത്രം, സുവിശേഷ സംഗ്രഹം, ക്രിസ്തീയ ഗാനങ്ങൾ, ലോക ചരിത്ര ശാസ്ത്രം, നളചരിതസാരം, സത്യവേദ സം ക്ഷേപ ചരിത്രം, ആയിരം പഴഞ്ചൊൽ, കേരളോല്പത്തി ,മലയാള വ്യാകരണം തുടങ്ങി 24 കൃതികൾ ഗുണ്ടർട്ട് രചിച്ചിട്ടുണ്ട്. 1847-ൽ ഗുണ്ടർട്ട് ആരംഭിച്ച രാജ്യ സമാചാരമാണു മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രം.രണ്ടാമത്തെ ആനുകാലി പ്രസിദ്ധീകരണമായ പശ്ചിമോദയവും ഗുണ്ടർട്ടാണു  തുടങ്ങിയത്. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണാർഥം ഇല്ലിക്കുന്നിൽ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 18 ഭാഷകളിൽ അവഗാഹം നേടിയ, മലയാള സാഹിത്യത്തിലെ പല മേഖലകളിലേയും ആദ്യ സംരംഭകനായഡോ. ഹെർമൻ ഗുണ്ടർട്ടിനെ മലയാളികൾക്കു മറക്കാൻ പറ്റില്ല. ജർമൻ പൗരനാണെങ്കിലും മലയാളത്തെ ഇത്രമേൽ സ്നേഹിച്ച മഹാനുഭാവനായ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ നല്ലോർമകൾക്കു മുന്നിൽ സാദരം കൈകൂപ്പുന്നു.
സ്മരണ പർവം .23
നന്തനാർ... സ്മൃതിദിനം.ഏപ്രിൽ 24
                    മലയാളത്തിലെ സുപ്രസിദ്ധ പട്ടാളക്കഥാകാരനും ,ഉണ്ണികളുടെ പ്രിയപ്പെട്ട കഥപറച്ചിലുകാരനും, മികച്ച നോവൽ രചയിതാവുമായ നന്തനാരുടെ ചരമദിനം ഇന്നാണ്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ, അങ്ങാടിപ്പുറത്തു പരമേശ്വരൻ തരകന്റെയും നാണിയമ്മയുടെയും മകനായി 1926 ജനുവരി 5ന് പൂരപ്പറമ്പിൽ ചെങ്ങന്നൂർ ഗോപാലൻ എന്ന നന്തനാർ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാഭ്യാസം അങ്ങാടിപ്പുറത്തു തരകൻ എലിമെന്ററി സ്കൂളിലായിരുന്നു.എന്നാൽ കടുത്ത സാമ്പത്തിക പ്രയാസം കാരണം ഉന്നത വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. 1942-ൽ പട്ടാളത്തിൽ ചേർന്നു.1966-ൽ പട്ടാളത്തിൽ നിന്നു പിരിഞ്ഞ ശേഷം എൻ.സി.സി.യിലും പിന്നീടു ഫാക്ടിലും ജോലി ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.
സി. അരവിന്ദൻ ഇദ്ദേഹത്തിന്റെ അനന്തരവനാണ്. 1974 ഏപ്രിൽ 24ന്, തന്റെ നാല്പത്തിയെട്ടാമത്തെ വയസ്സിൽ നന്തനാർ പാലക്കാട്ടുള്ള ഒരു ലോഡ്ജിൽ വച്ച്ആത്മഹത്യ ചെയ്തു. കേരളത്തിലെ ത്രിമൂർത്തി പട്ടാളക്കഥാകാരന്മാർ എന്നു വിശേഷിപ്പിക്കുന്നവർ സ്വന്തം പേരിലല്ല അറിയപ്പെടുന്നത്. .വി.വി.അയ്യപ്പൻ കോവിലൻ എന്ന പേരിലും കെ.ഇ.മത്തായി പാറപ്പുറത്ത് എന്ന പേരിലും അറിയപ്പെട്ടപ്പോൾ പി.സി.ഗോപാലൻ നന്തനാർ എന്ന തൂലികാനാമത്തിലാണു പ്രശസ്തനായത്. തമിഴ് സന്യാസിയായിരുന്ന നന്തനാരോടുള്ള ആദരസൂചകമായാണു പി.സി.ഗോപാലൻ ഈ പേര് തന്റെ തൂലികാനാമമായി സ്വീകരിച്ചത്. പട്ടാളക്കഥാകാരൻ എന്ന നിലയിൽ അനുവാചകർക്ക് ഏറെ പ്രിയങ്കരനായ നന്തനാരുടെ കഥകളെല്ലാം അനുഭൂതി ദായകവും ഹൃദയാകർഷകവുമായിരുന്നു. നന്തനാരുടെ കഥാ മണ്ഡലത്തിലെ സ്ഥായിയായ രസം ശോകം തന്നെയാണ്. ദാരിദ്ര്യം, പട്ടിണി, അനാഥത്വം,അവഗണന, ഏകാന്തത എന്നിവയൊക്കെ ആ കഥകളിൽ നിറഞ്ഞു നിന്നു. മരണത്തോടു വല്ലാത്തൊരാസക്തി അദ്ദേഹം പ്രകടിപ്പിക്കാറുമുണ്ട്. ഏഴു നോവലുകളും ഒരു നാടകവും പതിനൊന്നു കഥാസമാഹാരങ്ങളും തന്റെ ഹ്രസ്വമായ ജീവിതത്തിനിടയിൽ നന്തനാർ രചിച്ചു. മലബാർ കലാപവും ഇന്ത്യാ-പാക് വിഭജനവും പട്ടാള ക്യാമ്പുകളിലെ നൊമ്പരങ്ങളും ഉണ്ണിമനസ്സുകളിലെ നിഷ്കളങ്കതകളുമൊക്കെ നന്തനാർ കൃതികളിൽ പ്രതിബിംബിക്കുന്നതായി കാണാൻ സാധിക്കും. നന്തനാറിന്റെ അതിപ്രശസ്ത കൃതിയാണ് ആത്മാവിന്റെ നോവുകൾ .1965 -ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ആസ്വാദക മനസ്സിന്റെആഴങ്ങളിലേക്കാണു ഇറങ്ങിച്ചെന്നത്. ഈ നോവലിലെ കഥാപാത്രങ്ങളുടെ ആത്മനൊമ്പരങ്ങൾ നമ്മിൽ സങ്കടക്കടൽ സൃഷ്ടിക്കും. വർഗീസും അയ്യരും പോറ്റിയും സുകുമാരനുമൊക്കെ മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ തന്നെ. അക്കാലത്തെ പട്ടാള ജീവിതത്തിന്റെ നേർക്കാഴ്ച തന്നെയാണു ഈ നോവൽ . കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ എഴുത്തുകാരൻ കൂടിയാണു നന്തനാർ .മാതൃഭൂമിയിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ച ഉണ്ണിക്കുട്ടന്റെ ഒരു ദിവസം എന്ന നോവൽ മലയാളി വായനക്കാർക്കു മറക്കാൻ പറ്റില്ല. ബാല്യത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ദു:ഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ വളരെ ആകർഷകമായിത്തന്നെ നന്തനാർ ആവിഷ്കരിക്കുന്നുണ്ട്. ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടൻ സ്കൂളിൽ, ഉണ്ണിക്കുട്ടൻ വളരുന്നു (ഈ മൂന്നു നോവലും ചേർന്നു ഉണ്ണിക്കുട്ടന്റെ ലോകം എന്ന ഒറ്റ നോവലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.) എന്നീ നോവലുകൾ നമ്മുടെ കുട്ടികളുടെ നല്ല വായനക്കായി ഉൾപ്പെടുത്തുതന്നെ വേണം. അനുഭൂതികളുടെ ലോകം, നിഷ്കളങ്കതയുടെ ആത്മാവ്, ഇര, ഒരു വർഷകാല രാത്രി, തോക്കുകൾക്കിടയിലെ ജീവിതം, നെല്ലും പതിരും, മഞ്ഞ കെട്ടിടം, ഒരു സൗഹൃദ സന്ദർശനം തുടങ്ങിയവയാണു മററു കൃതികൾ. നന്ദനാർ ഒടുവിൽ എഴുതിയ അനുഭവങ്ങൾ എന്ന നോവൽ ഇദ്ദേഹത്തിന്റെ ആത്മാംശം കലർന്ന കൃതിയാണ്. അറിയപ്പെടുന്ന സിനിമാ സംവിധായകനായ എം.ജി.ശശി ഈ കൃതി അടയാളങ്ങൾ എന്ന പേരിൽ സിനിമയാക്കിയിട്ടുണ്ട്. ആത്മാവിന്റെ നോവുകൾ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇത്രയും മികച്ച ഒരെഴുത്തുകാരൻ, നന്മയുടെ നേരറിവുകൾ മാത്രം വായനക്കാരനു പകർന്നു തന്നെ പ്രതിഭാശാലി ആത്മഹത്യയിലൂടെ ജീവിതത്തിൽ നിന്ന് ഒളിച്ചോടിയതെന്തിന് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. മനുഷ്യ മനസ്സിലെ ദുരൂഹ ചിന്തകൾ വായിച്ചെടുക്കാൻ ആർക്കും സാധിക്കില്ലല്ലോ. മലയാള വായനക്കാർക്കു വിഷാദത്തിന്റെ  കഥകൾ പറഞ്ഞു തന്ന, നിഷ്കളങ്കതയുടെ ലോകം തുറന്നു തന്ന പ്രിയപ്പെട്ട നന്തനാരുടെ ഓർമകൾക്കു മുന്നിൽ ഒരു പിടി കണ്ണീർപ്പൂക്കൾ സമർപ്പിക്കുന്നു.
സ്മരണപർവം ... 22.
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്.
സ്മൃതിദിനം.. ഏപ്രിൽ 10.

  മാനവികതാവാദ വീക്ഷണം തന്റെ കവിതയുടെ മുഖമുദ്രയാക്കിയ, അധ്വാനിക്കുന്നവന്റെയും കഷ്ടപ്പെടുന്നവന്റെയും വേദന സ്വന്തം വേദനയായി കണ്ട ,തീവ്രമായ ജീവിത യാഥാർഥ്യങ്ങൾ തന്റെകവിതകളുടെ ഇതിവൃത്തമാക്കിയ ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ ചരമദിനം ഇന്നാണ്.

പാലക്കാട്, ചെർപ്പുളശ്ശേരിയിലെ വെള്ളിനേഴി ഒളപ്പമണ്ണമനയിൽ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും ദേവസേന അന്തർജനത്തിന്റെയും മകനായി 1923 ജനുവരി 10 നു സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് ജനിച്ചു. പാരമ്പര്യ രീതിക്കനുസരിച്ചു വേദാധ്യായനം നടത്തിയ ശേഷം ഒറ്റപ്പാലത്തു നിന്നു സ്കൂൾ വിദ്യാഭ്യസം പൂർത്തിയാക്കി. ഉപരി വിദ്യാഭ്യാസം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നായിരുന്നു. പഠനകാലത്തു തന്നെ വി.ടി.ഭട്ടതിരിപ്പാട്, .എം.എസ്., വള്ളത്തോൾ എന്നിവരുമായി അടുത്ത സൗഹൃദം പുലർത്തുകയും ചെയ്തു. ഒളപ്പമണ്ണയ്ക്കു കോളേജ് വിദ്യാഭ്യസം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. യോഗക്ഷേമ സഭയുടെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലും സജീവമായിത്തന്നെ പ്രവർത്തിച്ചു. സംഗീതജ്ഞനായിരുന്ന ഒ എം.വാസുദേവൻ നമ്പൂതിരിപ്പാട്,കവിയും കോളേജു പ്രഫസറുമായ ഒ.എം.അനുജൻ എന്നിവർ സഹോദരന്മാരാണ്. കവിയും വേദ പണ്ഡിതനുമായ ഒ.എം.സി.നാരായണൻ നമ്പൂതിരിപ്പാട് പിതൃ സഹോദരൻ . പ്രശസ്ത എഴുത്തുകാരി സുമംഗല എന്ന ലീല നമ്പൂതിരിപ്പാട് ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെ മകളാണ്. മലയാള കവിതാസ്വാദകരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ ഒളപ്പമണ്ണ 2000 ഏപ്രിൽ 10ന് അന്തരിച്ചു.
  20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലെകേരളീയ സമൂഹത്തിന്റെ ജീവിതപരിവർത്തനങ്ങളും സാമ്പത്തിക പ്രയാസങ്ങളും ഒളപ്പമണ്ണ തന്റെ കവിതകളിൽ ആവിഷ്കരിച്ചു. ജനിച്ചതു ജന്മി കുടുംബത്തിലാണെങ്കിലും ഒളപ്പമണ്ണയുടെ മനസ്സ് എന്നും പാവങ്ങളോടൊപ്പമായിരുന്നു. വിപ്ലവ ബോധം, വർത്തമാനകാലത്തിന്റെ ദുരിതാവസ്ഥ, വർധിച്ചു വരുന്ന നഗരവത്കരണം ഇതൊക്കെ ഒളപ്പമണ്ണയുടെ കാവ്യവിഷയങ്ങളായി. നാട്ടിൽ നടമാടിയ അനീതികൾക്കെതിരേയും അന്ധവിശ്വാസങ്ങൾക്കെതിരേയും അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചു.

'പണി ചെയ്യുന്ന കർഷകനല്ലേ
പുത്തരിയുണ്ണാനവകാശം?'
'നരകതുല്യമീ നാട്ടിലെന്തിനു കവിയൊരു
നാളെയെ സ്വപ്നം കണ്ടു, നാളയെപ്പറ്റിപ്പാടി.'
തുടങ്ങിയ വരികൾ അദ്ദേഹത്തിന്റെ മനോഗതി വ്യക്തമാക്കുന്നവയാണ്. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴേ കവിത എഴുതാൻ ആരംഭിച്ച ഒളപ്പമണ്ണയുടെ ആദ്യത്തെ കവിതാ സമാഹാരമായ വീണ1947-ൽ പ്രസിദ്ധീകരിച്ചു.
  ഒളപ്പമണ്ണയുടെ പ്രസിദ്ധമായ രണ്ടു ഖണ്ഡകാവ്യങ്ങളാണു പാഞ്ചാലിയും നങ്ങേമക്കുട്ടിയും. ഈഴവ സമുദായത്തിൽ അക്കാലത്തുണ്ടായ ബഹുഭർതൃത്വമാണു പാഞ്ചാലിയിലെ പ്രമേയം. ശാസ്ത്രീയമല്ലാത്ത ഈ കൂട്ടു വിവാഹ രീതിക്കെതിരെയുള്ള ബോധവൽക്കരണം കൂടിയായി ഈ കാവ്യം. നിഷ്കളങ്കയും സ്നേഹമയിയുമായ നങ്ങേ മക്കുട്ടിയുടെ കഥയാണു നങ്ങേ മക്കുട്ടി എന്ന ഖണ്ഡകാവ്യത്തിൽ വർണിക്കുന്നത്. ഒളപ്പമണ്ണയുടെ പ്രശസ്ത കവിതയായ എന്റെ വിദ്യാലയത്തിലെ വരികൾ ഇങ്ങനെ ..
'തിങ്കളും താരങ്ങളും തൂവെള്ളിക്കതിർ
ചിന്നും
തുംഗമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാ
ലയം
ഇന്നലെ കണ്ണീർ വാർത്തു കരഞ്ഞീടിന
വാന -
മിന്നിതാ ചിരിക്കുന്നു പാലൊളി ചിതറുന്നു
മുൾച്ചെടിത്തലപ്പിലും പുഞ്ചിരി വിരിയാറു -
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരു രയ്ക്കുന്നു
മധുവിൻ മത്താൽ പാറി മൂളുന്നു മധുപങ്ങൾ മധുരമിജ്ജീവിതം ചെറുതാണെന്നാ കിലും.
ആരെല്ലെൻ ഗുരുനാഥരാ ല്ലെൻ ഗുരുനാഥർ
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നു
ണ്ടെന്നോ..'
തന്റെ ബാല്യത്തെപ്പറ്റിയുള്ള ഓർമകളാണ് ഈ കവിതയിൽ കവി വർണിക്കുന്നത്.
ഉടകുടം എന്ന കവിത ഈ വരികളും പ്രമേയം തന്നെ.
'ഒലിനിന്ന പുഴയിൽ ക്കുഴികളിൽ വെള്ളം
ഓഴക്കു വെള്ളം ഒലിക്കാത്ത വെള്ളം
കുഴി വെള്ളം കൂടിക്കുടിച്ചു തീർക്കുമ്പോൾ
കുന്തിപ്പുഴേ നീ മരിച്ചിരിക്കുന്നു.'
ചാരുത എന്ന കവിതയിലെ ഈ വരികളും ആലോചനാമൃതമാണ്.
'നിന്റെ കയ്യെത്താത്തേടം
നിന്റെ കണ്ണെത്താത്തേടം
നീയാകെയെത്താത്തേട -
മില്ലയീ കുടുംബത്തിൽ .'

  ഒളപ്പമണ്ണയുടെ മറ്റു പ്രശസ്ത കൃതികൾ കല്പന, കിലുങ്ങുന്ന കയ്യാമം,സുഫല, നിഴലാന, ജാലകപ്പക്ഷി, ഇലത്താളം, വരിനെല്ല്, ആന മുത്ത് തുടങ്ങിയവയാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എൻ.വി. ട്രസ്റ്റ് അവാർഡ്, ഉള്ളൂർ അവാർഡ്, ഓടക്കുഴൽ അവാർഡ്, സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങിയ ബഹുമതികളും ഒളപ്പമണ്ണയ്ക്കു ലഭിച്ചിട്ടുണ്ട്. ദേശസ്‌നേഹത്തിന്റെയും മാനവ സ്നേഹത്തിന്റെയും ഉണർത്തുപാട്ടുകാരനായ , പ്രകൃതിയെ തൊട്ടറിഞ്ഞ, മനുഷ്യ കഥാനുഗായിയായ ഒളപ്പമണ്ണയുടെ ഓർമകൾക്കു മുന്നിൽ സബഹുമാനം കൈകൂപ്പുന്നു.

സ്മരണപർവം . 21. സ്മൃതിദിനം 
തകഴി ശിവശങ്കരപ്പിള്ള ഏപ്രിൽ 10

   മലയാള സാഹിത്യത്തെ വിശ്വത്തോളം വലുതാക്കിയ, കുട്ടനാടിൻെറ ഇതിഹാസകാരൻ എന്നു മലയാളികൾസ്നേഹപൂർവം വിളിക്കുന്ന, അധഃസ്ഥിതരുടെയും അവർണരുടെയും പൊള്ളുന്ന ജീവിതാനുഭവങ്ങൾ നമുക്കു പറഞ്ഞു തന്ന, ജ്ഞാനപീഠ ജേതാവായ തകഴി ശിവശങ്കരപ്പിള്ളയുടെ ഓർമദിനം നാമിന്നു ആദരപൂർവം ആചരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ
തകഴി ഗ്രാമത്തിൽ പടഹാരം മുറിയിൽ അരിപ്പുറത്തു വീട്ടിൽ, പൊയ്പ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റെയും അരിപ്പുറത്തു പാർവതിയമ്മയുടെയും മകനായി 1912 ഏപ്രിൽ 17ന് ശിവശങ്കരപ്പിള്ള ജനിച്ചു. കുട്ടിക്കാലത്തു തന്നെ കീഴാള വിഭാഗവുമായി നല്ല സൗഹൃദ ബന്ധം പുലർത്തിയിരുന്ന തകഴി ,തന്റെ ജന്മനാടായ കുട്ടനാടിന്റെ ഓരോ സ്പന്ദനവും മനസ്സിൽ അടയാളപ്പെടുത്തിയിരുന്നു.പ്രാഥമിക വിദ്യാഭ്യസംതകഴിയിലെ പ്രൈമറി വിദ്യാലയത്തിലായിരുന്നു. തുടർന്ന്‌ അമ്പലപ്പുഴ ,വൈക്കം, കരുവാറ്റ എന്നിവിടങ്ങളിൽ നിന്നായി ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി.കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂളിലെ. ഹെഡ് മാസ്റ്ററായിരുന്ന പ്രശസ്ത നാടകകൃത്ത് കൈനിക്കര കുമാരപിള്ള നല്കിയ പ്രോത്സാഹനം തകഴിയിലെ സാഹിത്യകാരനെ ഉണർത്തി. ഹൈസ്കൂൾ പഠനത്തിനു ശേഷം തിരുവന്തപുരം ലോ കോളേജിൽ ചേർന്നു. വക്കീൽ ബിരുദമെടുത്ത ശേഷം അമ്പലപ്പുഴ മുനിസിഫ് കോടതിയിയിൽ വക്കീലായി ജോലിയിൽ പ്രവേശിച്ചു .20 വർഷം ഈ ജോലിയിൽ തുടരുകയും ചെയ്തു. 1934-ൽ നെടുമുടിയിലെ ചെമ്പകശ്ശേരി ചിറയിൽ കമലാക്ഷി അമ്മയെ (കാത്ത) വിവാഹം കഴിച്ചു. മലയാള സാഹിത്യത്തിൽ സ്വന്തമായി ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ തകഴി 1999 ഏപ്രിൽ 10നു നിര്യാതനായി.
ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ ത്തന്നെ തകഴി തന്നെ ആദ്യ കഥയായ സാധുക്കൾ പ്രസിദ്ധീകരിച്ചു. കേസരി. എ .ബാലകൃഷ്ണപ്പിള്ളയുമായുള്ള സൗഹൃദം തകഴിയ്ക്കുലോകോത്തര കൃതികളുമായി പരിചയപ്പെടാനുള്ള അവസരം നല്കി.1930-കൾ കേരള ചരിത്രത്തിലെ നിർണായകമായ കാലമായിരുന്നല്ലോ. തൻെറ ചുറ്റുപാടുമുള്ള ജനതയുടെ ജീവിത പ്രശ്നങ്ങൾ തകഴിയിൽ ആഴത്തിൽ വേരോടി. അത് അക്ഷര രൂപത്തിൽ പ്രകാശിപ്പിച്ചു കൊണ്ട് തകഴി മുന്നോട്ടുവന്നു. സാധാരണ മനുഷ്യനും അവന്റെ നീറുന്ന ജീവിതവും തകഴിയുടെ കൃതികളിൽ പ്രതിഫലിക്കുകയും ചെയ്തു. തകഴി തന്റെ സാഹിത്യ ജീവിതത്തിനിടയിൽ 30 നോവലുകളും 600 ചെറുകഥകളും രചിച്ചു. ആദ്യ നോവൽ 1934-ൽ പ്രസിദ്ധപ്പെടുത്തിയ ത്യാഗത്തിന്റെ പ്രതിഫലം എന്നതാണ്. 1935-ൽ ആദ്യത്തെ ചെറുകഥാ സമാഹാരം പുതു മലർ പ്രസിദ്ധീകരിച്ചു.ഈ സമാഹാരത്തിലാണു മലയാളത്തിലെ ഏറ്റവും പ്രശസ്ത കഥ വെള്ളപ്പൊക്കത്തിൽ ഉൾപ്പെട്ടിട്ടുള്ളത് . ഇക്കഴിഞ്ഞ പ്രളയകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കഥ കൂടിയാണു വെള്ളപ്പൊക്കത്തിൽ . തകഴിയുടെ ശ്രദ്ധേയ നോവലുകളിലൊന്നായ തോട്ടിയുടെ മകൻ 1947ൽ പ്രസിദ്ധീകൃതമായി. ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം ചിത്രീകരിക്കുന്ന ഈ നോവൽ മലയാള വായനക്കാരിൽ ഉണ്ടാക്കിയ വീർപ്പുമുട്ടൽ ഏറെയായിരുന്നു. 1948-ൽ രണ്ടിടങ്ങഴിയും പ്രസിദ്ധീകരിച്ചു.ഈ നോവലിൽ കുട്ടനാടൻ കർഷകരുടെ ജീവിത പ്രശ്ന ങ്ങളാണ് ഉൾക്കൊള്ളുന്നത്. 1956-ൽ പുററത്തുവന്ന ചെമ്മീൻ മലയാളനോവൽസാഹിത്യത്തിലെ നാഴികക്കല്ലായി മാറിയ നോവലാണ്. എക്കാലത്തെയും ഏറ്റവും മികച്ച മലയാള നോവലുകളിലൊന്നാണ് ചെമ്മീൻ. ഈ നോവലിൽ സാമൂഹ്യ സംഘർഷങ്ങൾ അതിതീവ്രമായി ആവിഷ്കരിക്കുന്നു. മുക്കുവരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും പ്രമേയമാക്കി എഴുതിയ ഈ നോവലിനു വായനക്കാരിൽ നിന്നു കിട്ടിയ സ്വീകരണം അദ്ഭുതാവഹമായിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലുമായി ഇതിനകം 26-ൽപ്പരം വിവർത്തനങ്ങൾ ചെമ്മീൻ എന്ന നോവലിനുണ്ടായി. ഈ നോവലിന്റെ ചലച്ചിത്രാവിഷ്കരണത്തിനാണു മലയാളത്തിൽ ആദ്യമായി പ്രസിഡണ്ടിന്റെ സ്വർണമെഡൽ ലഭിച്ചത്. പളനിയും കറുത്തമ്മയും പരീക്കുട്ടിയും ചെമ്പൻ കുഞ്ഞുമൊക്കെ മമലയാളി മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങൾ തന്നെ. ഔസേപ്പിന്റെ മക്കൾ, അഞ്ചു പെണ്ണുങ്ങൾ ഏണിപ്പടികൾ, തുടങ്ങി ഒട്ടനവധി നോവലുകൾ തകഴി രചിച്ചു.  മലയാളത്തിലെ ഏറ്റവും വലിയ നോവലുകളിൽ രണ്ടാം സ്ഥാന മലങ്കരിക്കുന്ന കയർ തകഴിയുടെ അതിപ്രശ്തമായ മറ്റൊരു കൃതിയാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ രണ്ടു നൂറ്റാണ്ടിന്റെ കഥയാണു വിവരിക്കുന്നത്.20 ചെറുകഥാ സമാഹാരങ്ങൾക്കു പുറമേ തോറ്റില്ല എന്ന നാടകവും  എന്റെ ബാല്യകാല ജീവിതം, എന്റെ വക്കീൽ ജീവിതം എന്നീ ആത്മകഥകളും തകഴിയുടെതായിട്ടുണ്ട്. ജ്ഞാനപീഠ പുരസ്കാര മടക്കം നിരവധി ബഹുമതികൾ ലഭിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്ന തകഴിയ്ക്ക് 1985-ൽ രാഷ്ട്രം പത്മഭൂഷൺ ബഹുമതിയും ലഭിച്ചു. മലയാളത്തിലെ യഥാതഥ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ,  തൊഴിലാളി സമൂഹത്തിന്റെ പച്ചയായ ജീവിതം ആവിഷ്കരിച്ച, മലയാളത്തിന്റെ മോപ്പസാങ് എന്ന അപരനാമധേയമുള്ള കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ സൗമ്യ - ദീപ്തസ്മരണകൾക്കു മുന്നിൽ ഹൃദയത്തിൽത്തൊട്ടു പ്രണാമമർപ്പിക്കുന്നു.
സ്മരണ പർവം.20
കുട്ടിക്കൃഷ്ണമാരാർ .സ്മൃതിദിനം.ഏപ്രിൽ.6.

   മലയാള സാഹിത്യത്തിൽ വിമർശന ശാഖയെ സർഗാത്മക സാഹിത്യത്തിന്റെ ഉന്നത സോപാനത്തിലേക്ക് കൈപിടിച്ചാനയിച്ച, പണ്ഡിതനും, ഭാഷാശാസ്ത്രജ്ഞനും ,നിരൂപക സമ്രാട്ടുമായ കുട്ടികൃഷ്ണമാരാരുടെ ഓർമദിനം ഇന്നാണ്. തിരൂർ താലൂക്കിലെ തൃപ്രങ്ങോട്ടു കിഴക്കേ മാരാത്തുലക്ഷ്മി മാരാസ്യ രുടെയും കരിക്കാട്ടു മാരാത്തു
കൃഷ്ണമാരാരുടെയും മകനായി 1900 ജൂൺ 14നു കുട്ടി കൃഷ്ണമാരാർ ജനിച്ചു.സംസ്കൃതം ഭാഷയും കുലത്തൊഴിലായ ചെണ്ടമേളവും ചെറുപ്പത്തിലേ അഭ്യസിച്ചു. ചിത്രകലയിലും മാരാർ അതീവ താല്പര്യം പുലർത്തിയിരുന്നു. പിന്നീടു പട്ടാമ്പി സംസ്കൃത കോളേജിൽ പഠനമാരംഭിച്ചു.പ്രശസ്ത സംസ്കൃത പണ്ഡിതനായിരുന്ന പുന്നശ്ശേരി നീലകണ്ഠശർമയുടെ മുഖ്യശിഷ്യനായിരുന്നു കുട്ടി കൃഷ്ണമാരാർ .സാഹിത്യ ശിരോമണി പരീക്ഷ പാസ്സായ ശേഷം കുറേക്കാലം അധ്യാപകനായും ജോലി നോക്കി. പിന്നീടു വള്ളത്തോളിന്റെ സെക്രട്ടറി പദം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ കവിതകൾക്കു ടിപ്പണി (ലഘു വ്യാഖ്യാനം) എഴുതിയതും മാരാരായിരുന്നു. കവിതയിൽ കാണുന്ന വിഷമ പദങ്ങളെ വായനക്കാർക്കു സുഗമമായി പരിചയപ്പെടുത്താൻ ഈ ടിപ്പണി ഏറെ സഹായിച്ചു. ആറു വർഷക്കാലം കലാമണ്ഡലത്തിൽ ആട്ടക്കഥകളും മറ്റും പഠിപ്പിക്കുകയും ചെയ്തു. 1938 മുതൽ മാതൃഭൂമി ദിനപത്രത്തിൽ പ്രൂഫ് റീഡറായി ചേർന്ന മാരാർ 1961-ൽ മാതൃഭൂമിയിൽ നിന്നു വിരമിച്ചു. ഭാര്യ തൃക്കാവിൽ കിഴക്കേ മാരാത്തു നാരായണിക്കുട്ടി മാരസ്യാര്. മലയാള വിമർശന ശാഖയ്ക്കു അനർഘമായ സംഭാവന നല്കി അനുഗ്രഹിച്ച കുട്ടികൃ ഷ്ണമാരാർ 1973 ഏപ്രിൽ 6 ന് അന്തരിച്ചു. മാതൃഭൂമി യിൽ പ്രൂഫ് റീഡറായി ജോലി ചെയ്ത കാലഘട്ടത്തിലാണു കുട്ടികൃഷ്ണമാരാരുടെ പ്രധാന കൃതികളെല്ലാം വെളിച്ചം കണ്ടത്. കല കലയ്ക്കു വേണ്ടി, കല ജീവിതം തന്നെ എന്നീ രണ്ടു സിദ്ധാന്തങ്ങൾ  മലയാളത്തിൽ മുഴങ്ങിക്കേട്ട കാലത്തു കല ജീവിതം തന്നെ എന്ന സിദ്ധാന്തത്തിൽ അടിയുറച്ചു മാരാർ നിലകൊണ്ടു. ജീവിതത്തിന്റെ നാനാവശങ്ങളിൽ ,മാനസിക ജീവിത ത്തിന്റെതായ പ്രകാശനവകുപ്പായിരിക്കണം സാഹിത്യവും എന്നും മാരാർ വാദിച്ചു. വിമർശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമർശനം നിർജീവവിമർശനമാകുമെന്നും മാരാർ പറയുമായിരുന്നു. കുട്ടികൃഷ്ണമാരാരെ വിമർശന സാഹിത്യ മേഖലയിലെ അഗ്രിമ സ്ഥാനത്തെത്തിച്ചതു ഭാരത പര്യടനം എന്ന കൃതിയാണ്. മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ ആത്മാവിലിറങ്ങിച്ചെന്ന് അദ്ദേഹം നടത്തിയ അന്വേഷണ പര്യടനമാണു ഭാരത പര്യടനം എന്ന അതിപ്രശസ്ത കൃതി.മഹാഭാരതം എങ്ങനെ വായിക്കണമെന്നു ഈ കൃതി നമുക്കു മനസ്സിലാക്കിത്തരുന്നു.വ്യാസ ഭാരതത്തെ അധികരിച്ചു രചിച്ച ഈപഠനാത്മക പ്രബന്ധ സമാഹാരം മലയാളികൾ വായിക്കേണ്ട കൃതി തന്നെ. മലയാള ഭാഷയുടെ തനിമയാർന്ന സൗന്ദര്യം നഷ്ടപ്പെടുത്താതെ എഴുതേണ്ട തെങ്ങനെയെന്നു നിർദേശിക്കുന്ന മലയാളശൈലി എന്ന കൃതിയും മഹത്തരം തന്നെ. എന്താണു മലയാളം എന്ന് ഈ കൃതി നമ്മെ ധരിപ്പിക്കുന്നു. രാജാങ്കണമാണു മാരാരുടെ ശ്രദ്ധേയമറ്റൊരു കൃതി. നമ്മുടെ സംസകാര ലോപം, വാല്മീകിയുടെ രാമൻ തുടങ്ങി 10 ലേഖനങ്ങൾ അടങ്ങുന്ന ഈ ഗ്രന്ഥം കുട്ടികൃഷ്ണമാരാരുടെ പാണ്ഡിത്യം വെളിപ്പെടുത്തുന്നു. ഇവയ്ക്കു പുറമേ വൃത്തശില്പം, നിഴലാട്ടം,ഋഷി പ്രസാദം, ദന്തഗോപുരം, കൈവിളക്ക്,ശരണാഗതി, വിശ്വാമിത്രൻ, ചർച്ചാ യോഗം, സാഹിത്യ വിദ്യ, ഭാഷാപരിചയം, ഭാഷാ വ്യ ത്തങ്ങൾ, സാഹിത്യഭൂഷണം, കല ജീവിതം തന്നെ, ഗീതാ പരിക്രമണം, ശാസ്ത്രവും ജീവിതവും തുടങ്ങി 27 കൃതികൾ കുട്ടികൃഷ്ണമാരർ രചിച്ചിട്ടുണ്ട്. ഭാരത പര്യടനത്തിനു മദ്രാസ് ഗവൺമെന്റിന്റെ ഉത്തമ കൃതിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കല ജീവിതം തന്നെ എന്ന കൃതിക്കു കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. മുഖം നോക്കാതെ വിമർശിക്കുന്ന മാരാർ ആരെഴുതി എന്നല്ല, എന്തെഴുതി എന്നു മാത്രമാണു നോക്കാറ്.സാഹിത്യത്തിലെ പഴഞ്ചൻ ശൈലികളെ ബഹിഷ്കരിച്ചു പുത്തൻ വിചാരധാരകകളും ദർശനങ്ങളും നിർമിച്ചെടുക്കാൻ മാരാർ സദാശ്രദ്ധിച്ചിരുന്നു. യുക്തിബോധത്തിന് അടിവരയിടുന്നതാണു അദ്ദേഹത്തിന്റെ ശൈലി.വാർധക്യകാലത്ത് ആധ്യാത്മികതയിൽ താല്പര്യം പുലർത്തിയിരുന്നെങ്കിലും ആ യാത്രയിലും യുക്തിബോധം അദ്ദേഹം വെടിഞ്ഞിരുന്നില്ല. മലയാള സാഹിത്യ മേഖല കണ്ട എക്കാലത്തെയും മികച്ച നിരൂപകനും സ്വന്തം രചന യിൽ തികച്ചും പക്ഷപാതം കാത്തുസൂക്ഷിച്ച മഹാ സാഹിത്യകാരനുമായ കുട്ടികൃഷ്ണമാരാരുടെ ഓർമകൾക്കു മുന്നിൽ ഒരായിരം അഭിവാദനങ്ങളർപ്പിക്കുന്നു.
സ്മരണ പർവം .19
പി.കെ.ബാലകൃഷ്ണൻ . സ്മൃതിദിനം.ഏപ്രിൽ 3.

      പ്രശസ്ത നോവലിസ്റ്റ്, സാമൂഹ്യ-രാഷ്ട്രീയ ചിന്തകൻ,ചരിത്രകാരൻ, പത്രപ്രവർത്തക എന്നീ നിലകളിൽ തന്റെതായ വ്യക്തിത്വം അടയാളപ്പെടുത്തിയ എഴുത്തുകാരൻ പി.കെ.ബാലകൃഷ്ണന്റെ ചരമദിനമാണിന്ന്. എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തിൽ
കേശവനാശാന്റെയും മാണിയമ്മയുടെയും മകനായി 1926 മാർച്ച് 2 നു പി.കെ. ബാലകൃഷ്ണൻ ജനിച്ചു.  എടവനക്കാട്, ചെറായി എന്നിവിടങ്ങളിലെ സ്കൂളുകളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി.ചെറായി രാമവർമ ഹൈസ്കൂളിൽ നിന്നു പത്താംതരം പാസ്സായ ശേഷം എറണാകുളം മഹാരാജാസിൽ ഉന്നത പഠനത്തിനായി ചേർന്നു.ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായ പി.കെ.ബാലകൃഷ്ണൻ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും തുടർന്നു ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു. ഇതോടെ കോളേജുവിദ്യാഭ്യാസം മുടങ്ങി.  പിന്നീടു കോളേജിൽ ചേർന്നെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ല. അധികം വൈകാതെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിപൊതുരംഗത്തേക്കു പ്രവേശിച്ചു. 'കൊച്ചി രാജ്യത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഘടകമായ പ്രജാ മണ്ഡലത്തിലൂടെയാണു രാഷ്ട്രീയ പ്രവേശനം . 1947ൽ വിദ്യാർഥി കോൺഗ്രസ്സിന്റെ മുഖപത്രമായ ആസാദ് വാരികയുടെ പത്രാധിപരായി പത്രപ്രവർത്തന രംഗത്തും തുടക്കം കുറിച്ചു. പിന്നീട് കേരള സോഷ്യലിസ്റ്റു പാർട്ടിയുടെ സജീവാംഗമായ ബാലകൃഷ്ണൻ കെ.എസ്.പിയുടെ മുഖപത്രമായ സോഷ്യലിസ്റ്റുവാരികയുടെ പത്രാധിപരായി. നവോത്ഥാന നായകന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹത്തെ ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും ഏറെ സ്വാധീനിച്ചിരുന്നു.രാഷ്ട്രീയ രംഗത്തു താല്പര്യം കുറഞ്ഞതോടെ  സാഹിത്യ രംഗത്തു കൂടുതൽ ശ്രദ്ധചെലുത്താൻ തുടങ്ങി . ഇടക്കാലത്തു പുസ്തക വ്യാപാരത്തിലും ഏർപ്പെട്ടിരുന്നു. കോഴിക്കോടു നിന്നാരംഭിച്ച ദിന പ്രഭയുടെ പത്രാധിപ സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു. 1960-ൽകേരളകൗമുദി പത്രാധിപസമിതി അംഗമായി. കേരളകൗമുദിയിൽ പ്രവർത്തിക്കവേയാണ് മാധ്യമം പത്രത്തിന്റെ ആദ്യ പത്രാധിപ സ്ഥാനത്തേക്കു ക്ഷണം കിട്ടിയത്.മാധ്യമം പത്രാധിപരായും ബാലകൃഷ്ണൻ കുറച്ചു കാലം പ്രവർത്തിച്ചു. നിർഭയനായ പത്രപ്രവർത്തകനും തന്റെ  നിലപാടുകളിൽ എന്നും ഉറച്ചു നില്ക്കുകയും ചെയ്തിരുന്ന പി.കെ.ബാലകൃഷ്ണൻ 1991 ഏപ്രിൽ 3 നു നിര്യാതനായി. മഹാഭാരതകഥയുടെ ഔന്നത്യം പൂർണമായി ഉൾക്കൊണ്ടു പി.കെ.ബാലകൃഷ്ണൻ രചിച്ച ഇനി ഞാൻ ഉറങ്ങട്ടെ എന്ന കൃതി മലയാളത്തിലെ വരിഷ്ഠ കൃതികളിലൊന്നാണ്. കർണന്റെയും ദ്രൗപതിയുടെയും ചിന്താധാരകളിലൂടെ ഈ നോവൽ കടന്നു പോകുമ്പോൾ വായനക്കാരിൽ ഉളവാകുന്ന ആഹ്ലാദം അനിർവചനീയമാണ്. ഈ നോവലിന്റെ ചുവടുപിടിച്ചു പുരാണത്തെ ഉപജീവിച്ചു അനേകം കൃതികൾ പിൽക്കാലത്തു രചിക്കപ്പെട്ടു. കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ഈകൃതിക്കു കിട്ടിയിട്ടുണ്ട്.മലയാള സാഹിത്യ രംഗത്ത് അദ്ദേഹം നല്കിയ മറ്റൊര തുല്യ സംഭാവനയാണു ജാതിവ്യവസ്ഥയും കേരളവും. ഒട്ടനവധി വിവാദങ്ങൾക്കു തുടക്കം കുറിച്ച ഈ കൃതിയിലൂടെ ജാതി യുടെ അർഥശൂന്യത ഇദ്ദേഹം വെളിവാക്കുന്നു. ജാതി വ്യവസ്ഥയുടെ തിന്മകൾ ഈ ചരിത്ര കൃതിയിലൂടെ ബാലകൃഷ്ണൻ തുറന്നു കാട്ടുന്നു. തന്റെആശയ ദാർഢ്യം ഈ കൃതിയുടെ ശ്രേഷ്ഠതയ്ക്കു കാരണവുമാകുന്നുണ്ട്. നാരായണ ഗുരു, ടിപ്പു സുൽത്താൻ, ചന്തുമേനോൻ - ഒരു പഠനം, കാവ്യ കല കുമാരനാശനിലൂടെ, നോവൽ സിദ്ധിയും സാധനയും, എഴുത്തച്ഛന്റെ കല, നിദ്രാ സഞ്ചാരങ്ങൾ, മായാത്ത സന്ധ്യകൾ എന്നിവയും പ്ലൂട്ടോ, പ്രിയപ്പെട്ട പ്ലൂട്ടോ എന്ന നോവലുമാണു പി.കെ.ബാലകൃഷ്ണന്റെ ഇതര കൃതികൾ. പ്രശസ്ത എഴുത്തുകാരൻ പ്രൊഫ.എം.കെ.സാനു പി.കെ.ബാലകൃഷ്ണനെവിശേഷിപ്പിച്ചത് ഉറങ്ങാത്ത മനീഷി എന്നാണ്. അടിയുറച്ച സോഷ്യലിസ്റ്റ് ആദർശ വാദിയും മാനവികതയുടെ കൊടിപ്പടം ഉയരത്തിലുയർത്തിൽ പറപ്പിക്കാൻ ബദ്ധശ്രദ്ധനുമായ പി.കെ.ബാലകൃഷ്ണന്റെ വ്യക്തി ജീവിതവും സാഹിത്യ ജീവിതവും ഒരു പോലെ നിർഭയത്വമാർന്നതാണ്. ധീരനും മനുഷ്യ സ്നേഹിയുമായ പി കെ ബാലകൃഷ്ണൻ എന്ന എഴുത്തുകാരന്റെ ഒളിമങ്ങാത്ത ഓർമകൾക്കു മുന്നിൽ പ്രണാമം..


സ്മരണ പർവം. 18.
കടമ്മനിട്ട രാമകൃഷ്ണൻ . സ്മൃതിദിനം.മാർച്ച് 31.

         ഗ്രാമീണ സൗന്ദര്യവും, നാടോടി പാട്ടുകളുടെ താളലയവും കവിതകളിൽ ആവോളം ആവാഹിച്ച, കീഴാള ജീവിതവും സംസ്കാരവും അറിവും കവിതയ്ക്കു ഇതിവൃത്തമാക്കിയ,ഉച്ചത്തിൽ കവിത ചൊല്ലുന്ന കവിയരങ്ങുകളിലൂടെ ആധുനിക കവിതയെ ജനകീയവും ജനപ്രിയവുമാക്കിയ, വിശ്വമാനവികതയുടെ ഉണർത്തുപാട്ടുകാരനായ, സർവോപരി സാംസ്കാരിക നായകനായ കടമ്മനിട്ട രാമകൃഷ്ണന്റെ ചരമദിനം മലയാളികൾ ഇന്നാചരിക്കുകയാണ്. പത്തനംതിട്ടയ്ക്കടുത്തുള്ള കടമ്മനിട്ട
ഗ്രാമത്തിൽ 1935 മാർച്ച് 22ന് മേലെത്തറയിൽ രാമൻ നായരുടെയും കുട്ടിയമ്മയുടെയും മകനായി കടമ്മനിട്ട രാമകൃഷ്ണൻ ജനിച്ചു.  ശരിയായ പേര് എം.ആർ.രാമകൃഷ്ണപ്പണിക്കർ.വീടിനടുത്തുള്ളവടക്കേമുറിയിൽ കേശക്കുറുപ്പാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ ആദ്യ പഠനം.കടമ്മനിട്ട ഗവ. മിഡിൽ സ്കൂൾ, പത്തനംതിട്ട ഗവ.ഹൈസ്കൂൾ, മൈലപ്ര സേക്രഡ് ഹാർട്ട് ഹൈസ്ക്കൂൾ, കോഴഞ്ചേരി സെന്റ്തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നു സ്ക്കുൾ പഠനം പൂർത്തിയാക്കി.കോട്ടയം സി.എം.എസ് കോളേജിൽ നിന്നു ഇൻറർമീഡിയറ്റും ചങ്ങനാശ്ശേരി എൻ.എസ് എസ് കോളേജിൽ നിന്നു ബിരുദവും നേടി .1959 ഫെബ്രവരി 20ന് മദ്രാസിൽ തപാൽ വകുപ്പിൽ ജോലി ലഭിച്ചു. ഭാര്യ ശാന്തമ്മ. മക്കൾ ഗീതാദേവി, ഗീതാകൃഷ്ണൻ.1992-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. പാവപ്പെട്ടവരുടെ ജീവിതാനുഭവം തീഷ്ണമായ ഭാഷയിൽ അടയാളപ്പെടുത്തിയ പരിവർത്ത ചിന്താഗതിക്കാരനായ പ്രിയ കവി കടമ്മനിട്ട 2008 മാർച്ച് 31-ന് നിര്യാതനായി. മദ്രാസ് ജീവിതകാലത്തിനിടയിലാണു കടമ്മനിട്ട രാമകൃഷ്ണന്റെ സാഹിത്യ ജീവിതം തളിർത്തു തുടങ്ങിയത്.പ്രസിദ്ധ സാഹിത്യകാരൻ എം.ഗോവിന്ദൻെറ പ്രോത്സാഹനവും ലഭിച്ചു. 1960-കളിൽ കടമ്മനിട്ട കവിതകൾ എഴുതാൻ തുടങ്ങി. പടയണിയുടെ ഈറ്റില്ലമായ കടമ്മനിട്ടയിൽ ജനിച്ചു വളർന്നതു കൊണ്ടു തന്നെ പടയണിപ്പാട്ടുകൾ കടമ്മനിടക്കവിതയെരൂപപ്പെടുത്താൻ സഹായിച്ചു.നഗര-ഗ്രാമജീവിതത്തിന്റെ പൊരുത്തവും പൊരുത്തക്കേടുകളും കടമ്മനിട്ട കവിതയ്ക്കു വിഷയമാക്കി.ലിറ്റിൽ മാഗസിനുകളിൽ ചെറിയ കവിതകൾ എഴുതിയും കവിയരങ്ങുകളിൽ കവിത ചൊല്ലിയും കടമ്മനിട്ട ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. കവിത.1976 ആണ് ആദ്യ കൃതി.1980-ൽ കടമ്മനിട്ടയുടെ പ്രശസ്ത കവിതകൾ 2 ഭാഗമായി പ്രസിദ്ധീകരിച്ചു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മിശ്ര താളം, കടിഞ്ഞൂൽ പൊട്ടൻ, തുടങ്ങിയ കവിതാ സമാഹാരങ്ങളും വെള്ളിവെളിച്ചം എന്ന ലേഖന സമാഹാരവും, ഒക്ടോവിയ പാസിന്റെ സൂര്യ ശില, സാമുവൽ ബക്കറ്റിന്റെ ഗോദഎന്നീ വിവർ ത്തന കൃതികളു  പ്രസിദ്ധീകൃത മാ യി. 1968-ൽ എഴുതിയ കാട്ടാളനോടു കൂടി കടമ്മനിട്ടയുടെ കാവ്യജീവിതത്തിനു വ്യക്തത കൈവന്നു. കടമ്മനിട്ടയുടെ ദർശനം ഇതിൽ പ്രകടമാവുന്നു. കടമ്മനിട്ടയുടെ ഏറ്റവും പ്രശസ്തമായ ചൊൽക്കവിതയാണു കിരാത വൃത്തം. സ്വപ്നങ്ങൾ വെന്തു ചാരമായിക്കഴിഞ്ഞാൽ പിന്നെ മനുഷ്യനിലവശേഷിക്കുന്നതു ക്രുദ്ധനായ നിഷാദൻ മാത്രമാകുന്നു. നെഞ്ചത്തു പന്തം കുത്തി നില്ക്കുന്ന കാട്ടാളന്റെ നഷ്ടങ്ങൾ നമ്മുടെ നഷ്ടമായി തോന്നിപ്പിക്കുന്നു ഈ കവിതയിലൂടെ കടമ്മനിട്ട .ഒരുമരണത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റെ പരിഹാസ്യത വെളിപ്പെടുത്ത ചാക്കാല എന്ന കവിത ഒന്നാം തരം ആക്ഷേപഹാസ്യ കവിത തന്നെ. ശാന്ത, കോഴി,കുറത്തി, കുഞ്ഞേ മുലപ്പാൽ കുടിക്കരുത്,കണ്ണൂർക്കോട്ട, ഞാനിന്നുമെന്റെ ഗ്രാമത്തിലാ ണ്, അക്ഷരമാല തുടങ്ങി നിരവധി കവിതകൾ കടമ്മനിട്ട രചിച്ചിട്ടുണ്ട്.
കടമ്മനിട്ടയുടെ പ്രശസ്തവരികളിൽ ചിലതു മാത്രം ഇവിടെ കുറിക്കുന്നു.

* എത്ര യുദാരമീ ജീവിതവൃത്തികൾ
എത്തിപ്പിടിച്ചവർ നാം ഭാഗ്യശാലികൾ
(ഭാഗ്യശാലികൾ)
* നിങ്ങളെന്റെ കറുത്ത മക്കളെ
ചുട്ടു തിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ
ചൂഴ്ന്നെടുക്കുന്നോ?
നിങ്ങൾ ഞങ്ങടെ കുഴിമാടം
കുളം തോണ്ടുന്നോ?
നിങ്ങളോർക്കുക നിങ്ങളെങ്ങനെ
നിങ്ങളായെന്ന്.
(കുറത്തി
* കണ്ണു വേണമിരുപുറമെ പ്പോഴും
കണ്ണു വേണം മുകളിലും താഴേം.
കണ്ണിലെപ്പോഴും കത്തിജ്വലിക്കു-
മുൾക്കണ്ണു വേണമണ യാത്ത കണ്ണ്.
(കോഴി)
* എല്ലാ കോട്ട കൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും.
എല്ലാ സുൽത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും.
(കണ്ണൂർക്കോട്ട)

ഒന്നാം സ്റ്റേറ്റു ലൈബ്രറി കൌൺസിലിന്റെയും രണ്ടാം സ്റ്റേറ്റു ലൈബ്രറി കൗൺസിലിന്റെയും സംസ്ഥാന പ്രസിഡണ്ടായി പത്തു വർഷം കടമ്മനിട്ട പ്രവർത്തിച്ചിട്ടുണ്ട്. 1996 - 2001 വരെ കേരള നിയമസഭാംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്‌,ആശാൻ പ്രൈസ്, ബഷീർ പുരസ്കാരം ഇ.വി .സ്മാരക പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ കടമ്മനിട്ടയ്ക്കു ലഭിച്ചിട്ടുണ്ട്.മാനുഷിക മൂല്യങ്ങളെ നിരന്തരം നവീകരിച്ചു കൊണ്ടു തന്റെ കർമ മണ്ഡലത്തിൽ സൂര്യതേജസ്സു പകർന്ന, "കവിതയിലുടെ അകം പുറം പരിണാമ വിധേയമാകുന്ന ജീവിത ദർശനം "വെളിപ്പെടുത്തിയ മലയാളത്തിന്റെ സ്വന്തംകവിയായ കടമ്മനിട്ട രാമകൃഷ്ണന്റെ ജ്വലിതോർമകൾക്കു മുന്നിൽ ഒരു കുടന്ന ചെമ്പനീർപ്പൂക്കൾ സമർപ്പിക്കുന്നു.

സ്മരണ പർവം .17
ഇ.വി.കൃഷ്ണപ്പിള്ള.ഓർമദിനം.മാർച്ച് .30

കേരളത്തിന്റെ ഫലിത സമ്രാട്ട് എന്ന നിലയിൽ പ്രശസ്തനായ എഴുത്തുകാരനും പത്രാധിപരും നിയമസഭാ സമാജികനുമായ ഇ.വി. കൃഷ്ണപ്പിള്ളയുടെ ചരമദിനം ഇന്നാണ്. കൊല്ലം ജില്ലയിലെ കുന്നത്തൂരിൽ
പപ്പു പിള്ളയുടെയും കല്യാണി അമ്മയുടെയും മകനായി 1894 സപ്തംബർ 14 നു ഇ.വി.കൃഷ്ണപ്പിള്ള ജനിച്ചു.1918-ൽ മലയാളം ബി.എ.പാസ്സായി. തുടർന്നു ബി.എൽ ബിരുദവും നേടി വക്കീലായി പ്രവർത്തിച്ചു. ഭാര്യ സുപ്രസിദ്ധ എഴുത്തുകാരനായ സി.വി.രാമൻപിള്ളയുടെ മകൾ മഹേശ്വരി അമ്മ .മക്കൾ മലയാള സിനിമയുടെ പൊട്ടിച്ചിരിയായിരുന്ന അടൂർ ഭാസി, നടൻ ച ന്ദ്രാജി, കെ.ശങ്കരൻ നായർ ,ഓമനക്കുട്ടിയമ്മ,രാജലക്ഷ്മി അമ്മ . ഹാസ്യ ലോകത്തു മികച്ച സംഭാവന നല്കിയ ഇ.വി. കൃഷ്ണപിള്ള 1938 മാർച്ച് 30നു അന്തരിച്ചു. സാഹിത്യരംഗത്തിനൊപ്പം പത്രപ്രവർത്തനത്തിലും ഇ.വി.ശ്രദ്ധ കൊടുത്തിരുന്നു. മലയാളി പത്രത്തിന്റെ ചുമതല കുറച്ചു കാലം വഹിക്കുകയും ചെയ്തു. മലയാളം ചിത്രവാരികയിൽ ത്രിലോക സഞ്ചാരി എന്ന തൂലികാ നാമത്തിൽ എഴുതി. ഇ.വി.യുടെ നർമലേഖനങ്ങളും കഥകളും വളരെ പ്രസിദ്ധം തന്നെ. നേത്രരോഗി, ദ്വിജേന്ദ്ര നാഥ ടാഗോർ എന്നീ തൂലികാനാമങ്ങളിലും വിവിധ പത്രങ്ങളിൽ നർമ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഒന്നാംതരം നടനും നാടകകൃത്തുമായ ഇ.വി.പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടനവധി പ്രഹസനങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. സി.വി.രാമൻ പിള്ളയെ പരിചയപ്പെട്ടതു മുതൽ അദ്ദേഹത്തിന്റെ സാഹിത്യരചനകളിൽ സഹായിയായി പ്രവർത്തച്ചു. ഇതോടെ  ഇ.വി.തന്റെ രചനകളെയും ചെത്തിമിനുക്കിയെടുക്കാൻ കൂടുതൽ ശ്രദ്ധിച്ചു.സമകാലിക സംഭവങ്ങളും വ്യക്തികളും ഇ.വിയുടെ ഹാസ്യ ലോകത്തു നിറഞ്ഞുനിന്നു. നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട
കാലത്ത് എഴുതിയതാണു മികച്ച ഹാസ്യകഥ കളായ എം.എൽ .സി ..കഥകൾ .ചിരിയും ചിന്തയും എന്ന ഉപന്യാസ സമാഹരണവും ജീവിത സ്മരണകൾ എന്ന ആത്മകഥയും മലയാള സാഹിത്യ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്.പോലീസുരാമായണം,മത്തായി മറിയം, കവിതക്കേസ്, കണ്ടക്ടർ കുട്ടി എന്നിവ യുംഇ.വി.യുടെ  ഹാസ്യകൃതികളാണ്. സീതാലക്ഷ്മി, രാജാകേശവദാസൻ, രാമരാജ പട്ടാഭിഷേകം, പ്രണയക്കമ്മീഷൻ, ബി.എ.മായാവി ,ഇരവിക്കുട്ടിപ്പള്ള,മായാ മനുഷ്യൻ, പെണ്ണരശുനാട്, കള്ളപ്രമാണം,  എന്നിവ ഇ.വി.യുടെനാടകങ്ങളാണ്.ബാലകൃഷ്ണൻ, ബാഷ്പ വർഷം എന്നീ നോവലുകളും കേളീസൗധം( 4 ഭാഗം) എന്ന കഥാസമാഹാരവും ഇവി.രചിച്ചിട്ടുണ്ട്. കുട്ടികൾക്കായും ഏതാനും കൃതികൾ ഇദ്ദേഹത്തിന്റെതായുണ്ട്.ഗുരു സമക്ഷം, ഭാസ്കരൻ ,ബാലലീല എന്നിവ അവയിൽപ്പെടുന്നു.മലയാള ഹാസ്യ സാഹിത്യത്തിനു അടിത്തറയി ട്ടവരിൽ പ്രമുഖനായ, ചിരിയുടെ പൂത്തിരികത്തിച്ചു മലയാളികളെ രസിപ്പിച്ച ചിരിത്തമ്പുരാനായ ഇ.വി.യുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സ്മരണ പർവം .16
ഒ.വി.വിജയൻ.സ്മൃതിദിനം..മാർച്ച് .30.

         അമേയമായ സർഗാത്മകത കൊണ്ടു അനുഗ്രഹീതനായ, വാക്കും വരയും ചിന്തയും ഒരു പോലെ വഴങ്ങുന്ന മലയാള സാഹിത്യത്തിലെ സവ്യസാചിയായ,മലയാളത്തിന്റെ നിത്യവിസ്മയമായ, പ്രവാചക തുല്യനായ ഒ.വി.വിജയന്റെ ഓർമദിനം നാമിന്നാചരിക്കുകയാണ്. പാലക്കാട് ജില്ലയിലെ മങ്കരയിൽവേലുക്കുട്ടിയുടെയും കമലാക്ഷി അമ്മയുടെയും മകനായി 1930 ജൂൺ 2നു ഓട്ടുപുരയ്ക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി..വിജയൻ ജനിച്ചു. 
ഭാര്യ ഹൈദരാബാദുകാരിയായ ഡോക്ടർ തെരേസ ഗബ്രിയേൽ.ഏക മകൻ മധു വിജയൻ.ഒ.വി.ശാന്ത, പ്രശസ്ത കവയിത്രിയും ഗാനരചയിതാവുമായ ഒ.വി.ഉഷ എന്നിവർ സഹോദരിമാർ. 2005 മാർച്ച് 30ന് പാർക്കിൻസ് രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ഒ.വി.വിജയൻ നിര്യാതനായി. പാലക്കാട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു സ്കൂൾ പഠനം പൂർത്തിയാക്കിയ വിജയ ൻ 1952-ൽ പാലക്കാടുവിക്ടോറിയ കോളേജിൽ നിന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും 1954-ൽ ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്നു എം.എ.യും നേടി.1956-58 കാലത്തു തഞ്ചാവൂർ കോളേജിൽ അധ്യാപക നായി ജോലി ചെയ്തെങ്കിലും അതു നഷ്ടപ്പെട്ടതിനെ തുടർന്നു 1958-ൽ ഡൽഹിയിൽ എത്തി. ശങ്കേഴ്സ് വീക്കിലിയിൽ കാർട്ടൂണിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. ഡൽഹിയിൽ വച്ചാണു സാഹിത്യകാരൻ എന്ന നിലയിൽ വിജയൻ പേരെടുത്തത്. 1969-ൽ  ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ പുറത്തിറങ്ങി. അന്നും ഇന്നും അദ്ഭുതകൃതിയായി ഖസാക്കിന്റെ ഇതിഹാസം വാഴ്ത്തപ്പെടുന്നു. വിജയന്റെ സഹോദരി യായ ഒ.വി.ശാന്ത പലക്കാട്ടെ തസ്രാക്കിലെ ഏകാധ്യാപക സ്കൂളിൽ ജോലി ചെയ്തിരുന്നു. കുറച്ചു കാലം വിജയനും അവിടെ താമസിച്ചു.വിജയൻ ഖസാക്ക് എന്ന  ഗ്രാമമായി തന്റെ നോവലിൽ പുനരാവിഷ്കരിച്ചതു തസ്രാറക്കിനെയാണ്. ഖസാക്കിന്റെ ഇതിഹാഹം ഒ.വി.വിജയൻ എന്ന പ്രതിഭാധനനായ എഴുത്തുകാരന്റെ വരിഷ്ഠ കൃതി തന്നെ.ഒപ്പം മലയാളത്തിന്റേതും. അന്നോളം വായനക്കാരന് അനുഭവിക്കാൻ സാധിച്ചിട്ടില്ലാത്ത ഒരു ലാവണ്യാനുഭൂതിയാണ് ഈ കൃതി പ്രദാനം ചെയ്തത്. ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്നു സാഹിത്യ ചരിത്രകാരമാർക്കു വ്യവഹരിക്കേണ്ടി വിധം ഈ നോവൽ സുമേരു കണക്കേ ഉയർന്നുയർന്നു നില്ക്കുന്നു. ഖസാക്ക്, കൂമൻകാവ് എന്നീ സ്ഥലങ്ങളും രവി, മൈമുന, മാധവൻ നായർ,നൈസാമലി, അപ്പുക്കിളി ,അള്ളാപ്പിച്ച മൊല്ലാക്ക, കുപ്പച്ചൻ, കുട്ടാടൻ പൂശാരി തുടങ്ങിയ കഥാപാത്രങ്ങളും മലയാളികൾക്കു ഒരിക്കലും മറക്കാൻ പറ്റില്ല തന്നെ. മനുഷ്യന്റെയും പ്രകൃതിയുടെയും അസ്തിത്വ ദൗർബല്യങ്ങൾ അതി ചാതുരിയോടെയാണ് വിജയൻ ഈ നോവലിൽ അനാവരണം ചെയ്യുന്നത്. കഥാനായകനായ രവിയുടെ ജീവിതത്തിന്റെ ഉയർ ച്ച താഴ്ചകൾ നോവലിൽ ആവിഷ്കരിക്കുമ്പോൾ അനുവാചകരിൽ സന്തോഷവും സന്താപവും നിറയുന്നു. " ഖസാക്കിന്റെ ഇതിഹാസം ഒരനുഭൂതിയാണ്.  അനുഭവമാണ്. ജീവിതത്തിന്റെ ഏതോ അർഥതലങ്ങളിലേക്കും അർഥശൂന്യതയിലേക്കും അതു നമ്മേ കൊണ്ടു ചെല്ലുന്നു. അത് ഏതോ ജന്മ പരമ്പരകളുമായി നമ്മുടെ മനസ്സിനെ ബന്ധിപ്പിക്കുന്നു." ഡോ: എം.എം.ബഷീറിന്റെ ഈ നിരീക്ഷണം നൂറു ശതമാനം ശരിയാണെന്നു ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആഴപ്പരപ്പുകളിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ നമുക്കു മനസ്സിലാകും.ഖസാക്കിന്റെ ഇതിഹാസമെഴുതി 16 വർഷങ്ങൾക്കു ശേഷമാണു അടിയന്തരാവസ്ഥയെ വിമർശിച്ചു കൊണ്ട ധർമപുരാണം എന്ന നോവൽ മലയാള നാടിലൂടെ ഖണ്ഡശയായി പ്രസിദ്ധീകരിച്ചത്. ഈ നോവലിന് അനുകൂലമായും പ്രതികൂലമായും ഒട്ടനവധി അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു.ഇന്ത്യൻ രാഷ്ട്രീയത്തിയത്തിൽ കടന്നു കയറിയ ഏകാധിപത്യ ഭരണത്തെ അതിനിശിതമായ ഭാഷയിൽ ഈ നോവലിൽ പ്രതിപാദിക്കുന്നു. പിന്നീടു ഗുരുസാഗരം എന്ന തത്വചിന്താപരമായ നോവലാണു പ്രസിദ്ധീകരിച്ചത്.പ്രകൃതിയിലേക്കു മനുഷ്യനെ കൈ പിടിച്ചു കയറ്റുന്ന മധുരം ഗായതി എന്ന കൃതി പിന്നാലെ വന്നു. ഈ നോവലുകൾ ഒ.വി.വിജയൻ ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.ഒ.വി.വിജയന്റെ പ്രസിദ്ധമായ കഥകളാണു കടൽത്തീരത്ത്, കാറ്റുപറഞ്ഞ കഥ, അരിമ്പാറ, ഒരു നീണ്ട രാത്രിയുടെ ഓർമയ്ക്ക് തുടങ്ങിയവ. അതിശക്തമായ രാഷ്ട്രീയ വിമർശനം ഉൾക്കൊള്ളുന്ന വിജയന്റെ കാർട്ടൂണുകൾ ലോക പ്രസിദ്ധമാണ്.കേന്ദ്ര - സംസ്ഥാന അക്കാദമി അവാർഡ് ,എഴുത്തച്ഛൻ അവാർഡ് ,എം .പി .പോൾ അവാർഡ്, മുട്ടത്തു വർക്കി അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ഒ.വി.വിജയനു ലഭിച്ചിട്ടുണ്ട്.മനുഷ്യ സ്നേഹിയായ, അനുവാചക വൃന്ദത്തെ ഒന്നടങ്കം തന്നിലേക്ക് ആവാഹിച്ചെടുത്ത മലയാളത്തിന്റെ വരമായ ഈ ബഹുമു ഖ പ്രതിഭയുടെ ഓർമകൾ നക്ഷത്ര ദീപ്തിയോടെ നമ്മിൽ പ്രസരിച്ചു കൊണ്ടേയിരിക്കുന്നു. ഒ.വി.വിജയൻ എന്ന ഇതിഹാസ കഥാകാരന്റെഓർമകൾക്കു മരണമില്ല തന്നെ...

സ്മരണ പർവം. 15
സ്വദേശാഭിമാനി കെ.രാമകൃഷ്ണപ്പിള്ള, സ്മൃതിദിനം...മാർച്ച് : 28

ആദർശത്തിന്റെ ആൾരൂപവും, നിർഭയനായ പത്ര പ്രവർത്തകനും പ്രശസ്ത എഴുത്തുകാരനും അധികാര ദുഷ്പ്രഭുത്വത്തിനെതിരെ തൂലിക പടവാളാക്കിയ രാജ്യസ്നേഹിയുമായ സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ ചരമദിനം ഇന്നാണ്.
തിരുവന്തപുരത്ത്, നെയ്യാറ്റിൻകരയിലെ അതിയന്നൂരിൽ നരസിംഹൻ പോറ്റിയുടെയും മുല്ലപ്പള്ളി വീട്ടിൽ ചക്കിയമ്മയുടെയും മകനായി 1878 മെയ് 25 നു കെ.രാമകൃഷ്ണപ്പിള്ള ജനിച്ചു. നെയ്യാറ്റിൻകരയിലെയും തിരുവന്തപുരത്തെയും സ്കൂളുകളിൽ വിദ്യാഭ്യാസം. 1894-ൽ തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ പഠനത്തിനു ചേർന്നു. മഹാകവി ഉള്ളൂരും ഒടുവിൽ കുഞ്ഞികൃഷ്ണമേനോനും അടുത്ത സപപാഠികളായിരുന്നു. 1901-ൽ രാമകൃഷ്ണപ്പിള്ള വിവാഹിതനായി. ഭാര്യയായ നാണിക്കുട്ടി അമ്മയുടെ മരണത്തെ തുടർന്നു 1905-ൽ ബി. കല്യാണിയമ്മയെ വിവാഹം ചെയ്തു. മലയാളത്തിലെ ആദ്യ കഥാകാരികളിലൊരാളാണ് കല്യാണി അമ്മ. സ്വദേശാഭിമാനി രാമക്ഷ്ണപ്പിള്ളയുടെ ജീവചരിത്രം വ്യാഴവട്ട സ്മരണകൾ രചിച്ചത് ബി. കല്യാണി അമ്മയാണ്. ഈ ഓർമ പുസ്തകം മലയാളത്തിലെ എണ്ണം പറഞ്ഞ ജീവചരിത്രങ്ങളിലൊന്നാണ്.
ദേശാഭിമാനത്തിന്റെ പര്യായമെന്നു വിശേഷിപ്പിക്കുന്ന, പത്രപ്രവർത്തകരുടെ ഉത്തമ മാതൃകയായ കെ.രാമകൃഷ്ണപ്പിള്ള ക്ഷയരോഗ ബാധിതനായി തൻെറ 38-ാംവയസ്സിൽ, 1916 മാർച്ച് 28ന് അന്തരിച്ചു.
   ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ പത്ര-മാസികളിൽ എഴുതിത്തുടങ്ങിയിരുന്നു. രാമരാജൻ എന്ന പ്രതിവാര പത്രത്തിലായിരുന്നു ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്.1899 സപ്തംബർ 14 ന് ആരംഭിച്ച കേരള ദർപ്പണത്തിന്റെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു കൊണ്ടുരാമകൃഷ്ണപ്പിള്ള പത്രപ്രവർത്തനരംഗത്തേക്കു പ്രവേശിച്ചു. തുടർന്നു കേരള വിപഞ്ചക, കേരള ൻതുടങ്ങിയ പത്രങ്ങളുടെയും പത്രാധിപരായി. കേരളൻ എന്നതു രാമകൃഷ്ണപ്പിള്ളയുടെ തൂലികാനാമം കൂടിയായിരുന്നു.രാമകൃഷ്ണപ്പിള്ളയുടെ യഥാർഥ പത്രപ്രവർത്തനം തുടങ്ങിയതു സ്വദേശാഭിമാനിയുടെ പത്രാധിപത്വംഏറ്റെടുത്തോടെയാണ്. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിലുള്ള പത്രമായിരുന്നു സ്വദേശാഭിമാനി. ഈ പത്രത്തിന്റെ നടത്തിപ്പിനുള്ള പരിപൂർണ സ്വാതന്ത്ര്യം രാമകൃഷ്ണയ്‌ക്കു വക്കം മൗലവി അനുവദിക്കുകയും ചെയ്തു.
  തിരുവിതാംകൂർ രാജഭരണത്തിന്റെ തെറ്റായ ഭരണത്തിനെതിരെയും ദിവാൻ പി.രാജഗോപാലാചരിയുടെ ഏകാധിപത്യ പ്രവണതക്കെതിരെയും സ്വദേശാഭിമാനിയിലൂടെ രാമകൃഷ്ണപ്പിള്ള ശബ്ദമുയർത്തി. രാജകൊട്ടാരത്തിലെ വൈതാളിക ക്കൂട്ടത്തിന്റെ അന്യായ പ്രവൃത്തികൾ ജനങ്ങളിലെത്തിക്കുവാൻ രാമകൃഷ്ണപ്പിള്ള അക്ഷീണം യത്‌നിച്ചു. പക്ഷേ കൊട്ടാരം പാർശ്വവർത്തികൾക്ക് ഈ പത്രത്തോടു കടുത്ത വിദ്വേഷം തന്നെയുണ്ടായി. ഇതിന്റെ പരിണിത ഫലം സ്വദേശാഭിമാനി പ്രസ്സിന്റെ കണ്ടുകെട്ടലും പത്രാധിപരുടെ നാടുകടത്തൽ ശിക്ഷയുമായിരുന്നു. 1910 സപ്തംബർ 26 നു രാമകൃഷ്ണപ്പിള്ള തിരുവിതാംകൂറിൽ നിന്നു ബഹിഷ്കൃതനായി. തുടർന്ന് അദ്ദേഹം പാലക്കാട്, മദ്രാസ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ജീവിച്ചത്. നാടുകടത്തൽ ശിക്ഷയിലൂടെ സ്വദേശാഭിമാനിയുടെ ജീവിതം ഇല്ലാതാക്കാമെന്നു കരുതിയവർക്കു തെറ്റി. ഇതോടെ ജനമനസ്സിൽ അദ്ദേഹത്തിനു ചിരപ്രതിഷ്ഠ നേടാൻ സാധിച്ചു എന്നതാണു ചരിത്ര സാക്ഷ്യം. പാലക്കാടു നടന്ന മഹാസമ്മേളത്തിൽ വച്ചു മലേഷ്യൻ മലയാളികൾ അദ്ദേഹത്തിനു സ്വദേശാഭിമാനി എന്ന മഹനീയ ബഹുമതി നല്കി,
  പത്രപ്രവർത്തകൻ എന്നതിനോളം തന്നെ പ്രാധാന്യം സാഹിത്യ രംഗത്തും ഇദ്ദേഹത്തിനുണ്ടായിരുന്നു. ശാസ്ത്ര പാഠപുസ്തകങ്ങൾ, പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട കൃതികൾ, ജീവചരിത്രം, കഥ, നോവൽ, ഗ്രന്ഥ നിരൂപണം, രാഷ്ട്രീയ ലേഖനങ്ങൾ തുടങ്ങിയ സാഹിത്യ ശാഖകളിൽ 25-ൽപ്പരം കൃതികൾ രാമകൃഷ്ണപ്പിള്ള രചിച്ചു. 1912-ൽ ഇദ്ദേഹം രചിച്ച കാറൽ മാർക്സ് എന്ന ജീവചരിത്ര ഗ്രന്ഥം ഇന്ത്യൻ ഭാഷകളിൽ രചിക്കപ്പെട്ട മാർക്സിന്റെ ആദ്യജീവചരിത്രമാണ്. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിലെഴുതിയതും രാമകൃഷ്ണപ്പിള്ള തന്നെ. കൃതിയുടെ പേര് മോഹൻ ദാസ് ഗാന്ധി. പത്രപ്രവർത്തനത്തെക്കുറിച്ച് ആധികാരിക മായി രചിക്കപ്പെട്ട കൃതിയാണു വൃത്താന്തപത്രം. ഇതു പത്രപ്രവർത്തകർക്കു ലഭിച്ച അമൂല്യമായ കൈപുസ്തകം തന്നെയാണ്. കേരള ഭാഷോല്പത്തി ,നരകത്തിൽ നിന്ന്, വാമനൻ, ക്രിസ്റ്റഫർ കൊളംബസ്, കൃഷി ശാസ്ത്രം, ബാലബോധിനി, സോക്രട്ടീസ് തുടങ്ങിയവയാണു മറ്റു കൃതികൾ. രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥയാണ് എന്റെ നാടുകടത്തൽ എന്ന കൃതി.
"സ്വാതന്ത്ര്യത്തിന്റെ തീപ്പന്തം കൈയിലേന്തി
മറയാത്ത അക്ഷര ലോകംസൃഷ്ടിച്ച, "
നിർഭയത്വം, ധീരത, പൗരുഷം എന്നിവ കൈമുതലാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ഓർമകൾ നമ്മുടെ മനസ്സിൽ കനലൊളിയായി പ്രകാശിച്ചു കൊണ്ടേയിരിക്കുന്നു. മഹാനായ ഈ പത്രാധിപരുടെ അനശ്വര ഓർമകൾക്കു മുന്നിൽ കൂപ്പുകൈ .


സ്മരണ പർവം. 14
കുഞ്ഞുണ്ണി മാഷ്.. സ്മൃതിദിനം.. മാർച്ച് -26.
  അതി മനോഹരവും, ആശയ ഗാംഭീര്യവുമാർന്ന കുഞ്ഞു കവിതകളുടെ വലിയ തമ്പുരാനായ, കഥ പറഞ്ഞും കടംകഥ ചൊല്ലിയും പഴഞ്ചൊല്ലുകളുടെ ഭാണ്ഡക്കെട്ടഴിച്ചും കുഞ്ഞു മനസ്സുകളിൽ കൂടിയേറിപ്പാർത്ത, കേരളത്തിന്റെ ഹൈക്കു കവി എന്നു വിശേഷിപ്പിക്കുന്നകാലാതിവർത്തിയായ കവിതയുടെ സ്രഷ്ടാവായ, മലയാളത്തിൻെറ മഹാപുണ്യമായ കുഞ്ഞുണ്ണി മാഷിന്റെ ചരമദിനം ഇന്നു മലയാളികൾ സാദരം ആചരിക്കുകയാണ്തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്തു വലപ്പാട് പള്ളി പ്രത്ത് അതിയാരത്തു നാരായണിഅമ്മയുടെയും ഞായപ്പള്ളി ഇല്ലത്തു നീലകകണ്ഠൻ മൂസ്സതിന്റെയും മകനായി 1927 മെയ് 10നു കുഞ്ഞുണ്ണി ജനിച്ചു. അതിയാരത്തു തേറമ്പിൽ കുഞ്ഞുണ്ണി നായർ എന്നതാണു പൂർണ നാമധേയം. വലപ്പാട് സെന്റ് സെബാസ്റ്റ്യൻ ബോയ്സ് ഹൈസ്കൂൾതൃപ്രയാർ ബോയ്സ് സെക്കന്ററി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ പഠനം പൂർത്തിയാക്കി. 1949 പാലക്കാട് ഗവ: ട്രെയിനിങ്ങ്സ്കൂളിൽ നിന്നു ടി.ടി.സി.യും പാസ്സായി. ചേളാരിഎ.യു.പി.സ്കൂൾ, രാമനാട്ടുകര മിഡിൽ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്ത ശേഷം 1953 മുതൽ കോഴിക്കോടു മീഞ്ചന്ത ശ്രീരാമകൃഷ്ണ സ്കൂളിൽ അധ്യാപകനായി.1982- അധ്യാപക ജോലിയിൽ നിന്നു വിരമിച്ചുമലയാളത്തിന്റെ സ്വന്തം കുട്ടേട്ടനായ, നമ്മുടെ നാട്ടുവെളിച്ചമായ കുഞ്ഞുണ്ണി മാഷ് 2006 മാർച്ച് 26 നു അന്തരിച്ചു.
  കുഞ്ഞുണ്ണി ആറാം ക്ലാസുതൊട്ടേ കവിത എഴുതാൻ തുടങ്ങി.ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ എന്ന കൃതിയെ അനുകരിച്ച് ഒരു നോവൽ എഴുതി. കുഞ്ഞുണ്ണിയുടെ കുടുംബാന്തരീക്ഷം സാഹിത്യവാസന പരിപോഷിപ്പിക്കാനുയോജ്യമായിരുന്നു. സ്കൂൾ യുവജനോത്സവങ്ങളിൽ എന്നും ഒന്നാം സ്ഥാനം കുഞ്ഞുണ്ണിക്കായിരുന്നു.
"ആന പോകുന്ന പൂമരത്തിന്റെ
ചോടെ പോകുന്നതാരെടാ
ആരനുമല്ല കൂരനുമല്ല
കുഞ്ഞുണ്ണി മാഷും  കുട്ട്യോളും".
എവിടെ കുഞ്ഞുണ്ണി മാഷുണ്ടോ അവിടെ കുട്ട്യോളുമുണ്ടായിരുന്നു. ആകൃതി കൊണ്ടും മനസ്സുകൊണ്ടും കവിതകൊണ്ടും കുഞ്ഞുണ്ണി മാഷ് ഒരു കുട്ടി തന്നെയായിരുന്നു. കുഞ്ഞു തലമുറയുടെ മനസ്സിനു കരുത്തു പകരുന്ന കവിതകളും കാര്യങ്ങളും ചൊല്ലുകളും പറഞ്ഞ് അദ്ദേഹം കുട്ടികളുടെ പ്രിയ ചങ്ങാതിയായി. കുട്ടികൾക്ക് ഇപ്പോഴും ഏറെ പരിചിതമായ കുട്ടിക്കവിതകൾ കുഞ്ഞുണ്ണി മാഷിന്റെതു തന്നെ.കാച്ചിക്കുറുക്കിയെടുത്ത വരികളിലൂടെ കവിതയെ ധന്യമാക്കിയ മാഷ് ഗദ്യ രചനയിലും സ്വന്തമായ ഒരുശൈലി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
  കോഴിക്കോട് രാമകൃഷ്ണാശ്രമം സ്കൂളിൽ പഠിപ്പിച്ചു കൊണ്ടിരിക്കെ എം.ടി.യുടെ പ്രേരണമൂലം മാതൃഭൂമി വാരികയിലെ ബാലപംക്തി കൈകാര്യം ചെയ്യാൻ തുടങ്ങി. ഇതോടെകുഞ്ഞുണ്ണി മാഷ് കുട്ടേട്ടൻ എന്നും അറിയപ്പെട്ടു. അക്കാലത്തു മലയാളത്തിലെ പല എഴുത്തുകാരുടെയും ആദ്യ രചനകൾ കണ്ടതും വായിച്ചതും കുഞ്ഞുണ്ണി മാഷായിരുന്നു. എഴുതി വളർന്നു വരുന്ന പുതു തലമുറയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിൽ മാഷ് അല്പം പോലും പിശുക്കുകാണിച്ചിരുന്നില്ല. മലയാളത്തിലെ പഴഞ്ചൊല്ലുകളുടെയും, കടംകഥകളുടെയും ശൈലികളുടെയും ഓമനച്ചന്തം തന്റേതായ കാവ്യ ഭാഷയിൽ മാഷ്പ്രകാശിപ്പിച്ചപ്പോൾ നമ്മുടെ ഭാഷ, സ്വർഗീയ ഭാഷയായി മാറുകയായിരുന്നു. 1951- പ്രസിദ്ധീകരിച്ച കുട്ടികൾ പാടുന്നു എന്ന കൃതി മുതൽ 2005- പ്രസിദ്ധീകരിച്ച കുഞ്ഞുണ്ണി രാമായണം വരെ 85-ൽപ്പരം കൃതികൾമാഷിന്റേതായിട്ടുണ്ട്. വിത്തും മുത്തും, കുറ്റിപ്പെൻസിൽ, ഊണു തൊട്ടു ഉറക്കം വരെ, ണ്ടനും ഉണ്ടിയും, കുഞ്ഞുണ്ണിക്കവിതകൾ, പുലിവാല്, അക്ഷരത്തെറ്റ് തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടതാണ്. മാഷിന്റെ സമ്പൂർണ കൃതികൾ ഡി.സി.ബുക്സ്പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1977- കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അക്ഷരത്തെറ്റ് എന്ന കൃതി വിദ്യാർഥികളും അധ്യാപകരും പാഠപുസ്തകമായി കരുതേണ്ടതാണ്. ഭാഷാ പ്രയോഗങ്ങളിൽമലയാളികൾ പുലർത്തുന്ന അലസത ഇന്നു പതിവായി മാറുകയാണ്. ശ്രീരാമകൃഷ്ണപരമഹംസരുടെ "ശ്രദ്ധയുള്ളവർക്ക് എല്ലാമുണ്ട്" എന്ന വചനം ഉദ്ധരിച്ചു കൊണ്ടാണ് അക്ഷരത്തെറ്റ് എന്ന കൃതി തുടങ്ങുന്നത്. 22ഉപന്യാസമടങ്ങിയ കൃതി നമ്മുടെ പുസ്തക ശേഖരത്തിൽ ഒരലങ്കാരമായിരിക്കും.
  കുഞ്ഞുണ്ണി മാഷിന്റെ കൃതികളെപ്പറ്റി നിരവധി പഠനങ്ങൾ ഭാഷയിൽ പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ കുട്ടികൾക്കായി മാഷ് എഴുതിയ കത്തുകളും പ്രസിദ്ധമാണ്. ഗവേഷണ പ്രബന്ധങ്ങളും നിരവധി ലേഖനങ്ങളും മാഷിന്റെ കാവ്യലോകവുമായി ബന്ധപ്പെട്ടുരചിക്കപ്പെട്ടിട്ടുമുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ മാഷിനു ലഭിച്ചിട്ടുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ കുറുങ്കവിതകൾ പാടിപ്പഠിച്ചാണല്ലോ നമ്മുടെ കുഞ്ഞുങ്ങൾ വളർന്നു വരുന്നത്. വർഷങ്ങൾക്കു മുമ്പ് സ്കൂൾ വർഷാരംഭത്തിൽ ഒന്നാം ക്ലാസിലെ കൊച്ചു കൂ ട്ടുകാർക്ക് ഞാൻ ചൊല്ലിക്കൊടുത്തതും കുഞ്ഞുണ്ണിക്കവിതകൾ തന്നെ.
പൂച്ച നല്ല പൂച്ച വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു.
ആയിഠായി മിഠായി
തിന്നുപ്പോഴെന്തിഷ്ടായി
തിന്നുകഴിഞ്ഞു കഷ്ടായി
അന്ന് പാട്ടുകൾ ഏറ്റു പാടു മ്പോഴുള്ളകുട്ടികളുടെ സന്തോഷ ഭാവം ഇപ്പോഴും എന്റെ മനസ്സിൽ തെളിയുന്നുണ്ട്. മാഷിന്റെ എല്ലാ കവിതകളും ഒരുപോലെ വിളഞ്ഞു പാകമായതു തന്നെ. അവയിൽ ചിലതു മാത്രം ഇവിടെ ഉദ്ധരിക്കട്ടെ.
*പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാൻ.
* കപട ലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം.
* പ്രധാനമന്ത്രിയും ശിപായിയുമൊരേ
തരക്കാരായിടുമുറക്കം തൂങ്ങുമ്പോൾ .
 *മരിച്ചോർക്കേ മുറിക്കാവൂ മരം
* വലിയൊരീ ലോകം മുഴുവൻ നന്നാക്കാൻ
ചെറിയൊരു സൂത്രം ചെവിയിലോ താം ഞാൻ
സ്വയം നന്നാവുക.
*എനിക്കുണ്ടൊരു ലോകം. നിനക്കുണ്ടൊരു ലോകം.
നമുക്കില്ലൊരു ലോകം.
* ഗുരുവിനും ശിഷ്യനും മധ്യത്തിൽ പാഠപുസ്തകം ഗുരുതരമായ തടസ്സമല്ലോ.
* കവിതയിലൊരു വിതയുണ്ട്.
* കാലം കുറുക്കിയെടുപ്പതല്ലോ കല.

മാഷിന്റെ കുറുങ്കുവിതകൾ എത്ര വേണമെങ്കിലും ഉദ്ധരിക്കാം.
[ കുറിപ്പിന്റെ അനുബന്ധമായി ചേർത്ത ഫോട്ടോ കുഞ്ഞുണ്ണി മാഷ് 2003- കുറ്റ്യാട്ടൂർ-പഴശ്ശി സ്കൂളിൽ സാഹിത്യ സമാജം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ എടുത്ത താണ്. ഫോട്ടോഗ്രാഫർ ..ഗ്രാന്മരാജീവൻ. മാഷിന്റെ ഒപ്പും മാഷ് എഴുതിത്തന്ന വരിയും കൂടി ചേർത്തിട്ടുണ്ട്.]

 "നാടോടിത്തനിമയെ വ്യക്തി ജീവിതം കൊണ്ടെന്ന പോലെ കലാ ജീവിതത്തിലും ആവാഹിച്ച ", മലയാളത്തിലെ ആധുനികകവിതയുടെ ആൾരൂപമായ, ഇത്തിരി യോളമുള്ള വാക്കുകൾ കൊണ്ടു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ച കുഞ്ഞുണ്ണിമാഷിനെ മലയാളികൾക്കു മറക്കാൻ പറ്റുമോ? മറക്കുന്നവർ ഉണ്ടെങ്കിൽ അവർ മലയാളികൾ ആയിരിക്കില്ല.മലയാളികളുടെ പ്രിയംവദനനായ ഗുരുനാഥാ, അങ്ങേയ്ക്കു സഹസ്രകോടി പ്രണാമം.



സ്മരണ പർവം:13
കെ.ടി.മുഹമ്മദ് . സ്മൃതിദിനം.മാർച്ച് 25

  നാടകത്തിൻെറ കറവ വറ്റാത്ത കലാപ്രതിഭയും സിനിമാ സംവിധായകനും തിരക്കഥാകൃത്തും മികച്ച എഴുത്തുകാരനുമായ കെ.ടി.മുഹമ്മദിന്റെ ചരമദിനം ഇന്നാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമുവിന്റെയും ഫാത്തിമക്കുട്ടിയുടെയും മകനായി 1929 സപ്തംബർ  29 ന് കെ.ടി.മുഹമ്മദ് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസാനന്തരം തപാൽ
വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. സിനിമാ നടി സീനത്തിനെ വിവാഹം കഴിച്ചു. ഈ വിവാഹബന്ധം 1993-ൽ വേർപിരിഞ്ഞു. ഏക മകൻ ജിതിൻ . 2008 മാർച്ച് 25 നു മലയാളത്തിന്റെ പ്രശസ്ത നാടകാചാര്യനായ കെ.ടി.മുഹമ്മദ് നിര്യാതനായി.
  പഠിക്കുന്ന കാലത്തു തന്നെ നാടകത്തോട്    അദമ്യമായ താല്പര്യം പുലർത്തിയിരുന്ന  കെ.ടി. സാമൂഹ്യ പരിഷ്കരണം ഉന്നം വച്ചായിരുന്നു നാടകരചന ആരംഭിച്ചത്. പരീക്ഷണാത്മകമായ നിരവധി നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ചു നാടകാസ്വാദകരെ വിസ്മയിപ്പിക്കാൻ കെ.ടി.യ്ക്കു കഴിഞ്ഞു. താനടക്കമുള്ള സമുദായത്തിന്റെ ഇരുൾ നിറഞ്ഞ ഉൾ മുറികളിലാണു കെ.ടി വിളക്കുകൊളുത്തിയത്. നവോത്ഥാനത്തിന്റെ പാഠപുസ്തകത്തിൽ നിന്നാണ് എഴുത്തിന്റെ ശൈലി കെ.ടി. നേടിയത്. ഇതു ഭൂമിയാണ് എന്ന കെ.ടി.യുടെ പ്രശസ്തമായ നാടകം അക്കാലത്തെ മനംപുരട്ടുന്ന അനാചാരക്കാഴ്ചകൾക്കെതിരെ വെളിച്ചം വീശുന്നതാണ്. ഈ നാടകത്തിന് ഇന്നും പ്രസക്തിയുണ്ടുതാനും. ജനപക്ഷത്തു നിന്നു കൊണ്ട് രചിച്ച ഈ നാടകം അന്നത്തെ യാഥാസ്ഥിതകരുടെ കടുത്ത പ്രതിഷേധത്തിനു വക നല്കുകയും ചെയ്തിരുന്നു. കെ.ടി.യുടെ നാടകത്രയം - സൃഷ്ടി, സ്ഥിതി, സംഹാരം കേരളത്തിലെ വേദികളിൽ നിറഞ്ഞു നിന്ന വിസ്മയക്കാഴ്ച തന്നെയായിരുന്നു. കെ.ടി.യുടെ ഏറ്റവും മികച്ച നാടകം സൃഷ്ടി തന്നെയാണെന്നു നാടകാസ്വാദകർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. സങ്കല്പവും യാഥാർഥ്യവും തമ്മിലുള്ള, ജീവിതവും കലയും തമ്മിലുള്ള, കലാകാരന്റെ വ്യക്തി ജീവിതവും സർഗജീവിതവും തമ്മിലുള്ള പൊരുത്തക്കേടുകളാണു നാടകത്തിന്റെ കേന്ദ്രാശയം. വിശപ്പും ദാരിദ്യവുമാണു മനുഷ്യന്റെ ഏററവും വലിയ വേദനയെന്ന് ഈ നാടകം നമ്മെ ഓർമപ്പെടുത്തുന്നു. "മനുഷ്യന്റെകണ്ണുകളെ വെളിച്ചത്തിനഭിമുഖമായി തുറപ്പിക്കുന്നതാണു സാഹിത്യം" എന്ന കെ.ടി.യുടെ വിശ്വാസം തന്നെ നാടകങ്ങളിലൂടെ അദ്ദേഹം എന്നും ഓർമപ്പെടുത്താറുണ്ട്. സൃഷ്ടി കണ്ടതിനു ശേഷം കാണികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടത് ഇങ്ങനെ "ഇതാണു നാടകം. ഞങ്ങൾ കാണാൻ കൊതിക്കുന്ന നാടകം."
  കറവറ്റ പശു, കാഫർ, ചുവന്ന ഘടികാരം, കടൽപ്പാലം, തുറക്കാത്ത വാതിൽ, നാൽക്കവല, മേഘസന്ദേശം, സംഗമം, സാക്ഷാൽക്കാരം, ദീപസ്തംഭം മഹാശ്ചര്യം, തുടങ്ങി 40-ൽപ്പരം നാടകങ്ങൾ കെ. ടി. രചിച്ചു. മാംസപുഷ്പങ്ങൾ, കണ്ണുകൾ, ചിരിക്കുന്ന കത്തി തുടങ്ങി 6 കഥാസമാഹാരങ്ങളും കണ്ടം ബച്ച കോട്ട്, അച്ഛനും ബാപ്പയും, കടൽപ്പാലം തുടങ്ങി 20 തിരക്കഥകളും കെ .ടി .രചിച്ചു. സൃഷ്ടി എന്ന നാടകം പിൽക്കാലത്തു കെ.ടി.സിനിമയായി അവതരിപ്പിച്ചു. ഇതു സംവിധാനം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. നാടകങ്ങളെ പ്രോത്സാഹിപ്പിക്കാനായി കെ.ടി സംഗമം തീയേറ്റേഴ്സ്, കലിംഗ തീയേറ്റേഴ്സ് എന്നിവ രൂപീകരിച്ചു. കേരളത്തിലെ പ്രശസ്ത നാടകവേദികൾ തന്നെയായിരുന്നു ഇവ.
  കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, സംഗീത നാടക അക്കാദമി ചെയർമാൻ തുടങ്ങി ഒട്ടേറെ പദവികൾ കെ.ടി വഹിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭ പുരസ്കാരം, പുഷ്പ ശ്രീ ട്രസ്റ്റ് പുരസ്കാരം, ലളിതാംബിക അന്തർജനം പുരസ്കാരം തുടങ്ങിയ ബഹുമതികളും കെ.ടി.യ്ക്കു ലഭിച്ചിട്ടുണ്ട്. തന്റെ ദീർഘമായ രംഗ ജീവിതത്തിൽ നിന്ന് ആർജിച്ച അനുഭവത്തികവുകളും, ജന്മസിദ്ധമായ സർഗശേഷിയും സമന്വയിപ്പിച്ചു സ്വന്തമായി നിർമിച്ചെടുത്ത നാടക ശൈലി, അതീവ ദരിദ്രമായ മലയാള നാടകവേദിക്കു ദാനമായി നല്കി എന്നതാണ് കെ.ടിയുടെ ഏറ്റവും ഉദാത്തമായ സവിശേഷത.  മലയാള നാടകവേദിക്കു വേണ്ടി ജീവതം സമർപ്പിച്ച, രംഗഭാഷയുടെ സർവസാധ്യതകളും മനപ്പാഠമാക്കിയ, നാടക ദാർശിനികനായ കെ.ടി.മുഹമ്മദിന്റെ ഓർമകൾ നമ്മിൽ മങ്ങില്ല ... അണയില്ല... ആ ഓർമകൾ ജ്വലിച്ചുകൊണ്ടേയിരിക്കും.

സ്മരണ പർവം : 12
പണ്ഡിറ്റ് കെ .പി .കറുപ്പൻ. 
ഓർമദിനം, മാർച്ച് 23.
  പതിതരുടെ ജിഹ്വയായ, മലയാളത്തിലെ ദളിതകവിതയുടെ തുടക്കക്കാരിലൊരാളായ,സാമൂഹ്യ പരിഷ്കർത്താവായ, അനുഗൃഹീത
കവി ശ്രേഷ്ഠനായ പണ്ഡിറ്റ് കെ.പി.കറുപ്പന്റെചരമദിനമാണിന്ന്.പഴയ കൊച്ചി രാജ്യത്തെ കണയന്നൂർ താലൂക്കിൽ ചേരാനല്ലൂർ ഗ്രാമത്തിലാണു ജനന സ്ഥലം. പിതാവ് കണ്ടത്തിപ്പറമ്പ് തറവാട്ടിൽഅയ്യൻ. മാതാവു കൊച്ചു പെണ്ണ്.1885 മെയ് 24 നാണ് കറുപ്പൻ ജനിച്ചത്.ചെറായിൽ കൃഷ്ണനാശാൻ, അന്നമനടരാമപ്പൊതുവാൾ എന്നിവരുടെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാ ന്റെഅകമഴിഞ്ഞപ്രോത്സാഹനവും ലഭിച്ചു. ആയിടയ്ക്ക് കൊച്ചി രാമവർമ മഹാരാജാവിനു ചിലമംഗളശ്ലോകങ്ങളെഴുതി സമർപ്പിച്ചു.മഹാരാജാവ് എറണാകുളം മഹാരാജാസ് കോളേജിലെ സംസ്കൃതപണ്ഡിതനായിരുന്ന രാമപ്പിഷാരടിയുടെ കീഴിൽ വിദ്യാഭ്യാസം തുടരനായി നിർദേശിച്ചു.വിദ്യാഭ്യാസാനന്തരം 1905-ൽ എറണാകുളം സെൻറ് തെരേസാസ് ഹൈസ്കൂളിൽ സംസ്കൃതം മുൻഷിയായി നിയമതിനായി. ഈ സമയത്ത് അദ്ദേഹത്തിനു കേവലം ഇരുപതു വയസ്സു മാത്രമായിരുന്നു പ്രായം .തുടർന്നു ഫിഷറീസു വകുപ്പിലും തുടർന്നു കാസറ്റ് ഗേൾസ് ഹൈസ്കൂളിലും ജോലി ചെയ്തു. സവർണ വിദ്യാലയത്തിലൊരവർണ അധ്യാപകൻ .ഇതു വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷിൽ അവഗാഹം നേടിയ കറുപ്പൻ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി .മരണം വരെ ഈ പദവി അദ്ദേഹം തുടർന്നു.1938 മാർച്ച് 23നു കവി തിലകൻ, വിദ്വാൻ എന്നീ ബഹുമതികൾ നേടിയ കെ.പി .കറുപ്പൻ ദിവംഗതനായി. ധീവര, പുലയരാദി അധ:സ്ഥിതരുടെ ഉന്നമനത്തിനായി തന്റെ നാവും തൂലികയും പടവാളാക്കി പോരാടിയ പണ്ഡിറ്റ് കെ. പി. കറുപ്പൻ ജാതിക്കോമരങ്ങളുടെ ഇളകിയാട്ടങ്ങൾക്കെതിരെ നിരവധി കവിത രചിച്ചു. തന്റെ കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥയിൽ ദളിത് വിഭാഗം അനുഭവിച്ച കഷ്ടപ്പാടുകൾ കണ്ടു മനസ്സു വിങ്ങിയ അദ്ദേഹം തന്റെ മാധ്യമമായ കവിതയിലൂടെ ശക്തിയായിത്തന്നെ പ്രതികരി ച്ചു.കെ.പി .കറുപ്പന്റെ പ്രഥമ കൃതിയായ ലങ്കാ മർദനം 1906-ൽ പ്രസിദ്ധീകരിച്ചു. ജാതി വ്യവസ്ഥയുടെ അധാർമികതക്കെതിരെയും തൊട്ടുകൂടായ്മക്കെതിരെയും നിശിതമായി വിമർശിച്ചെഴുതിയ കൃതിയാണു ജാതിക്കുമ്മി .അന്ധവിശ്വാസങ്ങൾക്കെതിരെ ബാലാ കലേശം എന്ന കൃതിയിലൂടെ അദ്ദേഹം ഉറക്കെ ഗർജിച്ചു. ദളിതരോടു കാട്ടിയ അവഗണയിൽ അമർഷം രേഖപ്പെടുത്തുന്ന കൃതിയാണു ഉദ്യാന വിരുന്ന്. ദീന സ്വരം ,ലളിതോപഹാരം കിളിപ്പാട്ട്, ആചാര ഭൂഷണം, കൈരളി കൗതുകം, തിരുനാൾക്കുമ്മി, ബാലോദ്യാനം, ഒരു താരാട്ട്, എഡ്വേർഡ് വിജയം തുടങ്ങിയവയാണു കെ.പി.കറുപ്പന്റെ മറ്റു പ്രശസ്ത കൃതികൾ. കെ. പി. കറുപ്പന്റെ പൂർണ കൃതികൾ കാവ്യ പേടകം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  കാവ്യ പേടകം എന്ന കൃതിയിലെ പുലയൻ എന്ന കവിത ഏറെ ശ്രദ്ധേയമാണ്. അതിലെ ഒടുവിലെ വരികൾ ഇങ്ങനെ
" പുലിയും പുലിയോടിണക്കമപ്പോ-
ലെലി മറ്റുള്ള ലിയോടു വേഴ്ച കാണാം
കലിയിങ്കൽ മനുഷ്യരൈകമത്യ -
സ്ഖലിതൻമാരൊരു ജാതിഭിന്ന ജാതി!
പല വേലകൾ ചെയ്കിലും പ്രമോദം
പുലയർക്കില്ലിതുപോൽ വിധിച്ച മൂലം
ഖല ദുർവിധി തന്നിരുമ്പു പേന -
ത്തല കൈയോടെ തുരുമ്പു തിന്നു പോട്ടെ!"
      കെ. പി. കറുപ്പൻ കുട്ടികൾക്കായി രചിച്ച ആറ്റക്കിളി എന്ന കവിതയും അതീവ ഹൃദ്യമാണ്. അതിലെ ആദ്യ വരികൾ ആലപിച്ചു നോക്കാം.
" അരുവിയാറ്റിന്റെ തീരത്തിൽ കേരമാം
തരുവിൻ കൂമ്പടിയോല തൻ തുഞ്ചത്തിൽ
നിരുപമശോഭം തൂങ്ങിടുമാറ്റത-
ന്നരുമക്കൂടെനിക്കുൾ പ്രിയം ചേർക്കുന്നു.
ഉളിയില്ലാതെ, മുഴക്കോൽതൊടാതെയും
ലളിതമാം ചെറുചുണ്ടിൻ സഹായത്താൽ
മിളിതശോഭയിക്കൂടൊന്നു തീർത്താറ്റ - ക്കിളി ! 
നീ പൂമ്പുകൾ പാരിൽ പരത്തുന്നു."
         കെ. പി. കറുപ്പൻ 1925-ൽ കൊച്ചി നിയമസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ടിരുന്നു. കെ. പി. കറുപ്പന്റെ സമുദായ പരിഷ്കരണശ്രമങ്ങളുടെ ഫലമായി നിരവധി സഭകൾ ഉയർന്നു വന്നിരുന്നു. 1910- ൽ തേവരയിൽ സ്ഥാപിച്ച വാല സമുദായ പരിഷ്കാരിണി സഭ,1912ൽ അനാപ്പുഴയിൽ രൂപീകരിച്ച കല്യാണ ദായനി സഭ, വൈക്കത്തു സ്ഥാപിച്ച വാലാ സേവാ സമിതി, 1922-ൽ തുടങ്ങിയ അഖില കേരള അരയ മഹാസഭ എന്നിവ ഏറെ പ്രശസ്തമായ പരിഷ്കരണ സഭകൾ തന്നെ. കെ.പി.കറുപ്പന്റെ ശ്രമഫലമായി അധഃസ്ഥിത വിഭാഗത്തിനു ഗണ്യമായ പുരോഗതി ഉണ്ടാവുകയും ചെയ്തു.
         കേരള നവോത്ഥാന നായകരിൽ പ്രമുഖനായ, കേരളത്തിന്റെ അബ്രഹാം ലിങ്കൺ എന്നു വിശേഷിപ്പിക്കുന്ന സാഹിത്യ നിപുണനായ പണ്ഡിറ്റ് കെ.പി.കറുപ്പന്റഗരിമയാർന്ന ഓർമകൾക്കു മുന്നിൽ ഒരു കുടന്ന ചെമ്പൂക്കൾസമർപ്പിക്കുന്നു.


സ്മരണ പർവം: 11


സി.വി.രാമൻപിള്ള... ഓർമദിനം, മാർച്ച് 21.
 
  അക്ഷരങ്ങളുടെ രാജശില്പി എന്നു വിശേഷിപ്പിക്കുന്ന ,വൈജ്ഞാനിക നോവലിന്റെ പ്രാണേതാവായ, മലയാളത്തിന്റെ ആദ്യത്തെ ചരിത്രാഖ്യായികാ കാരനും സാമൂഹ്യ പരിഷ്കർത്താവുമായ സി..വി.രാമൻപിള്ളയുടെ സ്മൃതി ദിനം ഇന്നാണ്.
Image result for cv raman pillai
  തിരുവന്തപുരത്തു നെയ്യാറ്റിൻകരയിൽ, പനവിളാകത്തു വീട്ടിൽ നീലകണ്ഠപ്പിള്ളയുടെയുടെയും അറയൂർ മണ്ണങ്കര വീട്ടിൽ പാർവതിപിള്ളയുടെയും എട്ടാമത്തെ മകനായി 1858മെയ് 9 നു സി.വി.രാമൻപിള്ള ജനിച്ചു. തിരുവിതാംകൂറിലെ പുകൾപെറ്റ ദിവാനായ രാജാകേശവദാസന്റെ മകളുടെ മകനായ നങ്ക കോയിക്കൽ കേശവൻതമ്പിയുടെ സംരക്ഷണത്തിലായിരുന്നു സി.വി.രാമൻപിള്ളയുടെ ബാല്യകാലം. ചെറുപ്പത്തിൽത്തന്നെ രാമൻപിള്ള സംസ്കൃതവും ജ്യോതിഷവും അഭ്യസിച്ചു. 1881-ൽ ബി..പാസ്സായി. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവർത്തനത്തിലും തല്പരനായിരുന്നു. ഹൈക്കോടതി ഗുമസ്തനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഇതോടൊപ്പം തന്നെ സാഹിത്യ രംഗത്തും പത്രപ്രവർത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.1905 മുതൽ 1912 വരെ ഗവൺമെൻറ് പ്രസ്സിൽ സുപ്രണ്ടായി ജോലി ചെയ്തു.1912-ൽ ജോലിയിൽ നിന്നു സ്വമേധയാ വിരമിച്ച സി.വി.രാമൻപിള്ള തുടർന്നുള്ള ജീവിതം സാഹിതീസപര്യയ്ക്കായി ഉഴിഞ്ഞുവച്ചു.
  1887-ൽ സി.വി.രാമൻപിള്ള ഭാഗിരഥിയമ്മയെ വിവാഹം ചെയ്തു. സി.വി.യുടെ 6 മക്കളിൽ ഇളയവളായ മഹേശ്വരിയെ വിവാഹം കഴിച്ചതു സുപ്രസിദ്ധ ഹാസ്യസാഹിത്യകാരനായ ഇ.വി.കൃഷ്ണപ്പിള്ളയാണ്. 1904-ൽ ഭാഗീരഥിയമ്മയുടെ മരണശേഷം അവരുടെ മൂത്ത സഹോദരിയും വിധവയുമായ ജാനകിയമ്മയെ വിവാഹം കഴിച്ചു. മലയാള നോവൽ സാഹിത്യത്തിന്റെ കുലപതിയായ സി.വി രാമൻപിള്ള 1922 - മാർച്ച് 21 നു നിര്യാതനായി.
  മലയാളനോവൽ സാഹിത്യത്തെ അതിന്റെ ആരംഭകാലത്തു തന്നെ വിശ്വസാഹിത്യത്തിന്റെ നിലവാരത്തിലേക്ക് ഉയർത്തിയ സർവാതിശായിയായ സർഗപ്രതിഭയുടെ ഉടമയാണു സി.വി.രാമൻപിള്ള. സി.വിയുടെ ആദ്യ ചരിത്രാഖ്യായികയായ മാർത്താണ്ഡവർമ പുറത്തിറങ്ങിയതു 1891-ലാണ്. 1913-ൽ ധർമരാജയും 1918-ൽ രാമരാജ ബഹദൂറും പ്രസിദ്ധീകൃതമായി. ഈ മൂന്ന് ആഖ്യായികളിൽ ഏതാണ് ഏറ്റവും മികച്ചത് എന്നു ചോദിച്ചാൽ പെട്ടെന്ന് ഉത്തരം കണ്ടെത്താൻ അനുവാചകർക്കു സാധ്യമായി എന്നു വരില്ല. എങ്കിലും സി.വി.യുടെ മഹിഷ്ഠ കൃതിയായി വായനക്കാർ കണ്ടെത്തിയതു ധർമരാജ എന്ന ആഖ്യായികയേയാണ്. തിരുവിതാംകൂർ ചരിത്രമായി ബന്ധപ്പെട്ടവയാണ് ഇവയിലെ ഇതിവൃത്തം. തിരുവിതാംകൂർ രാജകുടുംബവും ജന്മിമാരായ എട്ടു വീട്ടിൽ പിള്ളമാരും തമ്മിലുള്ള ശത്രുതയും തുടർന്നുള്ള സങ്കീർണപ്രശ്നങ്ങളും ഈ മൂന്നു ആഖ്യായികകളിലേയും കഥാഗതിയെ നിയന്ത്രിക്കുന്നു. സംസ്കൃതബദ്ധമായ പ്രൗഢഭാഷ യും ഭാഷാഭേദങ്ങളും നാടൻ മൊഴികളുമായി നില്ക്കുന്ന ബഹുസ്വര ലോകമാണു സി.വി.യുടെ ആഖ്യായികളിൽ കാണാൻ കഴിയുക. ആഴത്തിലും പരപ്പിലുമുള്ള സാഹിത്യാസ്വദനബോധത്തിലേക്കു വായനക്കാരെ നയിക്കാൻ ഈ കൃതികൾ സഹായിക്കുന്നു.
  കഥാ ഘടനയിലും കഥാപാത്രസൃഷ്ടിയിലും ഭാവനയിലും ഭാഷയിലും ഔന്നത്യം പുലർത്തുന്ന ഈ കൃതികൾ സി.വി.യെ അനശ്വരനാക്കുന്നു. സി.വി.യുടെ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന സംഭാഷണശൈലിയ്ക്കു പിന്നിലുള്ള കഴിവിന്റെ മുന്നിൽ ആരും നമിച്ചു പോകും. മാർത്താണ്ഡവർമയിലെ അനന്തപത്മനാഭൻ, ധർമരാജയിലെ ഹരിപഞ്ചാനൻ, ചന്ദ്രക്കാരൻ, രാമരാജ ബഹദൂറിലെ മാണിക്ക ഗൗണ്ഡൻ, പെരിഞ്ചക്കോടൻ, കുഞ്ചൈക്കുട്ടിപ്പിള്ള തുടങ്ങിയ ഐതിഹാസികമാനമുള്ള കഥാപാത്രങ്ങൾ മലയാളനോവൽ സാഹിത്യത്തിലെ ചിരഞ്ജീവികൾ തന്നെ .
  മലയാളത്തിലെ ആദ്യത്തെ പ്രഹസന കൃതിയായ കുറുപ്പില്ലാക്കളരിയടക്കം 9 പ്രഹസനം സി.വി.രചിച്ചിട്ടുണ്ട്. സി.വി.രചിച്ച സാമൂഹ്യ നോവലാണു പ്രേമാമൃതം. സി.വി.രാമൻപിള്ള കേരള പേട്രിയാട്ട് എന്ന ഇംഗ്ലീഷ് പത്രം നടത്തിയിരുന്നു. എൻ എസ് എസ്സിന്റെ ആദ്യ രൂപമായ മലയാള സഭയുടെയും അതിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മലയാളി പത്രത്തിന്റെയും പ്രവർത്തനങ്ങളിൽ സി.വി. മുഖ്യപങ്കു വഹിച്ചു. 1891മെയ് 1നു സി.വി.യുടെ നേതൃത്വത്തിലാണു മലയാ ളി മെമ്മോറിയൽ മഹാ രാജാവിനു സമർപ്പിച്ചത്.
  വാഗ്ദേവതയുടെ വീരഭടൻ എന്നു കുമാരനാശാൻ വിശേഷിപ്പിച്ച, മലയാളത്തിന്റെ സ്ക്കോട്ട് എന്ന അപരനാമധേയമുള്ള പ്രതിഭാസമ്പന്നനായ സി.വി.രാമൻപിള്ള സഹൃദയരുടെ മനസ്സിൽ സൂര്യപ്രഭ ചൊരിഞ്ഞു കൊണ്ടു ഇന്നും വിരാജിക്കുന്നു. സി.വി. എന്ന മഹാനായ എഴുത്തുകാരന്റെ ഉദ്ദീപ്തയായ ഓർമകൾക്കു മുന്നിൽ സാദരം കൈകൂപ്പുന്നു.


സ്മരണ പർവം 10

.എം.എസ്  സ്മൃതിദിനം മാർച്ച് 19



  കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ, കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ, സർഗധനനായസാഹിത്യകാരനും,, ചരിത്രകാരനും സാമൂഹ്യ പരിഷ്കർത്താവുമായ ഇ.എം.എസ്സ് എന്ന മൂന്നക്ഷരത്തിൽ ലോകമൊട്ടാകെ കീർത്തികേട്ട ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഓർമദിനം ഇന്നു കേരളമൊട്ടാകെ ആദരപൂർവം ആചരിക്കുകയാണ്.

  മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തു ഏലംകുളം മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിൻെറയും, വിഷ്ണുദത്ത അന്തർജനത്തിന്റെയും മകനായി 1909 ജൂൺ13 നു ഇ.എം.എസ്. ജനിച്ചു. അച്ഛനമ്മമാരും ബന്ധുക്കളും കുഞ്ചു എന്ന ഓമനപ്പേരിൽ വിളിച്ചു പോന്ന ശങ്കരൻ പരമ്പരാഗത രീതിയിൽ സംസ്കൃതത്തിലും വേദങ്ങളിലും അറിവു നേടി. പെരിന്തൽമണ്ണ ഹൈസ്കൂളിൽ നിന്നു സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം തൃശൂർ സെന്റ് തോമസ് കോളേജിൽ ചേർന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന നിയമ ലംഘന സമരത്തിൽ പങ്കെടുക്കാനായി 1932-ൽ കോളേജുവിട്ടു. നമ്പൂതിരി യോഗക്ഷേമ സഭയുമായി ബന്ധപ്പെട്ടു സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പക്ഷത്തിലും പ്രവർത്തിച്ച ഇ.എം.എസ് 1937-ൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായി. തുടർന്നു മരണം വരെയും കേരള രാഷ്ട്രീയ ചാലകശക്തി ഇ.എം.എസ് തന്നെയായിരുന്നു. 1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റു മന്ത്രിസഭ അധികാരത്തിൽ വന്നു. ഏഴു പതിറ്റാണ്ടുകാലത്തെ ജീവിതത്തിൽ ഇ.എം.എസ് നടന്ന വഴികൾ കേരളത്തിന്റെതു തന്നെ ചരിത്രമാണ്. സ്വയം ചരിത്രം രചിക്കുകയും ചരിത്രത്തിനൊപ്പംനടക്കുകയും ചെയ്ത ഇ.എം.എസിനോളം സ്വാധീനം ചെലുത്തിയ മറ്റൊരു നേതാവും കേരളത്തിലില്ല. 1937ൽ കോട്ടയം കുടമാളൂർ തെക്കേടത്തു മനയിൽ ആര്യാദേവിയെ വിവാഹം കഴിച്ചു. ഡോ. മാലതി, .എം. ശ്രീധരൻ, .എം.രാധ, .എം.ശശി എന്നിവർ മക്കൾ. 1998 മാർച്ച് 19നു കേരള ചരിത്രത്തിലെ മഹാപുരുഷനായ, ഒന്നാം കിട രാഷ്ട്രീയ തന്ത്രജ്ഞനായ ഇ.എം.എസ്. നമ്മോടു വിടവാങ്ങി.

  രാഷ്ട്രീയം ഇ.എം.എസിന്റെ ഒരു വശം മാത്രമായിരുന്നു. മറുവശം ചിന്തകന്റെയും എഴുത്തുകാരന്റെതുമായിരുന്നു. ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പൊൻ പേനയുമെന്നു മഹാകവി കുമാരനാശാൻ എ.ആർ. രാജരാജവർമയെപ്പറ്റി പറഞ്ഞത് അക്ഷരാർഥത്തിൽ ഇ.എം.എസ്സിനും യോജിക്കും. മലയാളത്തിലും ഇംഗ്ലീഷിലും നൂറോളം പുസ്തകങ്ങ ഇ.എം.എസ്സിന്റേതായിട്ടുണ്ട്. ഇതിനു പുറമേ നൂറുക്കണക്കിനു ലഘുലേഖകളുംലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിവിന്റെ അക്ഷയനിധികളായ ഇ.എം.എസ്.കൃതികൾ ഇപ്പോഴും ജനങ്ങൾ വായിച്ചു കൊണ്ടേയിരിക്കുന്നു.

  ആധുനിക കേരള ചരിത്രത്തെപ്പറ്റി ആധികാരികമായിത്തന്നെ വളരെ ലളിതമായി ജനങ്ങളോടു സംവദിക്കുവാൻ ഇ.എം.എസ് ഏറെ ശ്രദ്ധ കാണിച്ചിരുന്നു. സാഹിത്യകാരന്മാർക്കിടയിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാർക്കിടയിലെ സാഹിത്യകാരനുമായ ഇ.എം.എസ്സിന്റെ വായനാ പ്രേമം സുവിദിതമാണ്. ചരിത്രം, രാഷ്ട്രീയം , സാഹിത്യം, എന്നീ മൂന്നു മേഖലകളിലും ഒരുപോലെ കൈയൊതുക്കം കാണിച്ച ഇ.എം.എസ്സിന്റെ പ്രശസ്ത കൃതികളിൽ ചിലതു മാത്രം ചൂണ്ടിക്കാട്ടട്ടെ. കേരളം മലയാളികളുടെ മാതൃഭൂമി, ഗാന്ധിയും ഗാന്ധിസവും, നമ്മുടെ ഭാഷ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, നവോത്ഥാനവും മലയാള സാഹിത്യവും, മാർക്സിസവും മലയാള സാഹിത്യവും, നാഷണൽ ക്വസ്റ്റൻ ഇൻ കേരള , എ ഹിസ്റ്ററി ഓഫ് ഫ്രീഡം സ്ട്രഗിൾ .... ഈ പട്ടിക ഇനിയും നീട്ടാം. ഇവയൊക്കെ നമ്മുടെ അകതാരിൽ വെളിച്ചം വീശാൻ പ്രാപ്തമായ ഗ്രന്ഥങ്ങൾ തന്നെ. പ്രശസ്ത പത്രപ്രവർത്തകൻ കൂടിയായ ഇ.എം.എസ് ദീർഘകാലം ദേശാഭിമാനിയുടെ പത്രാധിപരുമായിരുന്നു.

  ഇ.എം.എസ്സിന്റെ ഫലിത ബോധം ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. ഒരിക്കൽ ഇ.എം.എസ്സിനോടു ഒരു പത്രപ്രതിനിധി ചോദിച്ചു. മനയ്ക്കൽ നെല്ലു വില്ക്കാൻ ധാരാളമുണ്ടോ? ഇപ്പോൾ നെല്ലൊട്ടുമില്ല. വിക്കലേയുള്ളൂ. ഒരു പുഞ്ചിരിയോടെ ഇ.എം.എസ്സ് പറഞ്ഞു. (.എം.എസ്സിനു വിക്കലുണ്ടെന്നു ഓർമിക്കുമല്ലോ.) 1957ലെ കമ്യൂണിസ്റ്റു മന്ത്രിസഭ പിരിച്ചു വിട്ട ശേഷം ഇ.എം.എസ്സ് ബസ്സിലിരിക്കുകയായിരുന്നു.അതു കണ്ട് അമ്പരന്ന ഒരുവൻ ആദരവോടെ ചോദിച്ചു. എന്താണു ബസിൽ? യാത്ര ചെയ്യേണ്ടി വന്നതുകൊണ്ട് എന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. .എം.എസ്സിനെപ്പറ്റി പ്രശസ്ത സാഹിത്യകാരനായ ഒ.വി.വിജയൻ ഒരു ശ്രാദ്ധ സമർപ്പണം എന്ന ലേഖനത്തിൽ ഇങ്ങനെ എഴുതി. "തന്റെ നീണ്ട ആയുഷ്കാലത്തിൽ താൻ നടത്തിയ ലക്ഷാർച്ചനയുടെ അപാരതയിലെക്കു വീണ്ടും വീണ്ടും തിരിച്ചുപോയി ഓരോ അക്ഷരത്തെയും പെറുക്കിയെടുത്തു വിലയിരുത്താനുമാണ് അദ്ദേഹം ശ്രമിച്ചത്. ഇത് ഒരതിമാനുഷൻെറ കർമ ഗതിയാണ്. അതിന് ഒരു ജന്മം മാത്രം പോരാ. അതെന്തായാലും ഇ.എം.എസ് കേരളത്തിന്റെ ബോധ നിലവാരത്തിൽ ഒരു മഹിമ വരുത്തിവച്ചു. വൈദിക ശുദ്ധിയും നിഷ്ഠയും പഠനാഭിമുഖ്യവും മുദ്രാവാക്യങ്ങളുടെ ചുമലേറി വന്നു. ഈ എളിമയുടെ തിമർപ്പിനു മുകളിൽ ഒരു ഋഷിയെപ്പോലെ കൃശഗാത്രനായ ഈ മനുഷ്യൻ ഉയർന്നുന്നില്ക്കുന്നു." 
  പ്രായോഗിക ദൈനംദിന രാഷ്ട്രീയ രംഗത്തെ മുന്നണിപ്പോരാളികളുടെ മുന്നിൽ നില്ക്കുന്ന, കാലഗണനയുടെ പരിമിതിക്കുള്ളിൽ പ്രഥമ സ്ഥാനീയനായി വിജയ പീഠത്തിലിരിക്കുന്ന ഇ.എം.എസ് എന്ന രക്തനക്ഷത്രത്തിന്റെ പ്രോജ്വലിത്തായ ഓർമകൾകൾ അഗ്നിദീപ്തി ചൊരിഞ്ഞു കൊണ്ടു നമ്മിൽ പ്രസരിക്കട്ടെ..


സ്മരണപർവം 9
വള്ളത്തോൾ നാരായണമേനോൻ

സ്മൃതിദിനം..മാർച്ച്13.
Image result for vallathol narayana menon  മലയാള കവിതയിലെ നവയുഗപ്പിറവിയ്ക്കു നാന്ദി കുറിച്ച കവി ശ്രേഷ്ഠന്മാരിൽ പ്രാഥമ്യ സ്ഥാനമലങ്കരിക്കുന്ന, സമൃദ്ധവും വൈവിധ്യ പൂർണവുമായ കാവ്യ ജീവിതത്തിനുടമയായ, മലയാളത്തിന്റെ സൗഭാഗ്യമായ, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻകൂടിയായമഹാകവി വള്ളത്തോൾ നാരായണമേനോന്റെ ചരമദിനം മലയാളികൾ ഇന്നു സാദരം ആചരിക്കുകയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപമുള്ള മംഗലം എന്ന ദേശത്തു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും വള്ളത്തോൾ കുട്ടിപ്പാറു അമ്മയുടെയും മകനായി 1878 ഒക്ടോബർ16 നു നാരായണ മേനോൻ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാനന്തരം അമ്മാവൻ രാമുണ്ണിമേനോനിൽ നിന്ന് ഉപരിപഠനം നേടി. കാവ്യനാടകാലങ്കാരങ്ങളിലും സംസ്കൃതത്തിലും അറിവുതേടിയ നാരായണ മേനോൻ അഷ്ടാംഗഹൃദയവും പഠിച്ചു. പന്ത്രണ്ടാം വയസ്സു തൊട്ടേ ശ്ലോകങ്ങൾ എഴുതാൻ തുടങ്ങി. അച്ഛന്റെ കഥകളിപ്രേമം ബാല്യകാലത്തു തന്നെ നാരായണ മേനോനിലും അങ്കുരിച്ചിരുന്നു. വള്ളത്തോളിന്റെ സാഹിത്യ ഗുരു അക്കാലത്തെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്ന ദാമോദരൻ നമ്പൂതിരിയായിരുന്നു. പതിനാറാം വയസ്സിൽ കോഴിക്കോട് നടന്ന കവിതാ പരീക്ഷയിൽ ഒന്നാമനായി. തുടർന്നു ഭാഷാപോഷിണി, കേരള സഞ്ചാരി തുടങ്ങിയ സാഹിത്യ മാസികകളിൽ വള്ളത്തോളിന്റെ കവിതകൾ പ്രസിദ്ധീകരിച്ചു. തൃശൂരിലെ കേരള കല്‍പ ദ്രുമം പ്രസ്സിൽ മാനേജരായി ജോലിയിൽ പ്രവേശിച്ചു. ഇത് അദ്ദേഹത്തിന്റെ സാഹിത്യ സപര്യയ്ക്ക് ഏറെ പ്രചോദനമേകി. 1902- നാരായണമേനോൻ ചിറ്റഴി വീട്ടിൽ മാധവി അമ്മയെ വിവാഹം ചെയ്തു. കവി സാർവഭൗമൻ എന്നു കൊച്ചി രാജാവു വിശേഷിപ്പിച്ച, കേരളത്തിന്റെ ആസ്ഥാന കവിയായ വള്ളത്തോൾ 1958 മാർച്ച് 13നു യശഃശരീരനായി. വാല്മീകി രാമായണത്തിന്റെ മൊഴി മാറ്റത്തോടെയാണ് വള്ളത്തോൾ കവിതാ രചനയുടെ മുഖ്യധാരയിലേക്കു കടന്നുവന്നത്. 1905- ഈ വിവർത്തനകൃതി പൂർത്തിയായി. ഇക്കാലത്തു തന്നെ വള്ളത്തോളിനെ ബധിരത ബാധിച്ചു. തന്റെ സങ്കടാവസ്ഥയെക്കുറിച്ച് അദ്ദേഹം ബധിര വിലാപം എന്ന ഖണ്ഡകാവ്യം രചിക്കുകയും ചെയ്തു. 1913- ല്‍ മലയാളത്തിന്റെ മനോഹര മഹാകാവ്യമായ ചിത്രയോഗം പ്രസിദ്ധീകൃതമായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഋതുവിലാസത്തിൻെറ പ്രസിദ്ധീകരണത്തോടെ വള്ളത്തോൾ കവിതാസ്വാദകരുടെ മനസ്സിൽ ഇടം തേടി. കാവ്യലോകത്തിൽ വള്ളത്തോളിനു ശാശ്വത പ്രതിഷ്ഠ നേടിക്കൊടുത്തതു സാഹിത്യമഞ്ജരിയാണ്. മലയാളത്തിന്റെ സുകൃതമായ സാഹിത്യമഞ്ജരി (11ഭാഗങ്ങൾ)യിലെ 175 കവിതകളും ഒന്നിനൊന്നുമെച്ചം തന്നെ. ഈ കവിതകൾ വള്ളത്തോളിന്റെ ജനപ്രീതിക്കു പത്തരമാറ്റു തിളക്കം വർധിപ്പിച്ചു. മഹാകവിയുടെ കൈയിൽ നിന്നു തൂലിക വാങ്ങി സാക്ഷാൽ വാഗ്ദേവത തന്നെ എഴുതിക്കൊടുത്ത ഒന്നാംകിട കവിതകളാണു സാഹിത്യമഞ്ജരിയിലുള്ളതെന്നു ഡോ.കെ.എൻ.എഴുത്തച്ഛൻ പറഞ്ഞതു വളരെ വാസ്തവം. സാഹിത്യമഞ്ജരി ഒന്നാം ഭാഗത്തിലെ ആദ്യ കവിതയായ മാതൃവന്ദനം നമ്മുടെ ആസ്വാദനക്ഷമതയെ പരകോടിയിലെത്തിച്ചു. മാതൃവന്ദനം അവസാനിക്കുന്നത് ഇങ്ങനെ.
"മാതൃവാക്കൊന്നാവണം നമുക്കു സാക്ഷാൽ വേദം;
മാതൃശുശ്രൂഷായത്നമാകണം മഹായജ്ഞം;
മാതാവിന്നുഴിഞ്ഞീടുകാത്മജീവിതം പ്രിയ-
ഭ്രാതാക്കന്മാരേ, പാരിൽ ദ്ദൈവമേതുള്ളൂ വേറെ? "
വള്ളത്തോളിന്റെ പ്രശസ്ത കഥാകാവ്യങ്ങളായ കിളിക്കൊഞ്ചൽ, ഭാരത സ്ത്രീകൾ തൻഭാവശുദ്ധി, കർമഭൂമിയുടെ പിഞ്ചുകാൽ, നരേന്ദ്രന്റെ പ്രാർഥന, മലയാളത്തിന്റെ തല, മാപ്പ്, ആ മോതിരം തുടങ്ങിയവ സാഹിത്യമഞ്ജരി നാലും അഞ്ചും ആറും ഭാഗങ്ങളിലായി കാണാം. കിളിക്കൊഞ്ചലിലെ പ്രശസ്തമായ ഈ വരികൾ പല തവണ ഉദ്ധരിക്കപ്പെട്ടവയാണ്.
"ബസുരകാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ".
വള്ളത്തോളിനെ ഏറ്റവും സ്വാധീനിച്ച മഹാത്മാഗാന്ധിയെ പ്രകീർത്തിക്കുന്ന എന്റെ ഗുരുനാഥൻ എന്ന കവിത അതിപ്രശസ്തമാണ്. സാഹിത്യമഞ്ജരി നാലാം ഭാഗത്തിലെ ഈകവിത ആസ്വദിക്കാത്ത മലയാളികൾ ഇല്ലതന്നെ.
"ലോകമേ തറവാടു തനിക്കീ,ച്ചെടികളും
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ
ത്യാഗമെന്നതേ നേട്ടം: താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെൻ ഗുരുനാഥൻ".
ആംഗലഭാഷയുടെ അതിപ്രസരം നാട്ടുഭാഷകളെ ഇരുട്ടിലാക്കുന്ന വർത്തമാന
നാളുകളിൽ വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിതയ്ക്ക് ഏറെ പ്രസക്തി ഉണ്ട്.
"ഏതൊരു വേദവുമേതൊരു ശാസ്ത്രവു-
മേതൊരു കാവ്യവുമേതൊരാൾക്കും
ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ
വക്ത്രത്തിൽ നിന്നു താൻ കേൾക്കവേണം."
 ഭാരതത്തിനും, കേരളത്തിനും നമ്മുടെ ഹൃദയത്തിലുണ്ടാവേണ്ട സ്ഥാനമെന്തായിരിക്കണമെന്നതിനെപ്പറ്റി വ്യക്തമായിത്തന്നെ വള്ളത്തോൾ പറഞ്ഞു തരുന്നുണ്ട്.
"ഭാരതമെന്നപേർ കേട്ടാലഭിമാന-
പൂരിതമാവണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ".
പ്രകൃതിയെക്കുറിച്ചുള്ള വള്ളത്തോൾവീക്ഷണവും ശ്രദ്ധേയം.
"പ്രപഞ്ചമേ,നീ പല ദു:ഖജാലം
നിറഞ്ഞതാണെങ്കിലുമിത്രമാത്രം
ചേതോഹരക്കാഴ്ചകൾ നിങ്കലുള്ള
കാലത്തുനിൻ പേരിലെവൻ വെറുക്കും."
ഗണപതി, ബന്ധനസ്ഥനായ അനിരുദ്ധൻ, ശിഷ്യനും മകനും, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനുംമകളും, എന്നീ ഖണ്ഡകാവ്യങ്ങളും സുപ്രസിദ്ധം തന്നെ. 90-ൽപ്പരം കൃതികളാണു മഹാകവിയുടെതായിട്ടുള്ളത്.
1955-ഭാരത സർക്കാർ പത്മഭൂഷൺ ബഹുമതി നല്‍കി മഹാകവിയെ ആദരിച്ചു. സമസ്തകേരള സാഹിത്യ പരിഷത്ത് അധ്യക്ഷനായും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനായും വള്ളത്തോൾ പ്രവർത്തിച്ചിട്ടുണ്ട്. കലാമണ്ഡലം സ്ഥാപിച്ചതു വഴിനമ്മുടെ തനതു കലയായ കഥകളിയെ വിശ്വവിഖ്യാത ദൃശ്യകലയായി വളർത്തിയെടുത്തതും വള്ളത്തോൾ തന്നെ.

"എത്തേണ്ടതാമിടത്തെത്തിയാലും ശരി
മധ്യേ മരണം വിഴുങ്ങിയാലും ശരി
മുന്നോട്ടു തന്നെ നടക്കും വഴിയിലെ
മുള്ളുകളൊക്കെ ചവുട്ടിമെതിച്ചു ഞാൻ."
എന്നു പാടിയ മഹാകവിയുടെ ജീവിതം എല്ലാനിലയിലും ധന്യമായിരുന്നു. മലയാള സാഹിത്യത്തിനും, സംസ്കാരത്തിനും സാർവദേശീയ അംഗീകാരം നേടിത്തന്ന, മണ്ണിനെയും വിണ്ണിനെയും കൂട്ടിയിണക്കാൻ ശ്രമിച്ച ഈ മഹാകാവ്യപുരുഷന്റെ നല്ലോർമകൾക്കു മുന്നിൽ സാഷ്ടാംഗ നമസ്കാരം.



സ്മരണ പർവം 8
ശൂരനാട്ടു കുഞ്ഞൻപിളള... സ്മൃതിദിനം..മാർച്ച്

  മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സ്തുത്യർഹമായ സേവനമർപ്പിച്ച മഹാ പണ്ഡിതനും, ബഹുമുഖ വ്യക്തിത്വത്തിന്നുടമയുമായ ശൂരനാട്ടു പി.എൻ- കുഞ്ഞൻ പിള്ളയുടെ ചരമദിനം ഇന്നാണ്.
  കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശൂരനാടു ഗ്രാമത്തിൽ പായിക്കാട് കുടുംബത്തിൽ നീലകണ്ഠപ്പിള്ള കാർത്ത്യായനി അമ്മ ദമ്പതിമാരുടെ അഞ്ചാമത്തെ മകനായി 1911 ജൂൺ 24നു കുഞ്ഞൻപിള്ള ജനിച്ചു.
തേവലക്കര മലയാളം സ്കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചവറ ഹൈസ്കൂളിൽതുർടന്നു പഠിച്ചു. തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ഇന്റർമീഡിയറ്റും സംസ്കൃതത്തിൽ ബി..ബിരുദവും നേടിയ കുഞ്ഞൻപിള്ള പിന്നീടു മലയാളം, ഇംഗ്ലീഷ് സംസ്കൃതം എന്നീ ഭാഷകളിൽ ബിരുദാനന്ത രബിരുദവും കരസ്ഥമാക്കി. തിരുവന്തപുരം സെൻറ് ജോസഫ് ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.ഗവൺമെൻറ് സംസ്കൃതം കോളേജ്, തിരുവന്തപുരം ആർട്സ് കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. കേരള സർവകലാശാലയിൽ മലയാളം മഹാ നിഘണ്ടുവിന്റെ മുഖ്യപത്രാധിപരായിക്കെ 1971-ൽ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിട പറഞ്ഞു. തുടർന്നു മരണം വരെയും സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ നിഷ്കാമ കർമയോഗിയായി പ്രവർത്തിച്ചും പോന്നു. ഭാര്യ ഭഗവതിയമ്മ. പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ.രാജഗോപാലടക്കം 4 മക്കൾ. 1995 മാർച്ച് 8 നു ശൂരനാട്ടു കുഞ്ഞൻപിള്ള ദിവംഗതനായി.

  തിരുവിതാംകൂർ സ്റ്റേറ്റുമാന്വലിന്റെ നവീകരണ ത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച കുഞ്ഞൻ പിള്ള കേരള ചരിത്രത്തെ സംബന്ധിച്ചു സമഗ്രമായ ഗവേഷണവും പഠനവും നടത്തിയിട്ടുണ്ട്. പുരാവസ്തു ഗവേഷകൻ കൂടിയായ ശൂരനാട്ടുകുഞ്ഞൻപിള്ള സെക്രട്ടേറിയറ്റിൽ പുരാരേഖാ വകുപ്പിന്റെ സൂപ്രണ്ടായായും പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കാർഡ്സ് കമ്മീഷൻ അംഗം, പാഠപുസ്തക കമ്മറ്റി സെക്രട്ടറി, കേന്ദ്ര സാഹിത്യ അക്കാദമിയംഗം, കേരള സാഹിത്യ അക്കാദമിയംഗം, ജ്ഞാനപീഠം അവാർഡ് കമ്മറ്റിയംഗം, കേരള സർവകലാശാല ഓണററി പ്രൊഫസർ, കാൻഫെഡ് അധ്യക്ഷൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 150-ൽപ്പരം ഹൈസ്കൂൾ പാഠ പുസ്തകങ്ങളും തയ്യാറാക്കിയിരുന്നു. അക്കാലത്തെ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ അങ്ങേയറ്റം ശുഷ്കാന്തി കാണിച്ച കുഞ്ഞൻപിള്ള 1000ത്തിലധികം ഗ്രന്ഥങ്ങൾക്ക് അവതാരികയെഴുതുകയും ചെയ്തു.

  അംബാ ദേവി, കല്യാണസൗധം (നോവൽ) ശ്മശാനദീപം, ഹൃദയാർപ്പണം (കവിത) രത്ന സമ്രാജ്യം, സൗരഭൻ , പഞ്ചതന്ത്ര കഥാമണികൾ(കഥകൾ) കൈരളി സമക്ഷം (നിരൂപണം) സാഹിത്യഭൂഷണം, പുഷ്പാഞ്ജലി മാതൃപൂജ, കൈരളീ പൂജ (ഉപന്യാസം) പ്രാചീന കേരളം, തിരുവിതാംകൂറിലെ മഹാന്മാർ സ്വാതിതിരുനാൾ (ജീവചരിത്രം) ലീലാതിലകം, ഉണ്ണുനീലിസന്ദേശം (വ്യാഖ്യാനം) മലബാർ ഇൻ ദ ഐസ് ഓഫ് ട്രാവലേഴ്സ് തുടങ്ങിയവയാണ് ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ പ്രശസ്ത കൃതികൾ ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ ബഹുമുഖ വ്യക്തിത്വത്തിന്റെ സുതാര്യ ദർപ്പണമായി സംശോഭിക്കുന്നു.

  ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച കുഞ്ഞൻ പിള്ളയ്ക്കു നിരവ ധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കൊച്ചി മഹാരാജാവിൽ നിന്നു സാഹിത്യ നിപുണൻ ബിരുദം, വിദ്യാ രത്നം ബഹുമതി, മീററ്റ് സർവകലാശാല, കേരള സർവകലാശാല എന്നിവിടങ്ങളിൽ നിന്നു ഡി- ലിറ്റുബിരുദങ്ങൾ, ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം എന്നിവ ഇവയിൽ പ്രമുഖമായവയാണ്. മലയാള ഭാഷ - സാഹിത്യ രംഗത്തെ അഗ്രഗാമികളിലൊരാളായ, പണ്ഡിതാഗ്രേസരനായ, സർവോപരി ഗുരുപാദരായശൂരനാട്ടുകുഞ്ഞൻപിള്ളയുടെ ഒളിമങ്ങാത്ത ഓർമകൾക്കു മുന്നിൽ നമോവാകം.



സ്മരണ പർവം. 7

ശ്രീകണ്ഠേശ്വരം.ജി.പത്മനാഭപിള്ള

സ്മൃതിദിനം...മാർച്ച് 4.



    മലയാളത്തിന്റെ മഹാപുണ്യമായ ശബ്ദതാരാവലി എന്ന മഹാ നിഘണ്ടു തയ്യാറാക്കിയ, വിവിധ ഭാഷാ വ്യവഹാരങ്ങളിൽ ഹസ്ത മുദ്ര ചാർത്തിയ ശ്രീകണ്ഠേശ്വരം ജി.പത്മനാഭ പിള്ളയുടെ ഓർമദിനം ഇന്നു ഭാഷാ പ്രേമികൾ ആദരപൂർവം ആചരിക്കുകയാണ്.

  തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തു കുളവറവിളാകത്തു വീട്ടിൽ പരുത്തിക്കാട്ട് നാരായണപ്പിള്ളയുടെയും നാണിയമ്മയുടെയും മകനായി 1864 നവംബർ 17നു ജനിച്ചു. ഭാര്യ ആനന്ദപ്പിള്ള ലക്ഷ്മി പ്പിള്ള. മൂന്നു പുത്രന്മാർ. ഇളയ പുത്രനായ പി.ദാമോദരൻ നായരാണു ശബ്ദതാരാവലിയുടെ പുതിയ പതിപ്പു പരിഷ്കരിച്ചു വിപുലപ്പെടുത്തിയത്. ശ്രീകണ്ഠശ്വരം 1946 മാർച്ച് 4 ന് അന്തരിച്ചു.

  പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പേട്ടയിലെ സ്കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ചു. തുടർന്നു സംസ്കൃത ഭാഷയും ആയുർവേദവും അഭ്യസിച്ചു. ബാല്യകാലത്തു തന്നെ നന്നായി വായിക്കുക എന്നത് ഇദ്ദേഹത്തിന്റെ ശീലമായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഉച്ചഭക്ഷണത്തിനായി അമ്മ കൊടുക്കുന്ന തുകയിൽ നിന്നും വലിയ പങ്ക് പുസ്തകം വാങ്ങാൻ ചെലവഴിക്കുമായിരുന്നു. ചെറുപ്പത്തിൽ തുള്ളൽക്കഥകളോടായിരുന്നു കൂടുതൽ താല്പര്യം. ആദ്യം രചിച്ചതും ബാലിവധം എന്ന തുള്ളൽക്കഥ തന്നെ. പിന്നീടുകഥകളിയോടായി താല്പര്യം. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ധർമഗുപ്ത വിജയം എന്ന ആട്ടക്കഥ രചിക്കുകയും അത് അരങ്ങിലെത്തിക്കുകയും ചെയ്തു.

  1897ലാണു ശബ്ദതാരാവലിയുടെ രചന ആരംഭിച്ചത്. 7 വർഷം കഴിഞ്ഞും ഈ മഹാനിഘണ്ടുവിന്റെ കാൽ ഭാഗം പോലും തയ്യാറാക്കാൻ സാധിച്ചില്ല.അതിനിടയിൽ 1906-ൽ കീശാ നിഘണ്ടു പ്രസിദ്ധീകരിച്ചു. നീണ്ട 20 വർഷത്തിനു ശേഷം 1917-ൽ ശബ്ദതാരാവലി പൂർത്തിയാക്കി.1923-ൽ പൂർണ രൂപത്തിൽ ഒന്നാം പതിപ്പു പ്രസിദ്ധീകൃതമായി.

  മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഈ മഹാ നിഘണ്ടുവിനെ വിലപേറില്ലാത്ത രത്നാഭരണം എന്നാണ് ഉള്ളൂർ വിശേഷിപ്പിച്ചത്. റിച്ചാർഡ് കോളിൻസ് 1865-ൽ തയ്യാറാക്കിയ മലയാളം - മലയാളം നിഘണ്ടുവാണു ഭാഷയിലെ ആദ്യത്തെ ഏക ഭാഷാ നിഘണ്ടുവെങ്കിലും മലയാളനിഘണ്ടുകാരന്മാർക്കു മാർഗദർശിയായതു ശ്രീകണ്ഠേശ്വരം തന്നെയാണ്. സമൂഹ വിജ്ഞാനത്തിന്റെ ആകര ഗ്രന്ഥമാണു നിഘണ്ടു. സമൂഹം ഇതേ വരെ നേടിയ പദസമ്പത്ത് അടുക്കി പെറുക്കിയെടുത്തു ചിട്ടപ്പെടുത്തി, ആശയ വ്യക്തത വരുത്തിയ അക്ഷര നിധി തന്നെയാണു നിഘണ്ടുകൾ .1800-ഓളം പേജുകളുള്ള മലയാളത്തിലെ ഏറ്റവും മഹത്തും ബൃഹത്തുമായ ഈ നിഘണ്ടുവോളം പ്രാമാണികത മറ്റൊരു നിഘണ്ടുവിനുമില്ലതന്നെ. ശബ്ദതാരാവലിയുടെ നിരവധി പതിപ്പുകൾ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ ധാരാളം നിഘണ്ടുകൾ ഉണ്ടെങ്കിലും നമ്മുടെ നമ്മുടെ പുസ്തശേഖരത്തിൽ ഈ നിഘണ്ടു അനിവാര്യം തന്നെ. എന്നാൽ മലയാള ഭാഷയുടെ വളർച്ചയ്ക്കനുസൃതമായി പുതിയ മലയാളശബ്ദകോശങ്ങൾ ഉണ്ടാവുന്നതു നമുക്കു സ്വാഗതം ചെയ്യേണ്ടതുമുണ്ട്.

  കനകലതാ സ്വയംവരം ,പാണ്ഡവ വിജയം, തുടങ്ങിയ നാടകങ്ങളും മദനകാമചരിതം, കേരളവർമ ചരിതം, തുടങ്ങിയ മണിപ്രവാള കൃതികളും, ധർമഗുപ്‌തവിജയം, സുന്ദോപസുന്ദ യുദ്ധം, എന്നീ ആട്ടക്കഥകളും കീചകവധം, ബാലിവധം തുടങ്ങിയ തുള്ളൽ കൃതികളുമടക്കം 60 ൽപ്പരം കൃതികൾ ശ്രീകണ്ഠേശ്വരം രചിച്ചിട്ടുണ്ട്.

മലയാള ഭാഷാ നഭോമണ്ഡലത്തിൽ നക്ഷത്രാഭചൊരിഞ്ഞു കൊണ്ടു വിരാജിക്കുന്ന ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ചിരസ്മരണയ്ക്കു മുന്നിൽ അത്യാദരപൂർവം ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു .
 


സ്മരണ പർവം 6

ഇളംകുളംകുഞ്ഞൻപിള്ള..

ഓർമദിനം... മാർച്ച് 3 ..






 കേരളത്തിലെ അതിപ്രശസ്ത ചരിത്ര ഗവേഷകൻ ,ഭാഷാഗവേഷകൻ, സാമൂഹ്യ ശാസ്ത്രജ്ഞൻ, പുരാവസ്തു ഗവേഷകൻ, അധ്യപകൻ എന്നീ നിലകളിലെല്ലാം ചിരസ്ഥിതനായ ഇളംകുളം കുഞ്ഞൻപിള്ളയുടെ ചരമദിനം ഇന്നാണ്.

  കൊല്ലം കല്ലുവാതുക്കൽ നാണിക്കുട്ടി അമ്മയുടെയും കൃഷ്ണക്കുറുപ്പിന്റെയും മകനായി1904 നവംബർ 8 നു പി.എൻ.കുഞ്ഞൻപിള്ള ജനിച്ചു.കൊല്ലത്തെ മലയാളം ഹൈസ്കൂൾ തിരുവനന്തപുരം എസ്.എം.വി. ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്നുമായി സ്കൂൾ പഠനം പൂർത്തിയാക്കി.അണ്ണാമല സർവകലാശാലയിൽ നിന്നു സംസ്കൃതത്തിൽ ബി.. ബിരുദം നേടി.1934-ൽ തിരുവനന്തപുരം ആർട്സ് കോളേജിൽ മലയാള വിഭാഗത്തിൽ അധ്യാപകനായി നിയമിതനായി.തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ മലയാള വിഭാഗം തലവനായിരിക്കേ 1960-ൽ വിരമിച്ചു. ഇളകുളം കുഞ്ഞൻപിള്ള 1973 മാർച്ച് 3ന് ദിവംഗതനായി.

ഞാൻ സാഹിത്യകാരനല്ല, ചരിത്ര ഗവേഷകൻ മാത്രമാണ് എന്നദ്ദേഹം പറയുമെങ്കിലും അദ്ദേഹത്തിന്റെ കൃതികളെല്ലാം സാഹിത്യ മേന്മയുള്ളവ തന്നെയാണ്. കോളേജിൽ എം..യ്ക്കു ചരിത്രം പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണു കേരള ചരിത്രത്തിന്റെ ന്യൂനത അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ചരിത്ര രേഖകൾ പലതും അർധസത്യങ്ങളും വസ്തുനിഷ്ഠമല്ലാത്തവയുമായിരുന്നു. തുടർന്ന് അദ്ദേഹം കേരള ചരിത്രം സസൂക്ഷ്മം നിരീക്ഷിക്കാനും, അപഗ്രഥിക്കാനും ശ്രമം തുടങ്ങി. കാൽ നൂറ്റാണ്ടുകാലം നീണ്ടു നിന്ന ഏകാഗ്രമായ തപസ്യ തന്നെയായിരുന്നു അദ്ദേഹം നടത്തിയത്. ഇളംകുളം കുഞ്ഞൻപിള്ളയുടെ ചരിത്രവുമായി ബന്ധപ്പെട്ട നിഗമനങ്ങൾ പിന്നീട് തുടരെ പ്രസിദ്ധീകരിച്ചു. ഭാഷാഗവേഷണത്തിലും അദ്ദേഹം വ്യാപൃതനായിരുന്നു. കേരള ഭാഷയുടെ വികാസപരിണാമങ്ങൾ പഠിക്കുകയും അതു ചരിത്ര പശ്ചാത്തലത്തിൽ സ്ഥാപിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.

  അന്നത്തെ കേരളം, ഉണ്ണുനീലിസന്ദേശം ചരിത്രദൃഷ്ടിയിൽ, കേരള ഭാഷയുടെ വികാസ പരിണാമങ്ങൾ, കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ, സാഹിത്യ മാലിക, സാഹിത്യ ചരിത്ര സംഗ്രഹം, നളചരിതം ആട്ടക്കഥ (വ്യാഖ്യാനം) ജന്മി സമ്പ്രദായം കേരളത്തിൽ, സംസ്കാരത്തിന്റെ നാഴികക്കല്ലുകൾ, സ്റ്റഡീസ് ഇൻ കേരള, സം പ്രോബ്ലംസ് ഇൻ കേരള ഹിസ്റ്ററി തുടങ്ങി 20 കൃതികൾ അദ്ദേഹം രചിച്ചു. കുഞ്ഞൻപിള്ളയുടെ ചരിത്ര രചനകൾ ഭാഷാ വിദ്യാർഥികൾക്കും ഗവേഷകൻമാർക്കും അത്യധികം പ്രയോജനപ്പെട്ടു.

 കേരള ചരിത്രത്തിന്റെ വഴികാട്ടി എന്നു വിശേഷിപ്പിക്കുന്ന ,നിസർഗനൈപുണ്യത്തിന്റെ ആൾരൂപമായ ഇളംകുളം കുഞ്ഞൻപിള്ളയുടെ ഓർമകൾക്കു മുന്നിൽ കൃതാഞ്ജലികൾ...
 
 
സ്മരണ പർവം 5

പി ഭാസ്കരൻ ഓർമദിനം... ഫിബ്രവരി 25.

 
 കല്പനികതാ പ്രസ്ഥാനത്തിന്റെ പ്രതിനിധികളിലൊരാളായ, സമത്വസുന്ദരമായ ലോകത്തിന്റെ ഉണർത്തുപാട്ടുകാരനായ, മാനവിക ആശയ പ്രചാരകനായ, ജനപ്രിയ കവിയും ഗാനരചയിതാവുമായ പി.ഭാസ്കരനെ ഇന്നു മലയാളികൾസ്നേഹാദരങ്ങളോടെ ഓർക്കുകയാണ്.
  ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിൽ 1924ഏപ്രിൽ 21-ന്‌ പത്മനാഭ മേനോന്റെയും അമ്മാളു അമ്മയുടെയും മകനായി ജനിച്ചു. ശൃംഗപുരം ഗവ:ബോയ്സ് ഹൈസ്കൂളിലും മഹാരാജാസ് കോളേജിലുമായി പഠനം. ഭാര്യ ഇന്ദിര. മക്കൾ രാജീവൻ, വിജയൻ, അജയൻ, രാധിക. 2007 ഫിബ്രവരി 25 നു ആധന്യ ജീവിതത്തിനു പൂർണ വിരാമമായി.
  കുട്ടിക്കാലത്തു തന്നെ വായന ജീവിത ശൈലിയാക്കിയ ഭാസ്കരൻ ഏഴാം ക്ലാസ് തൊട്ടെ കവിത എഴുതിത്തുടങ്ങി. കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെയും ജനകീയ സമരങ്ങളുടെയും വളർച്ചയ്ക്കൊപ്പം 1940കളിലാണു ഭാസ്കരനും തന്റെ കാവ്യജീവിതം ആരംഭിക്കുന്നത്.
"വില്ലാളിയാണു ഞാൻ; ജീവിത സൗന്ദര്യ -
വല്ലകിമീട്ടലല്ലെന്റെലക്ഷ്യം.
കാണാമെൻ കൈകളിൽ പാവനാ ദർശ
ത്തിൻ ഞാണൽ നിബന്ധിച്ച ഭാവനയെ ."
1945 നു മുന്നേ വില്ലാളി എന്ന കവിതയിൽ എഴുതിയ വരികളാണു മേൽ കുറിച്ചത്. സാധാരണക്കാരനു നീതി ലഭിച്ചേ മതിയാകൂ എന്ന് ഉറച്ചു വിശ്വസിച്ച പി.ഭാസ്കരൻ തന്റെ തൂലിക അതിനായി നിരന്തരം ചലിപ്പിക്കുകയും ചെയ്തു.
"വീര്യം തുള്ളി തുളുമ്പും വാളത്രെ
വീണയല്ലിന്നെൻ തൂലിക"
എന്നു ഉദ്ഘോഷിക്കാനും അദ്ദേഹം മറന്നില്ല. വയലാർ ഗർജിക്കുന്നു എന്ന പി.ഭാസ്കരന്റെ കാവ്യം കേരളത്തിൽ ഉണ്ടാക്കിയ വിപ്ലവത്തിന്റെ അലയൊലികൾ ഇന്നും നിലച്ചിട്ടില്ല.
"ഉയരും ഞാൻ നാടാകെ പ്പടരും ഞാനൊരു പുത്ത-
നുയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും "
എന്ന വയലാർ ഗർജിക്കുമ്പോൾ ജനങ്ങളിൽ ആവേശത്തിന്റെ അഗ്നിനാളമാണു ജ്വലിച്ചുയർന്നത്. ഒറ്റ ക്കമ്പിയുള്ള തംബുരു എന്ന കാവ്യം അദ്ദേഹത്തിന്റെ ആത്മാംശം കലർന്ന കൃതി തന്നെയാണ്. കവിയുടെ കാവ്യപ്രതിഭയുടെ പ്രതീകം കൂടിയാണ് ഈ ഖണ്ഡകാവും. പി.ഭാസ്കരന്റെ ഓർക്കുക വല്ലപ്പോഴും എന്ന കവിതയാകട്ടെ ജനഹൃദയങ്ങളിൽ ഉളവാക്കിയ ആത്മനിർവൃതി ഒന്നു വേറെ തന്നെയാണ്.
"യാത്രയാക്കുന്നു സഖി,നിന്നെ ഞാൻ മൗനത്തിന്റെ
നേർത്ത പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ"... എന്നു തുടങ്ങുന്ന ആ കവിത മലയാളിക്ക് എങ്ങനെ മറക്കാൻ പറ്റും.
  1950കളോടെ പി.ഭാസ്കരന്റെ കവിതകളിൽ ദു:ഖത്തിൻെറ സ്വരമാണു നാം ശ്രവിച്ചു തുടങ്ങിയത്.
"ഒന്നും വിടാതെ പകർത്തുന്നു ഞാനെന്റെ
കണ്ണീർ കലരുമീച്ചായക്കൂട്ടാൽ "
സ്വന്തം ദു:ഖത്തിൽ നിന്നു വഴി മാറി സമൂഹദു:ഖവും പിന്നീടദ്ദേഹം തന്റെ കവിതകളിൽ പ്രതിഫലിപ്പിച്ചു. സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന അനഭിലഷണീയമായ പരിഷ്കാരങ്ങൾ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. അന്യന്റെ ദുഃഖം സ്വന്തം ദു:ഖമായി കാണുകയും അതു കവിതകളിൽ അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു.
ധാരാളം ദേശഭക്തി കവിത ക ളും പി.ഭാസ്കരൻ രചിച്ചിട്ടുണ്ട്.
"പദം പദമുറച്ചു നാം
പാടിപ്പാടിപ്പോവുക
പാരിലൈക്യകേരളത്തിൽ
കാഹളം മുഴക്കുവിൻ!
നവം നവരണങ്ങളാൽ
നമ്മൾ തൻത്യാഗങ്ങളിൽ
നാം രചിക്കുമാപ്പുതിയ
കേരളം മനോഹരം "
ദേശഭക്തിയുടെ ഒന്നാം തരം നിദർശനം തന്നെയാണ് ഈ കവിത.
  1950-ൽ ചന്ദ്രിക എന്ന സിനിമയ്ക്കു ഗാനങ്ങൾ എഴുതിക്കൊണ്ടു പി ഭാസകരൻ ഗാനരചയിതാവിന്റെ പട്ടമണിഞ്ഞു. മലയാളിത്തം നിറഞ്ഞ ഗ്രാമീണ ശീലുകളെയും നാടൻ പാട്ടുകളെയും അനുസ്മരിക്കുന്ന ലളിത സുഭഗങ്ങളായ ഒട്ടേറെ ഗാനങ്ങൾ ആ തൂലികാത്തുമ്പിൽ നിന്നും ഒഴുകിയെത്തി. ഒരിക്കലും മറക്കാൻ പറ്റാത്ത നാലായിരത്തോളം ശ്രുതി മധുര ഗാനങ്ങൾ നാം ഇന്നും നെഞ്ചേറ്റി മൂളി നടക്കുന്നു.
'കായലരികത്തു വലയെറിഞ്ഞപ്പോ വളകിലുക്കിയ
സുന്ദരി,
''നാളികേരത്തിന്റെ നാട്ടിലെനിക്കൊരു, '
"നാഴിയുരിപ്പാലു കൊണ്ടു "
" ആദ്യത്തെ കണ്മണി ആണായിരിക്കണം',
'താമസമെന്തേ
വരുവാൻ,
"കരിമുകിൽ കാട്ടിലെ,
"കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും "ഇങ്ങനെയെത്രയെത്രഗാനങ്ങൾ .. ഇവയെല്ലാം തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു.
  1951-ൽ പുറത്തു വന്നനീലക്കുയിൽ എന്ന സിനിമ പി.ഭാസ്കരന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി. തുടർന്നു നായരു പിടിച്ച പുലിവാല്, ഭാഗ്യജാതകം, രാരിച്ചൻ എന്ന പൗരൻ, ഇരുട്ടിന്റെ ആത്മാവ്, കള്ളിച്ചെല്ലമ്മ തുടങ്ങി 47 സിനിമകൾ സംവിധാനം ചെയ്തു. സിനിമാ നിർമാതാവായും നടനായും പി. ഭാസ്കരൻ അറിയപ്പെട്ടിരുന്നു.
വില്ലാളി, മർദിതൻ, രണഭേരി, ഓടക്കുഴലും ലാത്തിയും ,മുൾക്കിരീടം, വയലാർ ഗർജിക്കുന്നു, മുഖത്തോടുമുഖം, പി ഭാസ്കരന്റെ തെരഞ്ഞെടുത്ത കവിതകൾ, തുടങ്ങിയ കവിതാ സമാഹാരങ്ങളും,, ഗദ്യ വിവർത്തനങ്ങളും ആത്മകഥയുമടക്കം ഇരുപതോളം കൃതികൾ പി.ഭാസകര ൻ രചിച്ചു.
  ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾസ്മാരകപുരസ്കാരം തുടങ്ങിനിരവധി ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയം, പത്രപ്രവർത്തനം, കവിത, ഗാനം, സിനിമാഭിനയം, സംവിധാനം, തിരക്കഥ, സിനിമാ നിർമാണം, എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ സുവർണ കൈയടയാളം ചാർത്തിയ പി.ഭാസ്കരൻ "വസന്തത്തിന്റെ മധുരഗാനം" മലയാളികളെ ആവോളം ആസ്വദിപ്പിച്ച ബഹുമുഖ പ്രതിഭ തന്നെ. മലയാളത്തിന്റെ നീലക്കുയിലായ ഭാസ്കരൻ മാഷിനെ നാം വല്ലപ്പോഴല്ല... എപ്പോഴും ഓർത്തുകൊണ്ടേയിരിക്കുന്നു...




സ്മരണ പർവം: 4
എം. കൃഷ്ണൻ നായർ ... സ്മൃതിദിനം.. ഫിബ്രവരി 23

    വിമർശനമേഖലയിൽ ഒരു നവസരണി വെട്ടിത്തെളിയിച്ച എം.കൃഷ്ണൻ നായരുടെ ഓർമദിനം ഇന്നാണ്. തിരുവനന്തപുരത്തു വി.കെ.മാധവൻ പിള്ളയുടെയും എൻ.ശാരദാമ്മയുടെയും മകനായി 1923 മാർച്ച് 3-നു കൃഷ്ണൻ നായർ ജനിച്ചു. 1945-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ബി.. ഓണേഴ്സ് ബിരുദം സമ്പാദിച്ചു. 1950-വരെ സെക്രട്ടേറിയറ്റു ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1978-ൽ മലയാള വിഭാഗം തലവനായി രിക്കെ മഹാരാജാസിൽ നിന്നു വിരമിച്ചു. 2006 ഫിബ്രവരി 23 നു എം.കൃഷ്ണൻ നായർ ദിവംഗതനായി.
    അദ്ഭുതകരമായ വായനാ സൗഭാഗ്യം സിദ്ധിച്ച
ഒരെഴുത്തുകാരൻ എന്ന നിലയിൽ സാഹിത്യവിമർശന മേഖലയായിരുന്നു കൃഷ്ണൻ നായരുടെ തട്ടകം. ലോക സാഹിത്യത്തിലെ ഉത്കൃഷ്ട കൃതികൾ മലയാളികളെ പരിചയപ്പെടുത്തുക വഴി അദ്ദേഹം സാഹിത്യ തറവാട്ടിൽ സ്വന്തമായി ഒരിരിപ്പിടം കരസ്ഥമാക്കുകയും ചെയ്തു. എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം വലിയ ആവേശവും ഉത്തേജനവുമാണു വായനക്കാർക്കു നല്കിയത്. 36 വർഷം അദ്ദേഹം ഈ പംക്തി കൈകാര്യം ചെയ്തു. 1969 മുതൽ മലയാളനാട് വാരികയിൽ പ്രത്യക്ഷപ്പെട്ട ഈ പംക്തി, വാരികയുടെ നിലവാരം കുത്തനെ ഉയർത്തി. സാഹിത്യ വാരഫലം വായിക്കാൻ വേണ്ടി മാത്രം ആനുകാലിക വില്പനശാലകളിൽ നീണ്ട നിര കാണാൻ സാധിച്ചിരുന്നു. ഒരു തലമുറ മുഴുവൻ ഒറ്റക്കെട്ടായി വായിച്ചിരുന്ന പംക്തി എന്നു സാഹിത്യ വാരഫലത്തെ വിശേഷിപ്പിക്കാം.

   മലയാള നാടിന്റെ പ്രസിദ്ധീകരണം നിലച്ച ശേഷം കലാകൗമുദി, സമകാലിക മലയാളം എന്നീ വാരികകളിലായിരുന്നു സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണം വരെ ഈപ്രശസ്ത പരമ്പര തുടരുകയും ചെയ്തു.

   വിശ്വസാഹിത്യത്തിൽ, ഭാരതീയ സാഹിത്യത്തിൽ ,മലയാള സാഹിത്യത്തിൽ അതീവ അവഗാഹം നേടിയ കൃഷ്ണൻ നായർ പാശ്ചാത്യ-പൗരസ്ത്യ സാഹിത്യകാരന്മാരെയുംഅവരുടെ കൃതികളെയും നമുക്കു പരിചയപ്പെടുത്തുക മാത്രമല്ല ചെയ്തത്. സമകാലിക പ്രസിദ്ധീകരണങ്ങളിൽ വന്ന കഥകളും കവിതകളുംഅദ്ദേഹത്തിന്റെ നിഷ്കൃഷ്ടമായ നിരൂപണത്തിനു വിധേയമാവുകയും ചെയ്തു. മലയാള കഥാ-കവിതാ സാഹിത്യത്തിലെ നല്ലവയെ കണ്ടെത്തി അതു വായനക്കാരിലേക്കു സംക്രമിപ്പിക്കുവാൻ അദ്ദേഹം സദാ ശ്രമിച്ചിരുന്നു. അതേസമയംതീയതായസൃഷ്ടികൾ അദ്ദേഹത്തിന്റെ നിശിതമായ വിമർശനത്തിനു പാത്രവുമായി. ഇങ്ങനെ ചെയ്തതുകൊണ്ടു തന്നെ ഒരു പാട് ' ചെറുകിട 'സാഹിത്യകാരന്മാർ അദ്ദേഹത്തിന്റെ ശത്രുക്കളുമായി. മുതിർന്ന എഴുത്തുകാർ മുതൽ ഇളമുറ എഴുത്തുകാർ വരെ ഒട്ടൊരു ഭയാശങ്കകളോടെയാണ് ഈ സാഹിത്യ ജ്യോതിഷിയുടെ വാരഫലം വായിച്ചിരുന്നത്. നല്ലതു വായിക്കാനും കൊള്ളാത്തതു തള്ളാനും വായനക്കാരെ ഏറെ സഹായിച്ചു എന്നതു തന്നെയാണു ഈപംക്തിയുടെ ഏറ്റവും മേന്മയാർന്ന സവിശേഷത.

   സാഹിത്യ വാരഫലം സമ്പൂർണ കൃതികൾ, വായനക്കാരാ നിങ്ങൾ ജീവിച്ചിരിക്കുന്നുവോ?, ആധുനിക മലയാള കവിത, ചിത്രശലഭങ്ങൾ പറക്കുന്നു, പനിനീർപ്പുവിന്റെ പരിമളം പോലെ, ശരൽക്കാലദീപ്തി, എം.കൃഷ്ണൻ നായരുടെ പ്രബന്ധങ്ങൾ തുടങ്ങിയവയാണു പ്രധാന കൃതികൾ.ബി.ഡി.ഗോയങ്ക അവാർഡ്, ശ്രീ നാരായണ അക്കാദമി പുരസ്കാരം തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

   സാഹിത്യത്തിലെ അനുദിന സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് അതു വായനക്കാർക്കു പകർന്നു തന്ന, മലയാള സാഹിത്യ രംഗത്തെ സംശുദ്ധമാക്കാൻ ജീവിതാവസാനം വരെ പരിശ്രമിച്ച, ശാന്ത -സൗമ്യ ഭാവമാർന്ന വ്യക്തിത്വത്തിന് ഉടമയായ എം.കൃഷ്ണൻ നായരുടെ ഓർമകൾക്കു മുന്നിൽ അല്പനേരം ആദരപൂർവം നമ്രശിരസ്കരായി നില്ക്കാം ...
 

                         
അക്ബർ കക്കട്ടിൽ .. ഓർമദിനം..
ഫിബ്രവരി 17.
  മലയാള കഥാസ്വാദകരെ അധ്യാപക കഥകളിലൂടെ, ഒരപൂർവ ലോകത്തേക്കു നയിച്ച, നർമത്തിന്റെ വെണ്മ നിറഞ്ഞു തുളുമ്പുന്ന കഥാപ്രപഞ്ചം സൃഷ്ടിച്ച അക്ബർ കക്കട്ടിൽ നമ്മെ വിട്ടുപിരിഞ്ഞിട്ടു മൂന്നു വർഷമായി. അദ്ദേഹത്തിന്റെ ചരമദിനം ഇന്നാണ്.
  കോഴിക്കോട് ജില്ലയിലെ കക്കട്ടിൽ 1954 ജൂലായ് ഏഴിനു ജനിച്ചു. പിതാവ് പി. അബ്ദുള്ള. മാതാവ് സി.കെ. കുഞ്ഞാമിന. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി. വട്ടോളി നാഷണൽ ഹൈസ്കൂളിൽ മലയാളം അധ്യാപകനായി ചേർന്നു. ജോലിയിൽ നിന്നു വിരമിക്കുന്നതുവരെ അദ്ദേഹം ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചു. 2016 ഫിബ്രവരി 17 ന് അക്ബർ കക്കട്ടിൽ അന്തരിച്ചു.
വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ എഴുത്താരംഭിച്ച അക്ബർ മാതൃഭൂമിയിലെ ബാലപംക്തിയിലൂടെയാണു തന്റെ സാഹിത്യ ജീവിതം തുടങ്ങിയത്. കുഞ്ഞുണ്ണി മാഷിന്റെ നിറഞ്ഞ പിന്തുണയും അക്ബറിനു കിട്ടിയിരുന്നു. ആധുനികതയുടെ പിരിമുറുക്കം തെല്ലും ബാധിക്കാതെ, പറയാനുള്ളതു ലളിതമായ ശൈലിയിൽ, ഒട്ടും വക്രീകരിക്കാത അക്ബർ കഥ പറഞ്ഞു പോകുമ്പോൾ നാം അതിൽ രസിച്ചു ലയിച്ചു പോവുക തന്നെ ചെയ്യും.
  അക്ബറിന്റെ ഏറ്റവും പ്രസിദ്ധമായ കഥാസമാഹാരമാണു അധ്യാപക കഥകൾ. ഇതിലെ കഥാപാത്രങ്ങൾ അധ്യാപകരും വിദ്യാലയ സമൂഹവുമാണ്. ഒരു വിഭാഗം അധ്യാപകരുടെ സർഗാത്മക മരവിപ്പും ആശയ ദാരി രിദ്ര്യവും ജാള്യതകളും നർമത്തിൽ പൊതിഞ്ഞു അക്ബർ ചിത്രീകരിക്കുമ്പോൾ ചിലർ നെറ്റി ചുളിച്ചേക്കാം. മറ്റു ചിലർ കുലുങ്ങിച്ചേക്കാം. പടക്കളത്തിലെ അഭിമന്യു എന്ന കഥയിലെ 'അധ്യാപഹയനെ'പ്പറ്റി വിവരിക്കുമ്പോൾ നമ്മുടെ ചുണ്ടിൽ ചിരി വിടരും .. മനസ്സിൽ കരച്ചിലും. അധ്യാപക ഡയറി എന്ന അക്ബർ കക്കട്ടിലിന്റെ ഉപന്യാസ സമാഹാരം വായിക്കുമ്പോൾ നമ്മുടെ കുലുങ്ങിച്ചിരി പൊട്ടിച്ചിരിയായി മാറും. ഈ കൃതിക്ക് അവതാരിക എഴുതിയ ഫലിത പ്രയോഗം കൊണ്ടു ഭാഷയെ സമ്പന്നമാക്കിയ സുകുമാർ അഴിക്കോട്, സഹൃദയാഗ്രേസരൻഎന്നാണു ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. കാരൂർ കഥകളിലെ അധ്യാപകരെപ്പോലെ അക്ബറിന്റെ അധ്യാപകർ ദരിദ്രരല്ല. ഈ കഥാപാത്രങ്ങൾ അതിവിരുദന്മാരും അതി സമർഥന്മാരുമാണ്. എന്നാൽ കുട്ടികളുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം പറയാൻ സാധിക്കാതെ പരുങ്ങുന്ന ആ അധ്യാപകർ നമ്മിൽ അവജ്ഞയാണു സൃഷ്ടിക്കുന്നത്. അക്ബർ തന്റെ കഥകൾക്ക് ആമുഖമായി ചേർത്ത കുറിപ്പും ശ്രദ്ധേയം തന്നെ. " സ്വന്തം മുഖം കണ്ണാടിയിൽ ചെറുചിരിയോടെ നോക്കാൻ കഴിയുന്ന മിത്ര ങ്ങൾക്ക്..."
അക്ബർ കഥകളിൽ ഹാസ്യം നുരഞ്ഞു പ്രവഹിക്കുമ്പോഴും ആ ഹാസ്യത്തിന്റെ പിറകിൽമനുഷ്യന്റെ കണ്ണീരും നിസ്സഹായവസ്ഥയും തെളിഞ്ഞു കാണാനും പറ്റും. സ്കൂൾ ഡയറിയുടെ ഉപപാഠമാ യിച്ചേർത്ത നുറുങ്ങു കഥകൾ .. കാഫറിൻെറ പണി, നിഷ്കളങ്കത കാര്യക്ഷമത, പഠിപ്പിച്ച മാഷ്.. ഇവയൊക്കെ വായിക്കുമ്പോൾ ചിരിക്കണോ കരയണോ എന്ന സംശയമാണു വായനക്കാരിലുണ്ടാവുക.
ശമീലാഫഹ്മി, ഈ വഴി വന്നവർ, മേധാശ്വം അധ്യാപക കഥകൾ, കാദർകുട്ടി ഉത്തരവ്, ആറാം കാലം എന്നീ കഥാസമാഹാരങ്ങളും രണ്ടും രണ്ടും എന്ന നോവലൈറ്റും മൃത്യു യോഗം എന്ന നോവലും സ്കൂൾ ഡയറി, പ്രാർഥനയും പൊരുളും എന്നീ ഉപന്യാസങ്ങളുമാണു പ്രധാന കൃതികൾ. സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, ലളിതകലാ അക്കാദമി മെമ്പർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ചടുലവും, സഹജവുമായ ഭാഷയുടെ പ്രയോക്താവായ, "പദക്കസറത്തുകളുടെ പത്മവ്യൂഹത്തിൽ വായനക്കാരെ തടവിലാക്കാത്ത, " രചനയിൽ സാമൂഹ്യ താല്പര്യം മാത്രം ലക്ഷ്യമിട്ട പ്രിയ അക്ബർ താങ്കളുടെ ഓർമകൾക്കു നക്ഷത്രത്തിളക്കം:.. പ്രണാമം ആ ഓർമകൾക്കു മുന്നിൽ ....




.എൻ.വി.കുറുപ്പ്: സ്മൃതിദിനം.

ഫിബ്രവരി  13



    ശ്രേഷ്ഠ മലയാളത്തിന്റെ ഉത്കൃഷ്ട സന്താനമായ, നവ കാല്പനിക പാരമ്പര്യത്തിലെ സുവർണ ശൃംഖലയായ, "ഒരു മണൽത്തരിയിൽ പ്രപഞ്ചം കാണിച്ചു തന്ന, "പ്രതിപാദനത്തിന്റെ പൊലിമയും പ്രതിപാദ്യത്തിന്റെ മൗലികതയും "കൊണ്ടു മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ജനപ്രിയ കവിയായ ഒ.എൻ.വിയുടെ ചരമദിനം ഇന്നു മലയാളികൾ ആദരപൂർവം ആചരിക്കുകയാണ്.


  കൊല്ലം ജില്ലയിലെ ചവറയിൽ 1931 മെയ് 27നു ഒ.എൻ.കൃഷ്ണക്കുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. മുഴുവൻ പേര് ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്. ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപക നാ യി ജോലിയിൽ പ്രവേശിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കോഴിക്കോട് ആർട്സ് & സയൻസ് കോളേജ്, എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം വിമൻസ് കോളേജിലും മലയാളം വിഭാഗം തലവനായും സേവനമനുഷ്ഠിച്ചു.1986-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു.

ഭാര്യ പി.പി.സരോജിനി. മക്കൾ രാജീവൻ, മായാദേവി.

" ഒരു ഭൂമി, ഒരാകാശം, ഒരു സൂര്യൻ, മനുഷ്യന്‍" എന്നു വിശ്വസിക്കുന്ന, ഈ വിശ്വാസം കവിതകളിലൂടെ മലയാളി മനസ്സിൽ അരക്കിട്ടുറപ്പിച്ച ഒ.എൻ.വി.2016 ഫിബ്രവരി 13 നു നമ്മെ വിട്ടു പിരിഞ്ഞു.


  ഏകാന്തതയുടെ അമാവാസി യിൽ എനിക്കു കൈവന്ന ഒരു തുള്ളി വെളിച്ചമാണു കവിത എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. കവിത അദ്ദേഹത്തിന് ഈഭൂമിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ആർദ്രമായ സാന്ത്വനമാണ്. .എൻ.വി.ക്കവിത മനുഷ്യരാശിക്കാകെ മേന്മയും ശാന്തിയും നേരുന്ന ഒരു പ്രാർഥനയാണ് .ഹൃദയങ്ങളെ ഇണക്കിച്ചേർക്കുന്ന സ്നേഹമന്ത്രമാണ്. വരാനിരിക്കുന്ന കൊടുങ്കാറ്റിനെക്കുറിച്ചുള്ള നെടുവീർപ്പാണ്. നിണ മൊലിക്കുന്ന മുറിവുകൾക്കു സാന്ത്വന സ്പർശമാണ്. ഒപ്പം മാറ്റങ്ങൾക്കു വേണ്ടിയുള്ള ആഹ്വാനവുമാണ്.


  കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായും ജനകീയ സമരങ്ങളുമായും ബന്ധപ്പെട്ടു വികസിച്ച കാല്പനിക അരുണോദയത്തിൽ പിറന്ന ഒ.എൻ.വി.ക്കവിതകൾ മലയാളികൾ മനസ്സറിഞ്ഞാണ് ആസ്വദിച്ചത്. പരിസ്ഥിതി ദർശനവുമായും സമകാലിക മാനവ ജീവിതം നേരിടുന്ന പ്രതിസന്ധികളുമായും ബന്ധപ്പെട്ടു നിരവധി കവിതകളും ഒ.എൻ.വി.രചിച്ചിട്ടുണ്ട്.


  നാടക-ചലച്ചിത്ര ഗാനങ്ങൾ ഒ.എൻ.വിയുടെ നിസ്തുല സംഭാവനകളുള്ള മറ്റൊരു മണ്ഡലമാണ് . .എൻ.വി. ഗാനങ്ങൾ നമ്മുടെ പ്രഭാതത്തെയും പ്രദോഷത്തെയും പ്രസന്നമാക്കുന്നവ തന്നെ. അവ നമ്മുടെ മനസ്സിൽ മാരിവിൽവർണ ഭംഗിയാണു പകർന്നു തരുന്നത്.

" പൊൽ തിങ്കൾക്കല പൊട്ടു തൊട്ട",

"പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ,

"മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ടുവരൂ",

" ഗംഗാ യമുനാ സംഗമ സമതലഭൂമി",

"അമ്പിളിയമ്മാവാ താമരക്കുമ്പിളിൽ "....

ഇങ്ങനെ ആയിരക്കണക്കിനു ഗാനങ്ങൾ. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിമാറി.


  .എൻ.വി 1959 മുതൽ തന്റെ കാവ്യജീവിതം ആരംഭിച്ചു. മയിൽപ്പീലി, ഒരു തുള്ളി വെളിച്ചം, അഗ്നിശലഭങ്ങൾ, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്കൊരു ചരമഗീതം, ശാർങ്ഗകപ്പക്ഷികൾ, തോന്ന്യാക്ഷരങ്ങൾ, മൃഗയ, അപരാഹ്നം, വെറുതെ, സ്വയംവരം, ഉജ്ജയനി, ഭൈരവൻ തുടി, ഈ പുരാതന കിന്നരം, വളപ്പൊട്ടുകൾ, നറുമൊഴി എന്നിവയാണ് ഒ.എൻ.വി കൃതികൾ.


  .എൻ.വി.യെ തേടിയെത്താത്ത പുരസ്കാരങ്ങൾ ഒന്നുമില്ലെന്ന് തന്നെ പറയാം.ജ്ഞാനപീഠ പുരസ്കാരം,പത്മശ്രീ, പത്മവിഭൂഷൺ, കേ ന്ദ്ര-സംസ്ഥാന അവാർഡുകൾ,എന്നിങ്ങനെ നീണ്ടുപോകുന്നു പുരസ്കാരപട്ടിക. ചലച്ചിത്ര ഗാനരചനയ്ക്കു 12 തവണ ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.


  മലയാളിയുടെ മനസ്സിലും ചുണ്ടിലും തത്തിക്കളിക്കുന്ന എത്രയെത്ര വരികൾ.. അവ അഹമഹമിഹയാ എന്റെ മുന്നിലോടിയെത്തുകയാണ്. ചിലതു മാത്രം ഉദ്ധരിക്കാം.


" വേർപിരിയാൻ മാത്രമൊന്നിച്ചു കൂടി നാം

വേദനകൾ പങ്കു വയ്ക്കുന്നു." ( പാഥേയം )"

* " വേദനിക്കിലും വേദനിപ്പിക്കിലും ഒരു

തരി വേണമീ സ്നേഹ ബന്ധങ്ങളൂഴിയിൽ ''

(പെങ്ങൾ )

* "വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും

വെറുതെ മോഹിക്കുവാൻ മോഹം."

(മോഹം )

* " ഉണ്ണീ മറക്കായ്കപ്പക്ഷേ, യൊരമ്മ തൻ

നെഞ്ഞിൽ നിന്നുണ്ടമധുരയൊരാക്കിലും".

( ചോറൂണ്)

* " ഇനിയും മരിക്കാത്ത ഭൂമി!- നിന്നാസന്ന-മൃതിയിൽ നിനക്കാത്മശാന്തി!

ഇത് നിൻെറ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്

ഹൃദയത്തിലിന്നേ കുറിച്ച ഗീതം."

( ഭൂമിക്കൊരു ചരമഗീതം )


  മലയാളിയുടെ മഹാഭാഗ്യമായ, മലയാളത്തിന്റെ ഹൃദയമറിഞ്ഞ ഈ മഹാകവിയുടെ ഓർമകൾക്കു മരണമില്ല. .എൻ.വി.ക്കവിതകളും ഗാനങ്ങളും മലയാളികൾ ആചന്ദ്രതാരം ഉരുവിട്ടു കൊണ്ടേയിരിക്കും. പ്രിയകവി, അങ്ങയുടെ അണയാത്ത സ്മരണകൾക്കു മുന്നിൽ വിദൂര നമസ്കാരം.




വി.ടി.ഭട്ടതിരിപ്പാട് ... ഓർമദിനം
ഫിബ്രവരി 12.

 അഗ്നിഹോത്രിയുടെ നാട്ടിലെ അഗ്നിനക്ഷത്രമായ,നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന കർത്തവ്യമേറ്റെടുത്ത സാമൂഹ്യ പ്രവർത്തകനായ, കഥാകൃത്തും നാടകകൃത്തുമായ വി.ടി.ഭട്ടതിരിപ്പാടിന്റെ സ്മൃതിദിനം ഇന്നു മലയാളികൾ സാദരം ആചരിക്കുകയാണ്‌.

 പഴയ പൊന്നാനി താലൂക്കിലെ മേഴത്തൂർ പ്രദേശത്ത് വെള്ളിത്തിരുത്തി താഴത്തു മനയിൽ 1896 മാർച്ച് 26നു ജനിച്ചു. പൂർണനാമധേയം വെള്ളിത്തിരുത്തി താഴത്തു രാമൻ ഭട്ടതിരിപ്പാട്. അഞ്ചാം വയസ്സിൽ ത്തന്നെ വി.ടി.യെ എഴുത്തിനിരുത്തിയെങ്കിലും അക്ഷരാഭ്യാസത്തിൽ താല്പര്യമില്ലാതിരുന്ന കുടുംബാംഗങ്ങൾ അദ്ദേഹത്തെക്കൊണ്ടു വേദാധ്യായനം നടത്തിച്ചു. ഉപജീവനത്തിനായി മുണ്ടുമുക ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി നോക്കിയ വി.ടി.ഭട്ടതിരിപ്പാട് ആ ജോലി ഉപേക്ഷിച്ചു പഠനത്തിനുള്ള താല്പര്യം മൂലം വിദ്യാലയത്തിൽ ചേർന്നു. പഠനകാലത്തു തന്നെ വിദ്യാർഥി എന്ന ദ്വൈമാസികയുടെ പത്രാധിപരായി. വി.ടി.പിൽക്കാലത്ത് ഉണ്ണി നമ്പൂതിരി, പാശുപതം, ഉദ്ബുദ്ധ കേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ നമ്പൂതിരി സമുദായത്തിലെ കൊള്ളരുതായ്മകൾക്കെതിരെ തൂലിക ചലിപ്പിച്ചു.

 അഹമ്മദാബാദിൽ 1921-ൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തപ്പോൾ കപ്പൽയാത്ര ചെയ്തു എന്ന കാരണത്താൽ വി.ടി ക്കു സമുദായം വിലക്കു കല്പിച്ചു. ഈ അനുഭവമാണു സമുദായം ബഹിഷ്ക്കരിക്കാനും മുഴുവൻസമയ സാമൂഹിക പ്രവർത്തകനാകാനും വി.ടി.യെ പ്രേരിപ്പിച്ചത്.

 വിപ്ലവം പ്രസംഗത്തിൽ മാത്രം പോരാ പ്രവർത്തനത്തിലും വേണ്ടതാണെന്നു വി.ടി. സ്വജീവിതത്തിലൂടെ തെളിയിച്ചു. സ്വന്തം സഹോദരിയെ നായർ യുവാവിനു ഇല്ലത്തു വച്ചുതന്നെ വിവാഹം ചെയ്തു കൊടുത്തു ചരിത്രം
തിരുത്തിക്കുറിച്ചു. ധീരനായ അദ്ദേഹം തന്റെ ഭാര്യയായ ശ്രീദേവി അന്തർജനത്തിന്റെ വിധവയായ സഹോദരിയെ എം.ആർ.ഭട്ടതിരിപ്പാടിനെക്കൊണ്ടു വിവാഹംചെയ്യിപ്പിച്ചതും വിവാദത്തിനു തിരി കൊളുത്തിയ സംഭവമായിരുന്നു.

 സാമുദായിക പരിഷ്കരണത്തെ ലക്ഷ്യം വച്ചാണു വി.ടി.അടുക്കളയിൽ നിന്നു അരങ്ങത്തേക്ക് എന്ന സുപ്രസിദ്ധനാടകം രചിച്ചത്. അന്തർജനങ്ങളെ ഓട്ടു വളയും ഓലക്കുടയും വലിച്ചെറിഞ്ഞു പൊതുരംഗത്തേക്കു വരാൻ ഈ നാടകം ആഹ്വാനം ചെയ്തു. ഇത് അക്കാലത്തു വമ്പിച്ച കോലാഹലം തന്നെ സൃഷ്ടിച്ചു. നമ്പൂതിരി സമുദായത്തിലെ എല്ലാ തരം അന്ധവിശ്വാസങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. സമുദായ പുരോഗതിയിൽ ആധുനിക വിദ്യാഭ്യാസം കൂടിയേതീരൂ എന്നദ്ദേഹം യുവതലമുറയെ പഠിപ്പിച്ചു. വി.ടി.യുടെ എല്ലാ കൃതികളും ശക്തിയേറിയ പ്രചരണോപാധികൾ തന്നെ.

 അടുക്കളയിൽ നിന്നു അരങ്ങത്തേക്കു എന്ന നാടകത്തിനു പുറമേ കരിഞ്ചന്ത എന്ന നാടകവും രജനീ രംഗം , പോംവഴി, വി.ടി.യുടെ തെരഞ്ഞെടുത്ത കഥകൾ എന്നീ കഥാ സമാഹാരങ്ങളും സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു വെടിവട്ടം,കാലത്തിന്റെ സാക്ഷി തുടങ്ങിയ ഉപന്യാസ കൃതികളും രചിച്ചിട്ടുണ്ട്. വി.ടി.യുടെ ഏറ്റവും പ്രശസ്തമായ മറ്റൊരു കൃതി അദ്ദേഹ ത്തിന്റെ ആത്മകഥയായ കണ്ണീരും കിനാവും എന്നതാണ്. 1972ൽ പ്രസിദ്ധീകരിച്ച ഈ ആത്മകഥയ്ക്കു സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

 കർമനിരതമായ തൊണ്ണൂറ്റി രണ്ടു സംവൽസരം പിന്നിട്ടു 1982 ഫിബ്രവരി 12 നു വി.ടി.ഭട്ടതിരിപ്പാട് ദിവംഗതനായി. കേരള നവോത്ഥാന ചരിത്രത്തിൽ ജ്വലിക്കുന്ന അധ്യായം രചിച്ച, സ്വജീവിതം കൊണ്ടു ജാത്യാചാരങ്ങളെ തച്ചുടച്ച,കർമയോഗിയായ വി.ടി.യുടെ ആവേശദായകമായ സ്മരണകൾ നമുക്കെന്നും പ്രവർത്തനോർജത്തിൻ ഉറവ തന്നെ.


No comments:

Post a Comment